
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിലെ രണ്ട് സുപ്രധാന നിർദ്ദേശങ്ങൾക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നിർദ്ദേശത്തിനും ധാതുമണൽ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിനും എതിരെയാണ് വി.എം. സുധീരൻ രംഗത്തെത്തിയത്. ഈ രണ്ട് നിർദ്ദേശങ്ങളും അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് പ്രഖ്യാപനം യു.ഡി,എഫിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ ലഹരിവിരുദ്ധ വാഗ്ദാനങ്ങൾക്ക് വിരുദ്ധവും ജനങ്ങളോടുള്ള വാഗ്ദാന ലംഘനവുമാണെന്ന് സുധീരൻ കുറ്റപ്പെടുത്തി.
ധാതുമണൽ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം ആലപ്പുഴയിലെ തീരദേശ ജനതയെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണെന്നും സുധീരൻ പറഞ്ഞു. തീരദേശത്തെ തകർക്കുന്ന ഇത്തരം ജനവിരുദ്ധ നിർദ്ദേശങ്ങളിൽ നിന്ന് യു.ഡി.എഫ് സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയോട് കത്തിൽ നിർദ്ദേശിച്ചു. കരിമണൽ കർത്താക്കൻമാർക്ക് ആലപ്പുഴ തീരം തീറെഴുതാനുള്ള ഒരു നീക്കവും നടപടിയും ജനങ്ങൾ വളരെയേറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഈ സർക്കാരിൽ നിന്ന് ഉണ്ടാകരുതെന്നും സുധീരൻ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |