
തിരുവനന്തപുരം: എയ് ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണത്തിലൂടെ നിയമിതരാകുന്ന അദ്ധ്യാപകരുടെ പ്രവർത്തനക്ഷമത സംബന്ധിച്ച പരിശോധന അനിവാര്യമാണെന്ന് സർക്കാർ. പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരി ആരെന്ന് സാമൂഹ്യനീതി വകുപ്പ് നിർദേശിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ അംഗീകാരത്തിനായി വിദ്യാഭ്യാസ വകുപ്പ് അഡ്വക്കേറ്റ് ജനറലിന് കൈമാറിയ റിപ്പോർട്ടിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
സുപ്രീംകോടതി വിധി പ്രകാരം എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപക നിയമനങ്ങളിൽ നാലു ശതമാനം ഭിന്നശേഷി വിഭാഗങ്ങൾക്കായി നീക്കിവയ്ക്കണം. ഈ ഒഴിവുകളിൽ നിയമനം നടത്തിയില്ലെങ്കിൽ സ്‌കൂളുകളിൽ നടത്തിയ മറ്റ് നിയമനങ്ങളും അംഗീകരിക്കില്ല. കുറഞ്ഞത് 40 ശതമാനം ഭിന്നശേഷി ഉള്ളവർക്കാണ് സംവരണം അനുവദിച്ചിട്ടുള്ളത്. എന്നാൽ പരമാവധി അവശത എത്രശതമാനം വരെ ആകാമെന്ന് നിശ്ചയിച്ചിട്ടില്ല. അദ്ധ്യാപകതസ്തികകൾക്ക് 70 ശതമാനം വരെയായി ഇതു നിജപ്പെടുത്തണം.
മാനസിക രോഗാവസ്ഥ (മെന്റൽ ഇൽനെസ്), ഒന്നിലധികം ഭിന്നശേഷികൾ (മൾട്ടിപ്പിൾ ഡിസ്എബിലിറ്റി) തുടങ്ങിയ കാറ്റഗറികളിൽ നിന്നു പോലും ഇപ്പോൾ അദ്ധ്യാപകരായി നിയമനം നൽകുന്നു. അതിനാൽ അദ്ധ്യാപക തസ്തികകളിൽ നിലവിൽ അനുവദിച്ചിട്ടുള്ള ഭിന്നശേഷി വിഭാഗങ്ങളുടെ അനുയോജ്യത പുന:പരിശോധിക്കണം. കുട്ടികളുമായി നേരിട്ട് ഇടപെടുന്ന അദ്ധ്യപക തസ്തികകളിൽ വ്യക്തമായ മാനദണ്ഡം രൂപീകരിക്കണം. 'ജോബ് ഓറിയന്റഡ് ഫിസിക്കൽ ആന്റ് ഫംഗ്ഷണാലിറ്റി സർട്ടിഫിക്കറ്റ് മെഡിക്കൽ ബോർഡിൽ നിന്നും ലഭ്യമാക്കുന്നതിന് നിർദ്ദേശിക്കണം.
മാനസിക രോഗാവസ്ഥ (മെന്റൽ ഇൽനെസ്), ഒന്നിലധികം ഭിന്നശേഷികൾ (മൾട്ടിപ്പിൾ ഡിസ്എബിലിറ്റി) വിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ അദ്ധ്യാപക തസ്തികയിൽ നിന്നു ഒഴിവാക്കണം. ഇവരെ അനദ്ധ്യാപക തസ്തികയിലേക്ക് മാത്രം പരിഗണിക്കുന്നത് പരിശോധിക്കണം. ഭിന്നശേഷി സംവരണത്തിനായി ഓട്ടോമയിസ്ഡ് സംവിധാനം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |