തിരുവനന്തപുരം: സാമൂഹ്യമാദ്ധ്യങ്ങളിൽ വൈറലായ തന്റെ എഐ ഡാൻസ് വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അഞ്ച് വയസുള്ള ഒരു കുട്ടി നേരിട്ടെത്തി ഡാൻസ് ഗംഭീരമായിരുന്നുവെന്ന് പറഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ സന്തോഷം നൽകുന്നുണ്ടെങ്കിലും അതിൽ ചില നിയമപ്രശ്നങ്ങൾ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) അതിവേഗ വളർച്ചയ്ക്കൊപ്പം ഉയർന്നുവരുന്ന പുതിയ നിയമപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പുതിയ തലമുറയിലെ നിയമവിദഗ്ധർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യ എത്രമാത്രം വികസിച്ചാലും അതിനൊപ്പം പുതിയ നിയമസാദ്ധ്യതകളും വെല്ലുവിളികളും ഉയർന്നുവരും. അവ തിരിച്ചറിയാനും നിയമപരമായി കൈകാര്യം ചെയ്യാനും കഴിയുന്ന തരത്തിൽ നിയമവിദ്യാഭ്യാസം കാലാനുസൃതമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിലെ വളർച്ച നിയമരംഗത്തും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വർദ്ധിച്ചതോടെ പകർപ്പവകാശം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളിൽ പുതിയ നിയമപ്രശ്‌നങ്ങൾ ഉയർന്നുവരുന്നുണ്ട്. സിനിമാ മേഖലയിലെ പൈറസിയുൾപ്പെടെയുള്ള വിഷയങ്ങളിലും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിയമപരമായ വെല്ലുവിളികൾ വർധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമബിരുദധാരികൾ അഭിഭാഷകവൃത്തിയിൽ മാത്രം ഒതുങ്ങേണ്ടതില്ല. സർക്കാർ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും നിയമപരിശോധനയും നിയമവിദഗ്ധരുടെ സേവനവും ആവശ്യമാണ്. മാറിവരുന്ന സാങ്കേതിക, സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ നിയമമേഖലകളിലേക്ക് നിയമവിദഗ്ധർ കടന്നുവരണം. ഇതിലൂടെ നിയമബിരുദധാരികൾക്ക് വിപുലമായ തൊഴിൽസാധ്യതകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമം ഒരു 'ലിവിംഗ് ലോ' ആണ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ നിയമങ്ങളിലും ചട്ടങ്ങളിലും ഉണ്ടാകണം. ഭരണഘടനയിലും നിരവധി ഭേദഗതികൾ ഉണ്ടായിട്ടുണ്ട്. മാറുന്ന സാമൂഹിക,സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച് കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കുകയും പുതിയ നിയമനിർമാണങ്ങൾ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമവിദ്യാർത്ഥികൾക്ക് ശക്തമായ ഭരണഘടനാപരമായ ബോധം ഉണ്ടായിരിക്കണമെന്നും സംസാരിക്കുമ്പോഴും ചിന്തിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും നിയമപരവും ഭരണഘടനാപരവുമായ ചട്ടക്കൂട് മനസിൽ സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Chief Minister V.D. Satheesan expressed happiness over his viral AI dance video, despite its removal by Meta due to legal concerns. Speaking at a law college graduation, he urged new legal professionals to prepare for challenges from rapidly advancing AI, emphasizing the need for law education to adapt. He highlighted emerging issues in copyright and intellectual property in the AI era.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |