
ന്യൂഡൽഹി: തന്റെ ലേഖനത്തിൽ പറഞ്ഞത് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും ശശി തരൂർ. തന്റെ നിലപാടുകൾ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയിൽ വ്യക്തമാക്കിയെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയെ കണ്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചില വിഷയങ്ങൾ ധരിപ്പിക്കാനുള്ളതിനാൽ രാഹുലിനെ കാണണമെന്ന് താത്പര്യപ്പെത് താനാണ്. അര മണിക്കൂർ നീണ്ട നല്ല കൂടിക്കാഴ്‌ചയായിരുന്നു. അഭിപ്രായങ്ങൾ അറിയിച്ചു. പരാതി പറയാൻ പോയതല്ല. തിരഞ്ഞെടുപ്പ് ചുമതലകൾ അടക്കമുള്ള കാര്യങ്ങളും ചർച്ചയായില്ല. ചർച്ചയുടെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ല.ലേഖനത്തെക്കുറിച്ചുള്ള വിമർശനങ്ങൾ കാര്യമാക്കുന്നില്ല. കേരളത്തിൽ തൊഴിലില്ലായ്മ പരിഹരിക്കാൻ സ്റ്റാർട്ട് അപ്പുകൾ വരണമെന്ന വർഷങ്ങളായുള്ള തന്റെ നിലപാടാണ് വ്യക്തമാക്കിയത്. അതിനെ പിന്തുണയ്‌ക്കുന്ന ചില വിവരങ്ങൾ ആധാരമാക്കി ലേഖനമെഴുതി. വിവരങ്ങൾ തെറ്റാണെന്ന് ബോധ്യമായാൽ തിരുത്തും.
ഡി.വൈ.എഫ്.ഐയുടെ ക്ഷണം നിരസിച്ചു
തിരുവനന്തപുരത്ത് മാർച്ച് 1,2 തിയതികളിൽ നടക്കുന്ന 'മഫാസോ' സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഡി.വൈ.എഫ്.ഐ നേതാക്കൾ തന്നെ ക്ഷണിച്ചെന്ന് ശശി തരൂർ പറഞ്ഞു. ആ സമയത്ത് മറ്റൊരു പരിപാടി ഏറ്റതിനാൽ പറ്റില്ലെന്ന് പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റെ സ്റ്റാർട്ട് അപ്പ് നിലപാടിനെ പിന്തുണച്ച് ലേഖനമെഴുതിയത് വിവാദമായതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ പരിപാടിയിലേക്ക് തരൂരിന് ക്ഷണം ലഭിക്കുന്നത്. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹിം, സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ എന്നിരാണ് തരൂരിന്റെ ഡൽഹി വസതിയിലെത്തി ക്ഷണിച്ചത്.
'തരൂർ 'അത്ര വലിയ ദ്രോഹമൊന്നും ചെയ്തിട്ടില്ല'
കോൺഗ്രസിനെ വെട്ടിലാക്കിയ ശശിതരൂർ എം.പിയെ ന്യായീകരിച്ച് വീണ്ടും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. അത്ര വലിയ ദ്രോഹമൊന്നും തരൂർ ചെയ്തിട്ടില്ല.പാർട്ടിക്കതൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല.അദ്ദേഹത്തിന്റെ പ്രസ്താവന ചിലർ വ്യാഖ്യാനിച്ച് വലുതാക്കിയതാണ്. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തരൂരിനെ താൻ വിളിച്ചിരുന്നെന്നും ഇത്തരം പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാർട്ടിതലത്തിൽ തീരുമാനമെടുത്തതോടെ ആ വിഷയം അവിടെ തീർന്നു.കോൺഗ്രസിലെ നേതാക്കളിൽ പല സ്വഭാവക്കാരുണ്ട്. അവർ അവരുടേതായ രീതിയിൽ പ്രതികരിക്കും.എന്നാൽ അതൊന്നും ഉള്ളിൽ തട്ടിയല്ലെന്നാണ് വിശ്വസിക്കുന്നത്. വ്യവസായമേഖലയിൽ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് വലിയ പുരോഗതിയാണുണ്ടായതെന്നൊന്നും ഞാൻ സമ്മതിച്ചിട്ടില്ല.തരൂർ പറഞ്ഞത് കണ്ടീഷണലാണ്.പൂർണമായ രീതിയിലുള്ള കമന്റൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. തരൂർ പറഞ്ഞതിൽ അങ്ങനെയൊരർത്ഥവുമില്ല. ശശി തരൂരിന്റേത് പിശകാണെന്ന് പറയുന്നില്ല. അർദ്ധസത്യം ഉണ്ടെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം. അത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്.തരൂർ അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നാണ് കോൺഗ്രസ് നേതൃത്വം എന്ന നിലയ്ക്ക് വ്യക്തമാക്കാനുള്ളത്. സംസാരം നിർത്താൻ പറഞ്ഞപ്പോൾ എല്ലാവരും നിർത്തി. ഡി.വൈ.എഫ്.ഐ ക്ഷണിച്ച പരിപാടിയിലേക്ക് തരൂർ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |