SignIn
Kerala Kaumudi Online
Thursday, 17 September 2026 3.15 PM IST

നന്ദി പറയാൻ നേരിട്ടെത്തി യൂസഫലി: അമ്പരപ്പ് മാറാതെ രാജേഷും ബിജിയും

yoosafaly

കൊച്ചി: എട്ടു മാസം മുമ്പ് രാജേഷ് നിവർത്തിപ്പിടിച്ച കുടയുടെ കീഴിൽ വേദന സഹിച്ച് നടന്ന പനങ്ങാട് മാടവനയിലെ ചെറുപാതയിലൂടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഇന്നലെ വീണ്ടും വന്നു. ഹെലികോപ്ടർ അപകടത്തിൽ നിന്ന് തന്നെയും കുടുംബത്തെയും പുനർജന്മത്തിലേക്ക് കൈപിടിച്ചുകയറ്റിയവരെ നേരിൽ കണ്ട് നന്ദി പറയാൻ.സ്നേഹത്തോടെ ചേർത്ത് നിറുത്തി സമ്മാനങ്ങൾ നൽകാൻ.

സ്വകാര്യവ്യക്തിയുടെ പറമ്പിൽ ഹെലികോപ്ടർ ഇടിച്ചിറങ്ങിയപ്പോൾ രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയ പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.വി. ബിജിയെയും ഭർത്താവ് രാജേഷിനെയും കാണാനാണ് യൂസഫലി എത്തിയത്. 20 മിനിറ്റോളം വീട്ടിൽ ചെലവഴിച്ചു. രാജേഷിന് ചെക്കും സമ്മാനവും മധുരവും നൽകി. "ജീവൻ തിരിച്ച് നൽകിയവർക്ക് എന്ത് നൽകിയാലും മതിയാവില്ല, നന്ദിയും കടപ്പാടും എപ്പോഴുമുണ്ടാകും" എന്ന് പറഞ്ഞ യൂസഫലി, എന്താവശ്യത്തിനും തന്നെ വിളിക്കാമെന്നും അറിയിച്ചു.

രാവിലെ 11ന് റോൾ റോയ്സ് കാറിലാണ് യൂസഫലി എത്തിയത്. ചെറുചിരിയോടെ തൊഴുതും സലാം പറഞ്ഞും വീട്ടിലേക്ക് വന്ന അതിഥി, ഇരുവരുടെയും കൈപിടിച്ച് നമസ്കാരം പറഞ്ഞു.രാജേഷിന്റെ കൈയിലിരുന്ന ഒന്നര വയസുകാരൻ മകനെ വാത്സല്യത്തോടെ കൊഞ്ചിച്ചു. ഇരുവരെയും കൂട്ടി അപകടസ്ഥലത്ത് വീണ്ടും പോയി.ഹെലികോപ്ടർ വീണ പറമ്പിന്റെ ഉടമ പീറ്ററിന്റെ വീട്ടിലെത്തിയും നന്ദി അറിയിച്ചു. പനങ്ങാട് സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരെയും സന്ദർശിച്ച് നന്ദി പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.

കഴിഞ്ഞ ഏപ്രിൽ 11നാണ് പ്രതികൂല കാലാവസ്ഥയെത്തുടർന്ന് യൂസഫലിയും ഭാര്യ ഷാബിറയും സെക്രട്ടറിമാരും സഞ്ചരിച്ച ലുലു ഗ്രൂപ്പിന്റെ അഗസ്റ്റാ വെസ്റ്ര്‌ലാൻഡ് ഹെലികോപ്ടർ പനങ്ങാട്ടെ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്.കോരിച്ചോരിയുന്ന മഴ വകവയ്ക്കാതെ രാജേഷും ബിജിയും ചേർന്നാണ് എല്ലാവരെയും പുറത്തെത്തിച്ചത്. നടുവേദനയുണ്ടെന്നു പറഞ്ഞ യൂസഫലിയെ വീട്ടിൽ നിന്ന് കൊണ്ടുവന്ന കസേരയിലിരുത്തി. തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഓടിയ ബിജി ജീപ്പ് പറഞ്ഞു വിട്ടു. ഇതിലായിരുന്നു യൂസഫലിയെയും ഭാര്യയെയും ആശുപത്രിയിലേക്ക് മാറ്റിയത്. രക്ഷപ്പെടുത്തിയത് ആരെയാണെന്ന് ബിജിയും രാജേഷും പിന്നീടാണ് അറിഞ്ഞത്.

'രാജേഷും ബിജിയും ചെയ്ത മനുഷ്യത്വപരമായ കാര്യത്തിന് നന്ദിപറയാനാണ് നേരിട്ട് വന്നത്'.

-എം.എ. യൂസഫലി

'പതിനായിരങ്ങളെ സഹായിക്കുന്ന മനുഷ്യന് കുഞ്ഞു സഹായം ചെയ്യാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്'.

-രാജേഷ്, ബിജി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOOSAFALY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA