കൊച്ചി: ജോലിയുടെ സ്ട്രെസും ബോറടിയും പടിക്ക് പുറത്ത് നിറുത്താം. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് മനസ് തുറക്കാം. പാമ്പും കോണിയും കാർഡും കാരംസും കളിക്കാം. കാപ്പിയും സ്‌നാക്‌സും ഓർഡറനുസരിച്ച് വന്നുകൊണ്ടിരിക്കും. സന്തോഷ നിമിഷങ്ങളുടെ പുതുലോകം തുറക്കുകയാണ് എറണാകുളം പനമ്പിള്ളി നഗർ ജസ്റ്റിസ് കൃഷ്ണയ്യർ റോഡിലെ 'ക്യൂബ് കൺട്രി'. പുതിയൊരു സംരംഭം തുടങ്ങുമ്പോൾ വരുമാനത്തിനൊപ്പം ഒരു ലക്ഷ്യവും സന്ദേശവുമുണ്ടാകണമെന്ന ആശയമാണ് ക്യൂബ് കൺട്രിക്കു പിന്നിൽ. പ്രവാസിയായിരുന്ന വയനാട് സ്വദേശി ടിൻസോ ജോസ് മാത്യുവും ഇൻഫോപാർക് ജീവനക്കാരൻ മുണ്ടക്കയം സ്വദേശി ടോം തോമസും ചേർന്ന് അഞ്ചുമാസം മുമ്പാണ് തുടക്കമിട്ടത്. ലൂഡോ, ഉനോ, പസിൽ, ബിൽഡിംഗ് ബ്ലോക്ക്, പകിട പോലുള്ള കളികളുമുണ്ട്. സങ്കീർണമായ ഗെയിമുകളാണ് വേണ്ടതെങ്കിൽ സ്‌പ്ലെൻഡർ, ഡോബിൾ, മൊണോപ്പൊളി, എക്‌സ്‌പെഡീഷൻ എന്നിവയും റെഡി. എല്ലാദിവസവും രാവിലെ ഒമ്പതു മുതൽ രാത്രി 11 വരെയാണ് പ്രവൃത്തിസമയം. ഫാമിലി കസ്റ്റമേഴ്‌സാണ് കൂടുതലായെത്തുന്നത്. പല ടേബിളുകളിലായി ഒരേ സമയം 40 പേർക്ക് സൗകര്യമുണ്ട്. 16 പേർ വരെയുള്ള ടീമിന് വലിയ ടേബിളും സജ്ജമാണ്.
മണിക്കൂർ 250 രൂപ
ആദ്യമണിക്കൂറിൽ ലഘുഭക്ഷണമടക്കം ആളൊന്നിന് 250 രൂപയാണ്. തുടർന്ന് ഓരോ മണിക്കൂറിനും 200, 160 എന്നിങ്ങനെ. ആദ്യമായെത്തുന്നവർക്ക് 33 മിനിട്ട് സൗജന്യമാണ്. പതിവുകാർക്ക് ഫീസ് പാക്കേജും ലഭ്യമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |