
കോഴിക്കോട്: കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് കേരളത്തിൽ പാർട്ടിക്ക് അടിത്തറ പണിയാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തോടെയാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ നിന്ന് പടിയിറങ്ങുന്നതെന്ന് കെ.സുരേന്ദ്രൻ. കാലം മാറുകയാണ്. അധുനികകാലത്ത് പാർട്ടിയെ കേരളത്തിൽ നയിക്കാൻ യോഗ്യനായ വ്യക്തിത്വമാണ് രാജീവ് ചന്ദ്രശേഖർ. എവിടെനിന്നും കെട്ടിയിറക്കപ്പെട്ട ആളല്ല രാജീവ്. മൂന്നുപതിറ്റാണ്ടായി എം.പിയായും കേന്ദ്രമന്ത്രിയായും രാജീവ് കേരളത്തിലുണ്ടായിരുന്നു. പാർട്ടിക്ക് അദ്ദേഹം പകർന്ന ശക്തി വളരെ വലുതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അഞ്ചുവർഷം പാർട്ടിക്ക് നൽകിയ സംഭാവന ?
ഏറ്റവും നിർണായക ഘട്ടത്തിലാണ് 2020 ഫെബ്രുവരിയിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തിയത്. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകുമ്പോഴേയ്ക്കും ലോക്ഡൗൺ എത്തി. കൊവിഡ് കാലത്ത് ഓൺലൈൻ മീറ്റിംഗുകളിലൂടെയാണ് പാർട്ടിയെ നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയം സംഭവിച്ചെങ്കിലും കേരളത്തിൽ ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം വലിയതോതിൽ വർദ്ധിച്ചു. വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് പാർട്ടിക്ക് മികച്ച അടിത്തറയുണ്ടാക്കാൻ കഴിഞ്ഞത് നേട്ടമായി കാണുന്നു.
ഏറ്റവും വലിയ നേട്ടം എന്താണ്?
കേരളത്തിൽ നിന്നും ജനം തിരഞ്ഞെടുത്തൊരു ലോക്സഭാംഗം സുരേഷ് ഗോപിയിലൂടെ ഉണ്ടായില്ലേ. അതിൽ പാർട്ടി പ്രസിഡന്റ് എന്നനിലയിൽ അഭിമാനമുണ്ട്. തിരുവനന്തപുരവും ആറ്റിങ്ങലും കൂടി കിട്ടുമായിരുന്നു. കുറച്ചുകൂടി സമയം പ്രചാരണത്തിന് കിട്ടിയിരുന്നെങ്കിൽ രാജീവ് ചന്ദ്രശേഖറിന്റെ വിജയം ഉറപ്പായിരുന്നു. വലിയ രീതിയിലാണ് ബി.ജെ.പിയിലേക്ക് പുതിയ വോട്ടുകളുടെ ഒഴുക്കുണ്ടായത്.
കേരളത്തിൽ പ്രസിഡന്റാകാൻ യോഗ്യരായ ഒരുപാടു പേരുണ്ടല്ലോ?
രാജീവ് ചന്ദ്രശേഖറെന്താ മലയാളിയല്ലേ. കേരളത്തിന്റെ വികസന രംഗത്ത് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വളരെ വലുതാണ്. പിന്നെ, കേരളത്തിൽ ഒരുപാട് നേതാക്കളുണ്ടെന്ന കാര്യം. അത് നിലവിലെ പ്രസിഡന്റ് എന്നനിലയിൽ തനിക്ക് പ്ലസ് പോയിന്റാണ്. കേരളത്തിൽ പാർട്ടിയെ നയിക്കാൻ പ്രാപ്തിയുള്ള ആറോ ഏഴോ പേരുണ്ട്. എം.ടി.രമേശും ശോഭാ സുരേന്ദ്രനുമടക്കം. അവർക്കൊന്നും പ്രായപരിധി കഴിഞ്ഞിട്ടില്ല. ഇനിയും അവസരങ്ങളുണ്ട്. ഇപ്പോൾ പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിച്ചത് രാജീവിനെയാണ്. അപ്പോൾ ഒറ്റക്കെട്ടായി എല്ലാവരും അതിന് പിന്തുണ നൽകും. പാർട്ടിയാണ് വലുത്.
കേരളത്തിൽ നിന്ന് വീണ്ടുമൊരു ഗവർണർ കൂടിയുണ്ടാകുമോ?
അങ്ങനെ ഒരു സ്ഥാനമാനവും മോഹിച്ച് പാർട്ടിയിലേക്ക് വന്നതല്ല ഞാൻ. പർട്ടി പറയുന്നത് കേൾക്കുന്നു. ഏത് ചുമതല നൽകിയാലും അതിനൊപ്പമുണ്ടാകും. സുരേന്ദ്രൻ എവിടെ ഇരിക്കണമെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |