SignIn
Kerala Kaumudi Online
Saturday, 26 September 2026 8.05 AM IST

'നന്ദകുമാറിൽ നിന്ന് പത്ത് ലക്ഷം വാങ്ങി, ഭൂമി വിൽപനയുടെ അഡ്വാൻസ് തുക; വഞ്ചിച്ചത് കൊണ്ട് തിരികെ കൊടുത്തില്ല'

READ ENGLISH VERSION
shobha-surendran-

ആലപ്പുഴ: ദല്ലാൾ നന്ദകുമാറിൽ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ച് ബിജെപി നേതാവും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായി ശോഭാ സുരേന്ദ്രൻ. തന്റെ സഹോദരീ ഭർത്താവിന്റെ ക്യാൻസർ ചികിത്സ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്ത് തന്റെ പേരിലുള്ള എട്ട് സെന്റ് സ്ഥലം വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചിരുന്നു. ഇക്കാര്യം സമ്മതിച്ച് ഭൂമി ഇടപാടിന്റെ അഡ്വാൻസായി തന്ന തുകയാണ് പത്ത് ലക്ഷമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

സ്ഥലം വാങ്ങാമെന്ന കാര്യം സമ്മതിച്ച് പത്ത് ലക്ഷം കാഷായി തരാമെന്ന് പറഞ്ഞു. പക്ഷേ, അക്കൗണ്ട് വഴി മതിയെന്ന് ഞാൻ പറഞ്ഞു. ഈ ഭൂമിയിടപാടിന്റെ അഡ്വാൻസായാണ് തുക വാങ്ങിയത്. ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താൻ അഡ്വാൻസ് തുക തിരികെ നൽകാതിരുന്നത്. എന്റെ ഭൂമി ആർക്കും ഇതുവരെ വിറ്റിട്ടില്ല. നന്ദകുമാറിന് ഭൂമി മാത്രമേ നൽകൂവെന്നും ശോഭ വ്യക്തമാക്കി.

ആലപ്പുഴയിൽ താൻ ജയിക്കുമെന്ന് മുന്നിൽ കണ്ടാണ് ദല്ലാൽ നന്ദകുമാർ ആരോപണം ഉന്നയിച്ചത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് നന്ദകുമാർ തൃശൂരിൽ വന്ന് കണ്ടിട്ടുണ്ട്. സിപിഎമ്മിലെ ചില പ്രമുഖരെ ബിജെപിയിൽ എത്തിക്കാമെന്ന് പറഞ്ഞാണ് എത്തിയത്. പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിൽ ചേർക്കാമെന്ന് പറഞ്ഞ് ബിജെപി ദേശീയ ഓഫീസിൽ നിരങ്ങിയവനാണ് നന്ദകുമാർ.

സിപിഎമ്മിനെ പിളർക്കാൻ ശ്രമിച്ചു. പിണറായി ഒഴിച്ച് ആരെ കിട്ടിയാലും ഞങ്ങൾ സ്വീകരിക്കും. നേതാക്കളെ സ്വീകരിക്കുന്നതിന് മുമ്പ് അയാളെ കുറിച്ചുളള ചരിത്രം പഠിക്കും. എന്നാൽ ദല്ലാൾ കോടികളാണ് ദില്ലിയിലെ നേതാക്കളോട് സിപിഎം നേതാവിനെ എത്തിക്കാൻ ചോദിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ യാത്ര നടക്കുമ്പോൾ തന്റെ രാമനിലയത്തിലെ മുറിയിൽ ഉന്നത സിപിഎം നേതാവ് വന്നു ചർച്ച നടത്തി. ഇത് എന്തിനെന്നു നന്ദകുമാർ പറയട്ടെ. അന്ന് ഈ സിപിഎം നേതാവ് സിപിഎം പിളർത്തുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, ശോഭ സുരേന്ദ്രന് 2014ൽ പത്ത് ലക്ഷം രൂപ നൽകി തിരിച്ചുനൽകാത്ത സംഭവമാണ് നന്ദകുമാർ ഇന്ന് വെളിപ്പെടുത്തിയത്. പണം നൽകിയതിന്റെ ബാങ്ക് രസീതും അദ്ദേഹം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. പണം തിരികെ നൽകണമെന്ന് ശോഭ സുരേന്ദ്രന്റെ സന്തത സഹചാരികളോട് പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് വരുമ്പോൾ തരാം എന്നാണ് അവർ പറഞ്ഞതെന്നും നന്ദകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHOBA SURENDRAN, BJP, KERALA, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA