SignIn
Kerala Kaumudi Online
Sunday, 07 June 2026 4.40 AM IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സി.പി.എം ഉന്നതർ പ്രതിക്കൂട്ടിൽ, കെ. രാധാകൃഷ്ണനും എ.സി. മൊയ്തീനുമടക്കം വിചാരണനേരിടണം

READ ENGLISH VERSION
karuvannur


 ഇ.ഡിയുടെ അധിക കുറ്റപത്രം അംഗീകരിച്ച് കോടതി
 ജൂലായ് 4ന് നേരിട്ട് ഹാജരാകണം

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയിലേറെ രൂപയുടെ വായ്പാ - നിക്ഷേപ തട്ടിപ്പുകേസിൽ സി.പി.എമ്മിനും ഉന്നത നേതാക്കൾക്കും കുരുക്ക് കൂടുതൽ മുറുകി. ഇവരെ പ്രതികളാക്കി ഇ.ഡി സമർപ്പിച്ച അധിക കുറ്റപത്രം അംഗീകരിച്ച കൊച്ചിയിലെ പ്രത്യേകകോടതി വിചാരണ നേരിടാൻ ഉത്തരവിട്ടു.

എ.സി. മൊയ്തീൻ എം.എൽ.എ, സി.പി.എം തൃശൂർ മുൻ ജില്ലാ സെക്രട്ടറിമാരായ കെ. രാധാകൃഷ്ണൻ എം.പി, എം.എം. വർഗീസ്, ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജൻ, പൊറത്തിശേരി നോർത്ത് ലോക്കൽ സെക്രട്ടറി എ.ആർ. പീതാംബരൻ, പൊറത്തിശേരി സൗത്ത് ലോക്കൽ സെക്രട്ടറി എം.ബി. രാജു തുടങ്ങി 28പേരെ പ്രതിചേർത്താണ് കള്ളപ്പണം തടയൽ നിയമ പ്രകാരമുള്ള അനുബന്ധ കുറ്റപത്രം. ഇവർക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയ പ്രത്യേക ജഡ്ജി പി. ശബരീനാഥൻ ജൂലായ് 4ന് നേരിട്ട് ഹാജരാകാൻ സമൻസ് അയച്ചു. കുറ്റം ചെയ്തതായി പറയുന്ന കാലത്ത് എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും ജനപ്രതിനിധികൾ അല്ലാതിരുന്നതിനാൽ പ്രോസിക്യൂട്ട് ചെയ്യാൻ പ്രത്യേകാനുമതി ആവശ്യമില്ലെന്നും വിലയിരുത്തി.

കേസിൽ 83 പ്രതികളുണ്ട്. 30,​000 പേജുള്ളതാണ് കുറ്റപത്രം. പ്രതിപ്പട്ടികയിൽ സി.പി.എമ്മും​ മൊയ്തീൻ, വർഗീസ്, രാധാകൃഷ്ണൻ എന്നിവരും 67 മുതൽ 70 വരെ സ്ഥാനത്താണ്. ഇ.ഡി കഴിഞ്ഞവർഷമാണ് ആദ്യകുറ്റപത്രം സമർപ്പിച്ചത്. ബാങ്ക് മുൻ ജീവനക്കാരും വടക്കാഞ്ചേരി നഗരസഭാ കൗൺസിലർമാരുമായിരുന്ന പി.ആർ. അരവിന്ദാക്ഷൻ, മധു അമ്പലപുരം എന്നിവരടക്കം 55 പ്രതികൾക്കെതിരെ വിചാരണ തുടങ്ങിയിരുന്നു. ഇ.ഡിക്കുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. സന്തോഷ് ഹാജരായി.

അനധികൃത വായ്പയുടെ കമ്മിഷനിൽ പാർട്ടി കെട്ടിടം

 സി.പി.എം: പാർട്ടി നിയന്ത്രണത്തിലായിരുന്ന ബാങ്കിൽ 2012-13ൽ ഭരണസമിതിയുടെ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് തൃശൂർ ജില്ലാകമ്മിറ്റി ബാങ്ക് ഭരണത്തിന് സബ് കമ്മിറ്റിയെ വച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. ചന്ദ്രൻ ഉൾപ്പടെ അംഗമായിരുന്നു. വലിയവായ്പകൾ അനർഹർക്ക് അനുവദിക്കാൻ സബ്കമ്മിറ്റി നിർദ്ദേശിച്ചു. വായ്പകൾ തിരിച്ചടച്ചില്ല. അങ്ങനെ നിക്ഷേപകരുടെ കോടികൾ ചോർന്നു. ബാങ്കിനെ ചതിച്ചതിൽ പാർട്ടി പങ്കാളിയായി. 2017ൽ പൊറത്തിശേരിയിൽ സ്ഥലംവാങ്ങി പാർട്ടിഓഫീസ് നിർമ്മിക്കാൻ ലോക്കൽ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. പി.ആർ.വൈ ബിൽഡിംഗ് ഫണ്ട് എന്ന പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി. അനധികൃത വായ്പക്കാരിൽ നിന്നുള്ള കമ്മിഷൻ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.

 കെ. രാധാകൃഷ്ണൻ: ബിൽഡിംഗ് ഫണ്ടിന് അക്കൗണ്ട് തുടങ്ങിയ സമയത്ത് ജില്ലാ സെക്രട്ടറി. അനധികൃത വായ്പാക്കാരിൽ നിന്നുള്ള കമ്മിഷനടക്കം അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചു

 എം.എം. വർഗീസ്: ജില്ലാ സെക്രട്ടറിയായിരിക്കെ അക്കൗണ്ടിലെ പണമുപയോഗിച്ച് തന്റെ പേരിൽ പൊറത്തിശേരിയിൽ പാർട്ടി ഓഫീസിന് സ്ഥലംവാങ്ങി. അനധികൃത വായ്പാക്കാരെ വഞ്ചനയ്ക്ക് സഹായിച്ചതിന്റെ പങ്കാണ് കൈപ്പറ്റിയത്

 എ.സി. മൊയ്തീൻ: ബാങ്ക് ഭരണത്തിന് സബ് കമ്മിറ്റിയെ നിയമിക്കാൻ ചുക്കാൻ പിടിച്ചു. അനധികൃത ലോണുകൾ നൽകാൻ ഭരണസമിതിയിൽ സമ്മർദ്ദം ചെലുത്തി. തട്ടിപ്പ് പണം തിരഞ്ഞെടുപ്പാവശ്യത്തിന് ഉപയോഗിച്ചു

 ഏരിയ,ലോക്കൽ സെക്രട്ടറിമാർ: പാർട്ടി ഓഫീസ് നിർമ്മാണത്തിന് ഫണ്ട് കണ്ടെത്തിയതിലെ ക്രമക്കേടിൽ പങ്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KARUVANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA