
തിരുവനന്തപുരം: പത്ത് വർഷം തുടർച്ചയായി കേരളത്തിന്റെ ഭരണസാരഥ്യം വഹിച്ച് ചരിത്രം ചമച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ 81-ാം ജന്മദിനം ഇന്നലെ ആഘോഷങ്ങളില്ലാതെ കടന്നുപോയി. ബേക്കറി ജംഗ്ഷന് സമീപത്തെ വീട്ടിൽ ഇന്നലെ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു അദ്ദേഹം. പിറന്നാളാഘോഷവും സദ്യവട്ടങ്ങളും പതിവില്ലാത്തതിനാൽ മറ്റൊരു സാധാരണ ദിവസം പോലെ.
എന്നാൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു.
മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കഥാകൃത്ത് പത്മനാഭൻ, ചലച്ചിത്ര താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ നേരിൽ വിളിച്ച് ആശംസകൾ അറിയിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും നിരവധിപേർ പിറന്നാൾ ആശംസ നേർന്നു.
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ പിണറായിയിൽ മുണ്ടയിൽമരോളി കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും ഇളയ മകനായി 1945 മേയ് 24 നാണ് അദ്ദേഹത്തിന്റെ ജനനം. ഇപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കുന്ന പിണറായി ബ്രണ്ണൻകോളേജിൽ ബിരുദവിദ്യാർത്ഥിയായിരിക്കെ കെ.എസ്.എഫിന്റെ ജില്ലാ സെക്രട്ടറിയായിട്ടാണ് രാഷ്ട്രീയരംഗത്ത് സജീവമാവുന്നത്. 1970-ൽ 26-ാം വയസിൽ കൂത്ത്പറമ്പ് നിയമസഭാ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. വിവിധ മണ്ഡലങ്ങളിൽ നിന്ന് ഏഴുതവണ നിയമസഭാംഗമായ അദ്ദേഹം പാർട്ടി ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി പദങ്ങൾവഹിച്ചു. വൈദ്യുതി മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |