SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.15 AM IST

കശുഅണ്ടി അഴിമതിക്കേസ്: കോടതി അലക്ഷ്യത്തിൽ മാപ്പപേക്ഷിച്ച് മുഹമ്മദ് ഹനീഷ്

haneesh

കൊച്ചി: കശുഅണ്ടി കോർപ്പറേഷൻ അഴിമതിയിലെ കോടതിഅലക്ഷ്യക്കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചു. കോടതി നിർദ്ദേശത്തിൽ തുടർനടപടി സ്വീകരിക്കാത്തത് ബോധപൂർവമല്ലെന്നും കശുഅണ്ടി വകുപ്പിന്റെ ചുമതലയിൽ നിന്ന് മാറിയതുകൊണ്ടാണെന്നും അറിയിച്ചു. കോടതിഅലക്ഷ്യക്കേസ് അവസാനിപ്പിക്കണമെന്നും അപേക്ഷിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെ‌ഞ്ച് മാപ്പപേക്ഷ തുടർനടപടികൾക്കായി ജൂലായ് രണ്ടിലേക്ക് മാറ്റി.

കോടതി ഉത്തരവുകൾ വായിക്കാനും മനസിലാക്കാനും പ്രാപ്തനല്ലേയെന്ന് കോടതി ഹനീഷിനോട് ചോദിച്ചു. 'അതെ' എന്നായിരുന്നു മറുപടി. കോടതി നിർദ്ദേശം നിങ്ങൾ മനസിലാക്കിയില്ലെന്നും തുടർച്ചയായി അവഗണിച്ചെന്നും സ്വന്തം അഭിപ്രായങ്ങൾ എഴുതിച്ചേർത്തെന്നും കോടതി വാക്കാൽ പറഞ്ഞു. അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് മുന്നറിയിപ്പു നൽകിയതിനെ തുടർന്നാണ് ഹനീഷ് നേരിൽ ഹാജരായത്.

സി.ബി.ഐ അന്വേഷിച്ച കേസിൽ കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ.ചന്ദ്രശേഖരൻ, മുൻ മാനേജിംഗ് ഡയറക്ടർ കെ.എ.രതീഷ് എന്നിവരെ പ്രതിചേർത്തിരുന്നു. ഇരുവരെയും വിചാരണ ചെയ്യുന്നതിനായി സി.ബി.ഐ സമർപ്പിച്ച അപേക്ഷ മുൻ സർക്കാർ മൂന്നുവട്ടം നിരസിച്ചു. ഇതിനിടെയാണ് പരാതിക്കാരനായ കടംകംപള്ളി മനോജ് കോടതിഅലക്ഷ്യ ഹർജി നൽകിയത്.

തീരുമാനമെടുക്കേണ്ടത്

പുതിയ സെക്രട്ടറി

കശുഅണ്ടി വകുപ്പിന്റെ പുതിയ സെക്രട്ടറി കെ.ബിജുവാണ് ഇനി പ്രോസിക്യൂഷൻ അപേക്ഷ പുനഃപരിശോധിക്കേണ്ടത്. അവസാന അവസരമെന്ന നിലയിൽ കോടതി ഇതിന് ജൂലായ് 2വരെ സമയം അനുവദിച്ചിട്ടുണ്ട്. മനസിരുത്തിയുള്ള തീരുമാനമുണ്ടായില്ലെങ്കിൽ ബിജുവിനെതിരെയും കോടതിഅലക്ഷ്യ നടപടിയുണ്ടാകുമെന്ന് സിംഗിൾബെഞ്ച് മുന്നറിയിപ്പുനൽകിയിട്ടുണ്ട്.

2006- 2015 കാലയളവിൽ കശുഅണ്ടി വികസന കോർപ്പറേഷൻ നടത്തിയ തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ ക്രമക്കേട് നടന്നതായാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

ചന്ദ്രശേഖരനെ

കൈവിട്ടേക്കും

തിരുവനന്തപുരം: കശുഅണ്ടി ഇറക്കുമതി അഴിമതി കേസിൽ പ്രതിചേർക്കപ്പെട്ട ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനെ യു.ഡി.എഫ് സർക്കാർ കൈവിട്ടേക്കും. കോടതി നിലപാട് കടുപ്പിച്ചതോടെ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. കേസിൽ പിണറായി സർക്കാർ മൂന്നുതവണ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്നു. കോടതി കടുത്ത നിലപാടെടുത്തതോടെ അനുമതി നൽകാതെ പറ്റില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ എ.ഐ.സി.സി, ഐ.എൻ.ടി.യു.സി നേതൃത്വത്തെ അറിയിക്കും.

''കേസിൽ പ്രോസിക്യൂഷൻ നടപടിവന്നാൽ കോടതിയിൽ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും. പ്രോസിക്യൂഷൻ അനുമതി നൽകുമെന്നത് സംബന്ധിച്ച് തനിക്കൊരു വിവരവും ലഭിച്ചിട്ടില്ല. ഒരു സർക്കാരിനോടും അനുമതി നൽകരുതെന്ന് പറഞ്ഞിട്ടില്ല.

-ആർ.ചന്ദ്രശേഖരൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HANEESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA