SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.19 AM IST

പത്ത് കാറിന് ഒരുനില പാർക്കിംഗ് : കുന്നിൻചെരുവിൽ മുളയിൽ ഒരു കൊട്ടാരസൗധം

aa

തിരുവനന്തപുരം: മുള കൊണ്ട് കൊട്ടാരം പോലൊരു കെട്ടിടം. പുറത്തുനിന്ന് നോക്കിയാൽ ഒറ്റനില. എന്നാൽ കുന്നിന്റെ ചരുവിൽ ഇരിക്കുന്ന ഈ കെട്ടിടത്തിന് താഴെയായി കാർ പാർക്കിംഗിന് ഉൾപ്പെടെ മറ്റ് രണ്ട് നിലകൾ, ആകെ നാല് നിലകളിലായി 10,500 സ്ക്വയർ ഫീറ്റ്.

മണ്ണന്തലയിലെ ദ സെന്റർ ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി ഫോർ റൂറൽ ഡെവലപ്പ്‌മെന്റ് (കോസ്റ്റ്‌ഫോർഡ്) എന്ന കമ്പനിയുടെ ഓഫീസാണ് ഈ കൂറ്റൻ 'ബാംബൂ ബിൽഡിംഗ്'. 2022ൽ ആലോചനയിലുണ്ടായ പദ്ധതിയാണ് ഒന്നരക്കോടിയിലേറെ ചെലവിട്ട് ഇപ്പോൾ പൂർത്തിയാക്കിയത്. വശങ്ങളിലെല്ലാം കമ്പിയും സിമന്റും ഉപയോഗിച്ച് കോൺക്രീറ്റ് തൂണ്. തൂണുകളെ ബന്ധിപ്പിച്ച് മുളകൾ ചേർത്ത് വയ്ക്കുന്ന സെക്കൻഡറി ബീം. അതിന് മുകളിൽ മുളകൾ അടുക്കി നിരപ്പാക്കും. മേലെ ചണച്ചാക്ക് വിതറും. മുകളിൽ ചുണ്ണാമ്പ് ചേർത്ത മണൽ ഉപയോഗിച്ചുള്ള മിശ്രിതച്ചെളി നിറയ്ക്കും. തുടർന്ന് ടൈൽ പാകും. ഓരോ നിലകളും ഇത്തരത്തിൽ നിർമ്മിക്കും.

രണ്ടാം നിലയിൽ പത്തോളം കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാം. രണ്ടാം നിലയിൽ മാത്രം മുളകൾ ലോഡ് ചെയ്ത് മുകളിൽ സിമന്റ് കോൺക്രീറ്റ് ചെയ്യും. കമ്പി ഉപയോഗിച്ചുള്ള കോൺക്രീറ്റെന്ന് തോന്നുമെങ്കിലും ഓരോ നിലയും നിൽക്കുന്നത് മുളയിലാണ്. 70-90 വർഷം വരെയാണ് കെട്ടിടത്തിന്റെ ആകെ ആയുസ്. ബാംബൂസാ ബാംബൂസ് എന്ന മുളയിനമാണ് ഉപയോഗിച്ചത്. ഇവ കാട്ടിൽ നിന്ന് സർക്കാർ അനുമതിയോടെ ശേഖരിച്ചു. ആദിവാസിമേഖലയിൽ നിന്നുളളവരെ ഉൾപ്പെടെ പങ്കാളികളാക്കി. കെട്ടിടത്തിന് അന്തരീക്ഷത്തിലെ കാർബൺ, മുള വലിച്ചെടുക്കുമെന്നും ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുമെന്നും അധികൃതർ പറയുന്നു.

 ചകിരി നാരിലും ചുണ്ണാമ്പിലും ചുമര്

ചുമരിനായി 45% മണ്ണ്, 5% ചുണ്ണാമ്പ് എന്ന അനുപാതത്തിൽ മിശ്രിതമാക്കും. 50 ശതമാനം ചകിരിനാര് ഉപയോഗിക്കും. ചുണ്ണാമ്പായതിനാൽ ചിതലോ മറ്റ് പ്രാണികളോ കൂട് കെട്ടില്ല. പഴയ കെട്ടിടങ്ങൾ പൊളിച്ചുകിട്ടിയ ജനാലകൾ ഉപയോഗിച്ചു.

 വളർന്നുവരുന്ന തലമുറ പരിസ്ഥിതിസൗഹൃദ നിർമ്മാണ ശൈലി പിൻതുടരുവാൻ ഇത്തരം കെട്ടിടങ്ങൾ മാതൃകയാണ്. ഇക്കാര്യത്തിൽ പ്രകൃതിയിൽ ലഭ്യമായ വസ്തുക്കളെ കൂടുതൽ പ്രോത്സാഹിപ്പിക്കണം.

പി.ബി.സാജൻ
ആർക്കിടെക്ട് ആൻഡ് ജോയിന്റ് ഡയറക്ടർ
കോസ്റ്റ്‌ഫോർഡ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAMBOO HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA