
പാലാ : പാലാ നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഭരണ പക്ഷം പിന്തുണച്ചതോടെ പാസായി. കേരളാ കോൺഗ്രസ് ( എം) പ്രതിനിധിയായ ഷാജു മുൻധാരണ പാലിച്ച് രാജി വയ്ക്കാതിരുന്നതോടെയാണ് സ്വന്തം പക്ഷക്കാർ തന്നെ എതിർത്ത് വോട്ട് ചെയ്ത അസാധാരണ സംഭവം അരങ്ങേറിയത്.
പ്രതിപക്ഷത്തെ ഒൻപതും, ഭരണപക്ഷത്തെ 14 ഉം അംഗങ്ങളാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തത്. എന്നാൽ വോട്ടെടുപ്പിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു. ഭരണപക്ഷ കൗൺസിലർമാർ ഒന്നടങ്കം അനുകൂലിച്ച് വോട്ടുചെയ്തു. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിലായിരുന്ന ഷാജുവും, ഭരണപക്ഷ അംഗങ്ങളായ ഷീബ ജിയോയും, അഡ്വ. ബിനു പുളിക്കക്കണ്ടവും പങ്കെടുത്തില്ല. 26 അംഗങ്ങളാണ് ആകെയുള്ളത്. എൽ.ഡി.എഫിന് 17 ഉം യു.ഡി.എഫിന് 9 ഉം . കേരള കോൺഗ്രസ് എം : 10, സി.പി.എം : 6, സി.പി.ഐ : 1, കോൺഗ്രസ് : 5, കേരള കോൺഗ്രസ് ജോസഫ് : 3, യു.ഡി.എഫ് സ്വതന്ത്രൻ : 1 എന്നിങ്ങനെയാണ് കക്ഷിനില.
''അവിശ്വാസത്തിലൂടെ ചെയർമാനെ പുറത്താക്കേണ്ടി വന്നതിൽ സന്തോഷമില്ല. പാർട്ടിയുടെ അച്ചടക്കവും ഉടമ്പടിയും പാലിക്കാനാണിത്.
-പ്രൊഫ.ലോപ്പസ് മാത്യു, കേരള കോൺ.(എം) ജില്ലാ പ്രസിഡന്റ്
'47 വർഷം ഞാൻ വിശ്വസിച്ച പാർട്ടിയിലെ ചില പുതുമുഖക്കാർ എന്നോട് ചെയ്തത് നീതിയാണോ എന്നുള്ളത് കാലം തെളിയിക്കും. മാർച്ച് 31 വരെ സാവകാശം ആവശ്യപ്പെട്ടിരുന്നു.
-ഷാജു വി.തുരുത്തൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |