SignIn
Kerala Kaumudi Online
Thursday, 24 September 2026 10.03 PM IST

'കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്, എന്റെ സുഹൃത്തുക്കൾക്ക് സംഭവിച്ചിട്ടുണ്ട്'; എല്ലാം മാറിമറിയാൻ ഒരു രാത്രി മതിയെന്ന് പത്മജ

READ ENGLISH VERSION
padmaja-venugopal

തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നും തന്റെ ചില സുഹൃത്തുക്കളുടെ മക്കൾ അതിന് ഇരകളാണെന്നും മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ. ലൗ ജിഹാദായിട്ട് ഉണ്ടെന്ന് തനിക്കൊരു കൺഫർമേഷനും കിട്ടിയിട്ടില്ല. എന്നാൽ നടക്കുന്നുണ്ടെന്നാണ് പലരും പറയുന്നതെന്നും പത്മജ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

'പല അച്ഛനമ്മമാരും എന്റെ അടുത്തുവന്നിട്ട് പറയുന്നത് ലൗ ജിഹാദ് ഉണ്ടെന്നാണ്. ഞങ്ങളുടെ മകളെ ബ്രെയിൻവാഷ് ചെയ്തു എന്നുള്ള സങ്കടങ്ങൾ പറയാറുണ്ട്. ലൗ ജിഹാദ് എന്നത് ശരിയാണോ തെറ്റാണോ എന്നതിനെക്കുറിച്ച് ഒരു അന്വേഷണം നടത്തേണ്ടതുണ്ട്. ഇന്നത്തെ തലമുറ പലതും പഠിക്കണം. ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല. ഇങ്ങനെ ഉണ്ട് എന്ന് വാർത്ത പരക്കുമ്പോൾ അതിനെക്കുറിച്ച് മെസേജ് കുട്ടികൾക്ക് കൊടുക്കുന്നത് നല്ലതാണ്. അപ്പോൾ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് അവർക്ക് മനസിലാകുമല്ലോ' കേരളത്തിൽ പലയിടത്തും ദി കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന പശ്ചാത്തലത്തിലായിരുന്നു പത്മജയുടെ പ്രതികരണം.

മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ ഇനിയും ബിജെപിയിലേക്ക് വരുമെന്നതിൽ തനിക്ക് ഉറപ്പുണ്ടെന്നും തലേദിവസംവരെ കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ച താൻ ഒരുദിവസം രാത്രിയിലാണ് ബിജെപിയിൽ പോകാൻ തീരുമാനമെടുക്കുന്നതെന്നും പത്മജ പറഞ്ഞു. ഒരുരാത്രി മതി കാര്യങ്ങൾ മാറിമറിയാനെന്നും അവർ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾ ഇപ്പോൾ ബിജെപിയാേട് അടുത്തുകൊണ്ടിരിക്കുകയാണെന്നും തൃശൂർ മണ്ഡലത്തിലുൾപ്പടെ അവരുടെ പിന്തുണ ബിജെപിക്ക് ലഭിക്കുമെന്നും പത്മജ പറഞ്ഞു.

അതേസമയം, കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ ശക്തമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമയാണ് കേരള സ്റ്റോറിയെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ എവിടെയാണ് ഇങ്ങനെയൊക്കെ നടക്കുക എന്നും ചോദിച്ചു.

'ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകാരുമാണ് ആഭ്യന്തര ശത്രുവെന്നാണ് പണ്ട് ഹിറ്റ്‌ലർ പറഞ്ഞിരുന്നത്. ആർഎസ്‌എസ് ഇത് അതേപടി പകർത്തി. പേരിലേ മാറ്റമുള്ളൂ വാചകം ഒന്നാണ്. അവിടെ ജൂതരാണെങ്കിൽ ഇവിടെ ന്യൂനപക്ഷങ്ങളിൽ പ്രബലർ മുസ്ലീമും ക്രിസ്‌ത്യാനിയുമാണ്. ഈ ആഭ്യന്തര പ്രശ്നത്തിന് പരിഹാരം കാണുന്നതിലും ആർഎസ്‌എസ് ഒരു നിലപാടെടുത്തിട്ടുണ്ട്. ജർമനിയുടെ വഴി സ്വീകരിക്കുമെന്നാണ് അവർ പറഞ്ഞത്. ജർമനി എന്താണ് ചെയ്‌തതെന്ന് നമുക്കറിയാം. എത്ര വലിയ കൂട്ടക്കൊലയാണ് നടന്നത്. ഓരോ ഘട്ടത്തിലും ഓരോ ജനവിഭാഗങ്ങൾക്ക് നേരെയാണ് അവർ തിരിയുക. ഓരോ വിഭാഗത്തെയും മറ്റൊരു വിഭാഗത്തിന് നേരെ തിരിച്ചുവിട്ട് തങ്ങളുടെ ഉദ്ദേശങ്ങൾ നേടാൻ പറ്റുമോ എന്ന ശ്രമം നടത്തും. ആ കെണിയിൽ വീഴരുത്. സംഘപരിവാർ അജണ്ടയുടെ ഭാഗമായി മാറരുത്. '- മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PADMAJA, LOVE JIHAD, CONGRESS, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA