SignIn
Kerala Kaumudi Online
Monday, 20 July 2026 7.47 PM IST

പൊതിച്ചോറിൽ കൈയിട്ട് പൊള്ളി , പ്രതിപക്ഷത്തിന്  ആയുധമായി

2

തിരുവനന്തപുരം: പൊതിച്ചോർ വിതരണ വിവാദം യു.ഡി.എഫ് സർക്കാരിന് പുതിയ തലവേദനയായി കത്തിക്കയറുന്നു. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെ പാവപ്പെട്ട കൂട്ടിരിപ്പുകാർക്കും രോഗികൾക്കും ഏറെ ആശ്വാസം പകരുന്ന അന്നദാനം പാർട്ടി ലേബലിൽ വേണ്ടെന്നാണ് ആരാേഗ്യമന്ത്രി പറഞ്ഞതെങ്കിലും പ്രതിപക്ഷ കക്ഷികൾക്ക് വീണുകിട്ടിയ രാഷ്ട്രീയ ആയുധമായി വിഷയം മാറി.

ഇന്നലെ ആറൻമുളയിലെത്തിയ മന്ത്രി കെ. മുരളീധരൻ ഡി.വൈ.എഫ്.ഐ ആയാലും സേവാ ഭാരതിആയാലും ആശുപത്രിക്ക് പുറത്തുമതി പൊതിച്ചോർ എന്ന് ആവർത്തിച്ചു. ജനവികാരം എതിരാവുമെന്ന് ബോധ്യമായതോടെ വൈകുന്നേരം മന്ത്രി നിലപാട് മയപ്പെടുത്തി പ്രസ്‌താവന ഇറക്കി. 19 വർഷത്തോളമായി സേവാഭാരതിയും 10 വർഷമായി ഡി.വൈ.എഫ്.ഐയും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണവിതരണം നടത്തുന്നുണ്ട്. വിവാദത്തിന് നിമിത്തമായ ആലപ്പുഴ മെഡിക്കൽ കോളേജിൽ രണ്ടായിരത്തിലേറെ പൊതിച്ചോറാണ് ദിവസവും ഡി.വൈ.എഫ്.ഐ വിതരണം ചെയ്യുന്നത്. മറ്റുപല സന്നദ്ധ സംഘടനകളും ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

ഒരാഴ്ച മുമ്പ് ജി.സുധാകരൻ എം.എൽ.എ ആലപ്പുഴയിൽ വിതറിയ തീപ്പൊരിയാണ് മന്ത്രി ഏറ്റുപിടിച്ചത്. 'ആശുപത്രി കോമ്പൗണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡും വച്ച് കൊടിയും കെട്ടി ഇരിക്കുകയാണ്. അന്നദാനം കൊടുക്കുകയാണ്. പിന്നെ ഗവൺമെന്റിന് ജോലി എന്താ‌?" എന്നുപറഞ്ഞ് സുധാകരൻ പേരെടുത്ത് വിമർശിച്ചത് സേവാഭാരതിയെ ആണെങ്കിലും ചെന്നു കൊണ്ടത് സി.പി.എമ്മിനും ഡി.വൈ.എഫ്.ഐയ്ക്കുമായിരുന്നു. ശനിയാഴ്ച വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ കെ. മുരളീധരൻ, ബാനറും കൊടിയും സ്ഥാപിച്ചുള്ള സൗജന്യ ഭക്ഷണവിതരണം പാടില്ലെന്ന് നിർദ്ദേശിച്ചിരുന്നു.

'മന്ത്രി പൊതിച്ചോറിൽ മണ്ണ് വാരിയിടുകയാണ്. ആര് തടഞ്ഞാലും പൊതിച്ചോർ വിതരണം തുടരും. പൊതിച്ചോറിൽ രാഷ്ട്രീയം കാണുന്നില്ല".

- വി.കെ. സനോജ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി

'പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് ആരും പരാതി പറഞ്ഞിട്ടില്ല.സാമന്തരാജാവിനെപ്പോലെ മന്ത്രി പെരുമാറരുത്".

- പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ

'പൊതിച്ചോർ കഴിച്ചവരൊക്കെ അത് കൊടുത്തവർക്ക് വോട്ട് ചെയ്തിരുന്നെങ്കിൽ കെ.മുരളീധരൻ ഉൾപ്പെടെ പലരും നിയമസഭ കാണുമായിരുന്നില്ല.രാഷ്ട്രീയം കലർത്തരുത്".

- കെ.സുരേന്ദ്രൻ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ്

 ആഹാരം കൊടുക്കുന്നതിന് എതിരല്ല: മന്ത്രി മുരളീധരൻ

ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് മന്ത്രി കെ. മുരളീധരൻ. വിവാദം ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടതാണ്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സ്ഥലം കൈയേറി. ഇത് അംഗീകരിക്കാനാകില്ല. ആഹാരം കൊടുക്കുന്നതിനല്ല. മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. എല്ലാവരുടെയും സഹകരണം വേണം. ആഹാരത്തിന് രാഷ്ട്രീയവും മതവും ജാതിയുമില്ല. അത് ആര് കൊടുക്കുന്നുവെന്നത് വിഷയമല്ലെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA