
തിരുവനന്തപുരം: കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച് മാനസിക സമ്മർദ്ദം കുറയ്ക്കാൻ പൊലീസുകർക്ക് വഴിയൊരുങ്ങി. കടുത്ത മാനസിക സമ്മർദ്ദം കാരണം പൊലീസ് ഉദ്യോഗസ്ഥർ ജീവനൊടുക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണിത്. ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധിയും വീട്ടിലെ വിശേഷ ദിവസങ്ങളിൽ കുടുംബത്തോടൊപ്പം ചെലവിടാൻ അവധിയുമാണ് നൽകുന്നത്. എസ്.എച്ച്.ഒ അടക്കം എല്ലാവർക്കും ഇത് ലഭ്യമാവും. ജോലിയിലെ പിരിമുറുക്കവും സമ്മർദ്ദവും ഒഴിവാക്കി ജനങ്ങളോട് സൗഹൃദത്തോടെയും സഭ്യമായും പെരുമാറാനാണിതെന്ന് ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പി പി.വിജയൻ 'കേരളകൗമുദി'യോട് പറഞ്ഞു.
ഗർഭിണിയായ ഭാര്യയെ പരിചരിക്കാനും മാതാപിതാക്കളെ ശുശ്രൂഷിക്കാനും വിവാഹവാർഷികത്തിന് കുടുംബത്തോടൊപ്പം ഒത്തുകൂടാനുമൊന്നും പൊലീസുകാർക്ക് കഴിയാറില്ല. 'കേരളകൗമുദി" പ്രസിദ്ധീകരിച്ച 'സ്വയം ഒടുങ്ങി പൊലീസ് "പരമ്പരയിൽ ഇത് ചൂണ്ടിക്കാട്ടിയിരുന്നു. സമ്മർദ്ദം കാരണം 8 വർഷത്തിനിടെ 130പേരാണ് ആത്മഹത്യ ചെയ്തത്. പരമ്പരയ്ക്ക് പിന്നാലെ പൊലീസ് അക്കാഡമിയിലെ ഗവേഷണ വിഭാഗത്തെയും സോഷ്യൽ പൊലീസ് വിഭാഗത്തെയും പഠനത്തിന് നിയോഗിച്ചിരുന്നു. വിശ്രമമില്ലാത്ത ജോലിയും മാനസികസമ്മർദ്ദവും മൂലമാണ് ആത്മഹത്യകളിലേറെയും സംഭവിച്ചതെന്നായിരുന്നു കണ്ടെത്തൽ.
എട്ടു മണിക്കൂറാണ് ഡ്യൂട്ടി. എന്നാൽ, 12-18 മണിക്കൂർ ജോലിയുള്ള സ്റ്റേഷനുകളുണ്ട്. 52 സ്റ്റേഷനുകളിൽ മാത്രമാണ് 8മണിക്കൂർ ഡ്യൂട്ടി. അവിടെയും പലപ്പോഴും നടപ്പാവില്ല. മേലുദ്യോഗസ്ഥരുടെ വേട്ടയാടലും അധിക്ഷേപവും നിസാരകുറ്റങ്ങൾക്ക് കടുത്തശിക്ഷയും കൂടിയാവുമ്പോൾ മാനസികമായി തളരും. അങ്ങനെയാണ് ആത്മഹത്യയിലേക്ക് കൂപ്പുകുത്തുന്നത്. എന്നാൽ, കുടുംബ-സാമ്പത്തിക-ആരോഗ്യപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാവും രേഖയിലുണ്ടാവുക. യോഗയും ധ്യാനവും ആയോധന കലകളും പരിശീലിപ്പിച്ചെങ്കിലും ആത്മഹത്യകൾക്ക് കുറവുണ്ടായില്ല.തുടർന്നാണ് നിർബന്ധിത അവധിക്ക് എ.ഡി.ജി.പി പി.വിജയൻ നിർദ്ദേശിച്ചത്.
സ്വാധീനമുള്ളവർ വിലസും
അമിതജോലിഭാരം കാരണം വയനാട്ടിലെ വനിത എസ്.എച്ച്. ഒ ഡ്യൂട്ടിക്കിടെ സ്റ്റേഷൻ വിട്ടുപോയ സംഭവമുണ്ടായിട്ടുണ്ട്. എറണാകുളത്ത് അസി.കമ്മിഷണറുടെ ശകാരം കാരണം നാടുവിട്ട സി.ഐയെ കോയമ്പത്തൂരിൽ കണ്ടെത്തുകയായിരുന്നു. തുടർച്ചയായി ഡ്യൂട്ടി ചെയ്ത പൊലീസുകാർ കുഴഞ്ഞുവീണ സംഭവങ്ങളുമുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളവർ ലഘുവായ ഡ്യൂട്ടികൾ നേടിയെടുക്കുമ്പോൾ മറ്റുള്ളവർക്ക് ജോലിഭാരമേറും.
''ക്ഷേമം, മനോവീര്യം, സൗഖ്യം എന്നിവ മെച്ചപ്പെടുത്താനും ജോലിസമ്മർദ്ദം കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവിടുന്നത് മാനസികസമ്മർദ്ദം കുറയ്ക്കും. ഗുണം സമൂഹത്തിനാകെയാണ്''
-പി.വിജയൻ,
അഡി.ഡി.ജി.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |