
തിരുവനന്തപുരം: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തെ ലഘുലേഖ ഇറക്കി ജനങ്ങളോട് രാഷ്ട്രീയമായി വിശദീകരിക്കാൻ സി.പി.എം. ബി.ജെ.പി-യു.ഡി.എഫ് ഡീലെന്ന ആരോപണമുയർത്തിയാവും പ്രതിരോധം. ക്രൈംബ്രാഞ്ച് അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാൻ ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ജനങ്ങളോട് അന്വേഷണത്തിന്റെ പിന്നിലെ രാഷ്ട്രീയം വിശദീകരിക്കാൻ ഗൃഹസന്ദർശനം ഉൾപ്പെടെ നടത്തും.
സി.എം.ആർ.എൽ കമ്പനിയും ആദായ നികുതി വകുപ്പും തമ്മിലുള്ള തർക്കത്തിന്റെ മറവിൽ ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സി.പി.എം വേട്ട നടത്തുകയാണെന്ന് വിശദീകരിക്കും. കേരളത്തിലെ സി.പി.എം നേതാക്കളെ കേസിൽപ്പെടുത്തി പാർട്ടിയെ ദുർബലമാക്കി അടുത്ത തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ജനങ്ങളോട് പറയും. സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അന്വേഷണം പ്രഖ്യാപിച്ചത്. ലോഡ്‌ഷെഡിംഗ് ഉൾപ്പെടെ ജനങ്ങളെ ബാധിക്കുന്ന നിരവധി ആരോപണങ്ങൾ ചർച്ചാ വിഷയമാകാതിരിക്കാനാണ് ശ്രമം. സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന് സമ്മതിച്ച രണ്ട് മന്ത്രിമാർക്കെതിരെ അന്വേഷണമില്ല. കേന്ദ്ര സർക്കാർ നടത്തുന്ന രാഷ്ട്രീയ വേട്ടയ്ക്ക് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് സി.പി.എം ആരോപിക്കുന്നു. അന്വേഷണത്തിന് അനുമതി നൽകിയ സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ ഘടകകക്ഷികളെ കൂടി പങ്കെടുപ്പിക്കാനും സി.പി.എം ആലോചിക്കുന്നു. എന്നാൽ, സി.പി.ഐയുടെ പിന്തുണ ലഭിക്കുമോ എന്നതിൽ നേതൃത്വത്തിന് ആശങ്കയുണ്ട്. ലാവ്ലിൻ കേസുമായി താരതമ്യപ്പെടുത്തിയാണ് പിണറായിക്കും റിയാസിനുമെതിരായ അന്വേഷണത്തെ സി.പി.എം പ്രതിരോധിക്കാനൊരുങ്ങുന്നത്. ലാവ്ലിൻ കേസിന്റെ പേരിൽ കാൽ നൂറ്റാണ്ടിലേറെ അന്വേഷിച്ചിട്ടും പിണറായി വിജയനെതിരെ ഒരു തെളിവും കൊണ്ടു വരാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല. രാഷ്ട്രീയമായ മറ്റൊരു വേട്ടയാടലാണ് പുതിയ അന്വേഷണത്തിലൂടെ യു.ഡി.എഫ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് സി.പി.എം വിമർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |