SignIn
Kerala Kaumudi Online
Friday, 26 June 2026 1.14 AM IST

'രക്ഷാപ്രവർത്തന ഇര' തോമസ് പിണറായിയെ ശപിച്ച് സഭയിൽ

ed-thomas

തിരുവനന്തപുരം: 'കേരളത്തിന്റെ പ്രതിപക്ഷ നേതാവേ, അങ്ങ് മുഖ്യമന്ത്രി ആയിരിക്കെ ആയിരക്കണക്കിന് അമ്മമാരുടെ കണ്ണുനീർ ഈ കേരളത്തിന്റെ തെരുവോരങ്ങളിൽ വീണിട്ടുണ്ട്. അതിന്റെയെല്ലാം ശാപം നിങ്ങളെ വിടാതെ പിന്തുടരുകയാണ്" ആലപ്പുഴയിൽ നിന്നുള്ള നിയമസഭാംഗം എ.ഡി. തോമസ് നിയമസഭയിലെ ആദ്യപ്രസംഗത്തിൽ വികാരാധീനനായി പറഞ്ഞു. നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ ക്രൂരമർദ്ദനത്തിന് ഇരയായ നേതാവാണ് എ.ഡി.തോമസ്. ഇന്നലെ ബഡ്ജറ്റ് ചർച്ചയിലായിരുന്നു തോമസിന്റെ അരങ്ങേറ്റം.

നിയമസഭാമാർച്ച് നടത്തിയ എ.ഐ.വൈ.എഫ്.പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ നിയമസഭയിൽ വേദനയോടെ പ്രശ്നം ഉന്നയിച്ച പിണറായിവിജയന് കഴിഞ്ഞ 10 വർഷവും സഹജീവിസ്നേഹം എന്ന വികാരം ഉണ്ടായിരുന്നില്ല.

അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്താണ് തെരുവുകളിൽ ഏറ്റവും അധികം ചെറുപ്പക്കാർ ആക്രമിക്കപ്പെട്ടത്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ, ജനാധിപത്യപരമായി മൗലികാവകാശം ഉപയോഗിച്ച് സമരം ചെയ്തതിന്റെ പേരിൽ എത്ര ചെറുപ്പക്കാരുടെ തലയാണ് തല്ലിത്തകർത്തത്.
'ഒരു കറുത്ത തുണിക്കഷ്ണം ഉയർത്തിക്കാണിച്ച് പ്രതിഷേധം പ്രതിഷേധം എന്ന് മുദ്രാവാക്യം വിളിച്ചതിന് എന്നെയും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസിനെയും ആലപ്പുഴ നഗരത്തിലിട്ട് പട്ടിയെ തല്ലുന്നതു പോലെയാണ് തല്ലിയത്. മുഖ്യമന്ത്രിയുടെ ഗൺമാൻ ഇറങ്ങി ഞങ്ങളുടെ തല തല്ലിപ്പൊളിച്ചപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി ആദ്യം അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം അത് രക്ഷാപ്രവർത്തനമാണെന്ന് പറഞ്ഞു!
കേരളത്തിന്റെ നിയമനിർമ്മാണ സഭയിൽ എന്നെപ്പോലെ ഒരു സാധാരണക്കാരന് സംസാരിക്കുവാൻ അവസരമൊരുക്കിയതിന് ഒരു കാരണം ആ രക്ഷാപ്രവർത്തനമാണെന്നും തോമസ് ഓർമ്മപ്പെടുത്തി.

 എം.എൽ.എമാർ സഭയിൽ ഓളം വെട്ടി നടക്കരുത്

ഉല്ലാസയാത്ര നടത്തും പോലെ നിയമസഭയ്ക്കുള്ളിൽ ഓളം വെട്ടി നടക്കരുതെന്ന് എം.എൽ.എമാർക്ക് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ താക്കീത്. സഭയിൽ പ്രസംഗിക്കുന്നവർക്ക് മുന്നിലൂടെ തലങ്ങും വിലങ്ങും പായുന്നതിന് എതിരെയായിരുന്നു താക്കീത്. സീറ്റിലിരുന്ന് നടപടിക്രമങ്ങൾ പഠിക്കാതെ പരക്കം പായുന്ന കന്നി അംഗങ്ങളെ നേരത്തെ സ്പീക്കർ താക്കീത് ചെയ്തിരുന്നു. ഇതു ഫലം ചെയ്യാത്ത സാഹചര്യത്തിലാണ് വീണ്ടും താക്കീത്. സമയ ക്രമം അടിയന്തര പ്രമേയ നോട്ടീസിലെ ചർച്ചകൾക്കും സബ്മിഷനുകൾക്കും സമയക്രമം നിശ്ചയിച്ചു. കാര്യോപദേശക സമിതിയിലെ ധാരണയുടെ അടിസ്ഥാനത്തിൽ നോട്ടീസ് അവതരണത്തിനും വാക്കൗട്ട് പ്രസംഗത്തിനും 10 മിനിറ്റ് വീതവും,സബ്മിഷനുകളിൽ ചോദ്യത്തിനും ഉത്തരത്തിനുമായി നാലു മിനിറ്റ് വീതവുമാണ് അനുവദിച്ചത്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED THOMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA