
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ യൂണിറ്റിന് 30രൂപ നൽകി വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു.പ്രതിസന്ധി താൽക്കാലികമാണ്. ഒക്ടോബർ ഒന്നോടെ തീരും.
നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധി ആവർത്തിക്കാനിടയുണ്ട്. അത് ഒഴിവാക്കാനുള്ള പദ്ധതികളാണ് ആലോചിക്കുന്നത്. നിലവിൽ 6000 മെഗാവാട്ട് വരെ വൈദ്യുതി ഉപഭോഗം എത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറിൽ വേണ്ടിവന്നതിനേക്കാൾ 925 മെഗാവാട്ടിന്റെ ഉപഭോഗം ഇപ്പോഴുണ്ടായി.
2030 ഓടെ ഉപഭോഗം 10000 മെഗാവാട്ടിലെത്തും.അത് മനസിലാക്കി ആഭ്യന്തര ഉൽപാദനം കൂടിയിട്ടില്ല. ദീർഘകാല കരാറുമില്ല.അതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.ഇത് മറികടക്കാൻ പുനരുപയോഗ ഉൗർജ്ജ ഉൽപാദനം 6000 മെഗാവാട്ടിലെത്തിക്കും.നിലവിൽ 2500 മെഗാവാട്ടാണ്. ഇത് രാത്രികാലത്ത് ഉപയോഗിക്കാൻ സ്റ്റോറേജ് സംവിധാനം സജ്ജമാക്കും. ഇൗ മേഖലയിൽ സ്വകാര്യനിക്ഷേപം അനുവദിക്കും.പമ്പ്ഡ് സ്റ്റോറേജ് സംവിധാനം നടപ്പാക്കും.പുതിയ ദീർഘകാല കരാറുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്.ജനുവരി മുതൽ അടുത്ത മൺസൂൺ വരെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുമെന്നാണ് സൂചന.എൽനിനോ പ്രതിഭാസമുള്ളതിനാൽ മഴ കുറവും ചൂട് കടുത്തതുമായിരിക്കും.അതനുസരിച്ചുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുക.മുഖ്യമന്ത്രി പറഞ്ഞു.
#പരിസ്ഥിതി ലോലമേഖല:
ജനവാസകേന്ദ്രം ഒഴിവാക്കും
ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കിയാകും പരിസ്ഥിതി ദുർബല മേഖല വിജ്ഞാപനം ഇറക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയെന്നു മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ 131 വില്ലേജുകളാണ് പട്ടികയിലുള്ളത്.ഇത് 98ആയി കുറയ്ക്കാനാണ് ശ്രമം. ഒരു ജനവാസ പ്രദേശവും പരിസ്ഥിതി ലോല മേഖലയാക്കരുതെന്ന ആവശ്യവുമായി താനും പരിസ്ഥിതി മന്ത്രിയും ഡൽഹിക്കു പോയി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
#ഡാൻസ് വീഡിയോ
നീക്കാൻ പറഞ്ഞില്ല:
മുഖ്യമന്ത്രി
തിരുവനന്തപുരം: താൻ ഡാൻസ് ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കിയതിൽ പങ്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ.
മുഖ്യമന്ത്രി എന്ന നിലയിൽ നേരിട്ടോ, മുഖ്യമന്ത്രിയുടെ ഓഫീസോ ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടല്ലാതെ, ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസാണ് അത് നീക്കം ചെയ്തത്. ആ വീഡിയോയിൽ നിയമപ്രശ്നമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അത് ശരിക്കും എൻജോയ് ചെയ്യുന്നതായി തുറന്നു പറഞ്ഞിരുന്നു. അത്ര നന്നായിട്ട് എനിക്ക് നൃത്തം ചെയ്യാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല.യാത്രചെയ്യുമ്പോൾ അത് കണ്ട് രസിക്കുമായിരുന്നു.
ഹൈക്കോടതിയുടെ മീറ്റിംഗിലും ഗവൺമെന്റ് ലോ കോളേജിലെ കോൺവൊക്കേഷനിലും ആ വീഡിയോയെ താൻ സ്വാഗതം ചെയ്തതും ചൂണ്ടിക്കാട്ടി.
#പി.എസ്.സി ചെയർമാൻ പൊലീസിനോട്
സഹകരിച്ചേ പറ്റൂ : മുഖ്യമന്ത്രി
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിൽ എസ്.ഐ.ടിയുമായി സഹകരിക്കില്ലെന്ന് പറയാനുള്ള അധികാരം പി.എസ്.സി ചെയർമാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പൊലീസ് ചോദിച്ചാൽ ചെയർമാൻ മറുപടി പറഞ്ഞേ പറ്റൂ.
വലിയ പരീക്ഷാത്തട്ടിപ്പ് നടത്തിയതിലാണ് അന്വേഷണം. ചോദ്യം ചെയ്യലിന് വഴങ്ങില്ലെന്ന് പറയാൻ, പി.എസ്.സി ചെയർമാന്റേത് പ്രത്യേക പദവിയൊന്നുമല്ല. രേഖകൾ ആവശ്യപ്പെട്ടാൽ കൊടുക്കണം. അല്ലെങ്കിൽ പൊലീസ് നിയമപരമായ മാർഗം തേടും. വളരെ പ്രധാനപ്പെട്ട ആളുകളെ വരെ ചോദ്യം ചെയ്യാൻ വിളിക്കുന്നു.പി.എസ്.സി ചെയർമാന് മാത്രം എന്ത് ഇളവാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
അന്വേഷണങ്ങളോട് സഹകരിക്കുന്നവരാണ് ഭരണത്തിലുള്ളത്. ഒരുകൂട്ടർ ഇ.ഡിയുടെ വണ്ടി തല്ലിപ്പൊളിച്ചിട്ട് എന്താണുണ്ടായത്. 18 അദ്ധ്യാപക റാങ്ക് പട്ടികകളുടെ കാലാവധി ദീർഘിപ്പിക്കാനുള്ള ശുപാർശ പി.എസ്.സി തിരിച്ചയച്ചത് സർക്കാർ പരിശോധിച്ചുവരികയാണ്.
#ഐ.എ.എസ് തലത്തിൽ
ഇനിയും അഴിച്ചുപണി
പൊതുവിദ്യാഭ്യാസ ഡയറക്ടറെ നാലു മാസത്തിനുള്ളിൽ മൂന്ന് തവണ മാറ്റിനിയമിക്കേണ്ടിവന്നത് മന:പൂർവ്വമല്ല, ഐ.എ.എസുകാരുടെ ക്ഷാമം കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിക്കാനും പരിശീലനത്തിനും പോയവർ ഉടൻ തിരിച്ചെത്തും. അതോടെ ഒരുതവണ കൂടി മുതിർന്ന ഐ.എ.എസ് തലത്തിൽ അഴിച്ചുപണി നടത്തേണ്ടിവരും.
#വൈദ്യുതി പ്രതിസന്ധി
ഷോക്കായെന്ന്
മന്ത്രിസഭയിൽ ചർച്ച
തിരുവനന്തപുരം:നാലു മാസം പിന്നിട്ട യു.ഡി.എഫ്.സർക്കാരിന് വൈദ്യുതി പ്രതിസന്ധി വലിയ ഷോക്കായെന്ന് മന്ത്രിസഭാ യോഗത്തിൽ ചർച്ച ..സംസ്ഥാനത്തെ വൈദ്യുതി ഉൽപാദന സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിലും ,വൈദ്യുതി മാനേജ്മെന്റ് കുറ്റമറ്റതാക്കുന്നതിലും ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായെന്ന് യോഗം വിലയിരുത്തി
ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകി അധികാരത്തിലെത്തിയ സർക്കാരിന് ഇത് പേരുദോഷവുമുണ്ടാക്കി.ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു.. ആണവവൈദ്യുതി ലഭ്യമാക്കാൻ സംസ്ഥാനത്തു നിന്നുള്ള സംഘം മുംബയിൽ എത്തിയിട്ടുണ്ടെന്നും രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് പരമാവധി ഒഴിവാക്കണം.അത് പിന്നീട് സർചാർജ്ജ് ബാധ്യതയാവുന്നത് ജനരോഷമുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ടായി. പി.എസ്.സി.റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന സർക്കാർ നിർദ്ദേശം പി.എസ്.സി.നിരാകരിച്ചതും ചർച്ചയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |