SignIn
Kerala Kaumudi Online
Friday, 25 September 2026 1.38 AM IST

 സ്റ്റേറ്റ് ഇൻഷ്വറൻസ് പദ്ധതി -- അടച്ച പണം തിരികെ കിട്ടാൻ കാത്തിരിപ്പ്

a

തിരുവനന്തപുരം: ജീവനക്കാർക്കായുള്ള സർക്കാൻ ഇൻഷ്വറൻസ് പദ്ധതിയിലേക്ക് അടച്ച പണം തിരികെ കിട്ടാൻ അപേക്ഷ നൽകി കാത്തിരിക്കുന്നത് 14,000 പെൻഷൻകാർ. തുടർച്ചയായി ജില്ലാ ഓഫീസുകളിൽ കയറിയിറങ്ങുന്നവർക്ക് കിട്ടുന്ന പതിവ് മറുപടിയാവട്ടെ ഫണ്ടില്ലെന്നും.ശാരീരിക അവശതകളാൽ യാത്ര ചെയ്യാൻ വയ്യാത്തവർക്ക് ഓഫീസുകളിലെത്തി പരാതി പറയാൻ പോലും കഴിയുന്നില്ല.

സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായ 9692 പേരുടെയും ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതിയിലെ 5151 പേരുടെയും അപേക്ഷകളാണ് തീർപ്പാവാനുള്ളത്. സർവീസിൽ പ്രവേശിക്കുമ്പോൾ എല്ലാ സർക്കാർ ജീവനക്കാരും എസ്.എൽ.ഐയിലോ ഗ്രൂപ്പ് ഇൻഷ്വറൻസിലോ ചേരണം. കഴിഞ്ഞ മേയ് മുതലുള്ള അപേക്ഷകളാണ് കുടിശികയായതിൽ ഏറെയും.

അംഗങ്ങൾക്ക് ഇൻഷ്വറൻസ് തുക മടക്കി നൽകാൻ ഓരോ വർഷവും ഫണ്ട് അനുവദിക്കുന്നതായിരുന്നു നേരത്തെയുള്ള രീതി. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത് ക്വാർട്ടർലി അടിസ്ഥാനത്തിലാക്കി. ഒരു മാസത്തേക്ക് 30 കോടി എന്ന കണക്കിൽ മൂന്ന് മാസത്തേക്ക് 90 കോടിയാണ് ധനവകുപ്പിനോട് ആവശ്യപ്പെടുന്നതെങ്കിലും പലപ്പോഴും ഫണ്ടിന്റെ അഭാവം പറഞ്ഞ് ഇത്രയും തുക അനുവദിക്കാറില്ല. കിട്ടുന്ന തുകയ്ക്ക് അനുസരണമായേ അപേക്ഷകൾ തീർപ്പാക്കാറുള്ളൂ.

രണ്ട് സ്കീമുകൾ

ജീവനക്കാർക്ക് സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസിലോ ഗ്രൂപ്പ് ഇൻഷ്വറൻസിലോ ചേരാനുള്ള സൗകര്യമുണ്ട്. എസ്.എൽ.ഐയിൽ അടിസ്ഥാന ശമ്പളവും ഡി.എയും ചേർന്ന തുകയുടെ 1.5 ശതമാനമാണ് കുറഞ്ഞ പ്രിമിയം തുക. സർവീസിലിരിക്കെ ജിവനക്കാരൻ മരണപ്പെട്ടാൽ ആദ്യം നിശ്ചയിക്കുന്ന അഷ്വേർഡ് തുകയും സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന ബോണസും ആശ്രിതർക്ക് കിട്ടും. അല്ലാത്ത പക്ഷം ആകെ അടച്ചതുകയും ബോണസും പെൻഷനായ ശേഷം ലഭിക്കും.

ഗ്രൂപ്പ് ഇൻഷ്വറൻസിൽ പ്രിമിയം തുക കൂടിയിരിക്കും. എന്നാൽ അടയ്ക്കാവുന്ന ഉയർന്ന തുകയ്ക്ക് പരിധിയുണ്ടാവും. ഈ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ടാൽ താരതമ്യേന ഉയർന്ന ഇൻഷ്വറൻസ് തുകയും സർക്കാർ നിശ്ചയിക്കുന്ന പലിശയും ലഭിക്കും.

ജീവനക്കാരുടെ കുറവ്

ആനുകൂല്യം കിട്ടാൻ ജില്ലാ ഓഫീസുകളിലാണ് അപേക്ഷിക്കേണ്ടത്. ജില്ലകളിലെ പരിശോധനയ്ക്ക് ശേഷം ഡയറക്ടറേറ്റിലേക്ക് അയയ്ക്കും. മിക്ക ജില്ലാ ഓഫീസുകളിലും 12 മുതൽ 14 വരെ ജീവനക്കാരാണുള്ളത്. ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം വച്ച നോക്കുമ്പോൾ ഇത് കുറവാണ്. ആനുകല്യം കിട്ടാൻ വൈകുന്നതിന് ഇതും കാരണമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INSURANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA