
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കം യുഡിഎഫ് സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമഗ്ര ശിക്ഷാ പദ്ധതിയുടെ ഫണ്ട് തടഞ്ഞുവച്ച് കേരളത്തിലെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ കുട്ടികളുടെ പഠനത്തെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനെതിരെ പോരാടിയ എൽഡിഎഫ് സർക്കാരിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഇപ്പോൾ കേന്ദ്രത്തിന്റെ പാദസേവ ചെയ്യുന്ന യുഡിഎഫ് സർക്കാർ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
അതേസമയം, പി എം ശ്രീയിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കിയത്. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ് പുതിയ സർക്കാർ. അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യമില്ല.കഴിഞ്ഞ സർക്കാർ ഒപ്പിട്ട് പണം വാങ്ങിയിട്ടുണ്ട്. റിപ്പോർട്ടുകൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.
വി ശിവൻകുട്ടിയുടെ പോസ്റ്റിന്റെ പൂർണരൂപം
സംഘപരിവാർ അജണ്ടയായ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പ് അതിഭീകരമാണ്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടപ്പോൾ ഞങ്ങളെ 'സംഘി'യെന്നും 'ഒറ്റുകാർ' എന്നും വിളിച്ച് ആക്ഷേപിച്ച വി ഡി സതീശനും കെ.സി വേണുഗോപാലും, പദ്ധതി നടപ്പാക്കില്ലെന്ന് പ്രസംഗിച്ച കെ.എം ഷാജിയും ഇന്ന് എവിടെപ്പോയി? അന്ന് ഞങ്ങളെ വേട്ടയാടിയവർ ഇന്ന് അതേ പദ്ധതിക്ക് വേണ്ടി രംഗത്ത് എത്തിയിരിക്കുന്നു.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് പിണിയാളുകളായി യുഡിഎഫ് സർക്കാർ മാറുകയാണ്. വെറും ഒരു വർഷം മാത്രം കാലാവധിയുള്ള, നാമമാത്രമായ തുക നൽകുന്ന ഈ പദ്ധതിക്കായി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെ പണയം വയ്ക്കണോ? 2022 മുതൽ 2027 വരെയാണ് പദ്ധതി കേന്ദ്ര സർക്കാർ തന്നെ വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിൽ വെറും 265 സ്കൂളുകൾ.
ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഈ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണം എന്ന കേന്ദ്രത്തിന്റെ ഭീഷണിക്ക് വഴങ്ങാതെയാണ് ധാരണാപത്രം മരവി
"മുകളിൽ പരാമർശിച്ചിട്ടുള്ള ധാരണാപത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകൾ കണക്കിലെടുത്ത്, ഈ ആശങ്കകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി മന്ത്രിസഭയിൽ നിന്ന് ഒരു സമിതിയെ രൂപീകരിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ആയതിനാൽ ധാരണാപത്രത്തിന്റെ നടപ്പിലാക്കൽ നിർത്തിവെക്കാൻ മന്ത്രിസഭ തീരുമാനിച്ചു." എന്ന് കൃത്യമായി കേന്ദ്രത്തിന് നൽകിയ കത്തിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കണക്കുകൾ പരിശോധിച്ചാൽ കേന്ദ്രത്തിന്റെ ക്രൂരമായ അവഗണന വ്യക്തമാണ്:
* 2023-24: കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 421.62 കോടിയിൽ 188.58 കോടി രൂപ ഇപ്പോഴും കുടിശികയാണ്.
* 2024-25: അംഗീകരിച്ച വിഹിതമായ 513.54 കോടി രൂപയിൽ ഒരു പൈസ പോലും ഇതുവരെ അനുവദിച്ചിട്ടില്ല.
* 2025-26: ലഭിക്കാനുള്ളത് 446.01 കോടി രൂപ.
ആകെ 1158.13 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നൽകാതെ പിടിച്ചുവച്ചിരിക്കുന്നത്.
സമഗ്ര ശിക്ഷാ പദ്ധതിയുടെ ഫണ്ട് തടഞ്ഞുവച്ച്, കേരളത്തിലെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ കുട്ടികളുടെ പഠനത്തെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനെതിരെ പോരാടിയ എൽഡിഎഫ് സർക്കാരിനെ തള്ളിപ്പറഞ്ഞ്, ഇപ്പോൾ കേന്ദ്രത്തിന്റെ പാദസേവ ചെയ്യുന്ന യുഡിഎഫ് സർക്കാർ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന ഉപാധിയോടെ മാത്രം ഫണ്ട് നൽകുമെന്ന് ഭീഷണിപ്പെടുത്തുന്ന കേന്ദ്രത്തിന് മുന്നിൽ തലകുനിക്കരുത്. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കം യുഡിഎഫ് സർക്കാർ ഉപേക്ഷിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |