SignIn
Kerala Kaumudi Online
Sunday, 23 August 2026 1.48 AM IST

ഡോൾമ അമ്മായീ ഒരു മൊമോസ്...

dolma

ന്യൂഡൽഹി: 'ഡോൾമ അമ്മായി ഒരു ചായ". ഇത് യോദ്ധ സിനിമയിൽ ജഗതിയുടെ ഹിറ്റ് ഡയലോഗ്. ഡൽഹിക്കാർക്കുമുണ്ട് ഒരു ഡോൾമ അമ്മായി. ഇവിടെ പക്ഷെ,​ ഒരു പ്ലേറ്റ് മൊമോസ് ആണ് ഓർഡർ ചെയ്യേണ്ടത്. ഡൽഹി മലയാളികൾക്കടക്കം പ്രിയങ്കരമാണ് ലാജ്പത് നഗറിലെ മൊമോസ് കടയും ആന്റിയും.

ടിബറ്റുകാരിയാണ് ഡോൾമ. മൊമോസ് ടിബറ്റിന്റെ സ്വന്തം പലഹാരവും.1994ൽ, മൊമോസ് എന്താണെന്ന് പോലും ഡൽഹിക്കാർക്ക് അറിയാത്ത സമയത്താണ് 'ഡോൾമ ആന്റി മൊമോസ്" തുറന്നത്. പൊരിച്ചതും വേവിച്ചതും കഴിക്കുന്നവർക്ക് ആവിയിൽ പുഴുങ്ങിയ മൊമോസ് ആദ്യം കൗതുകമായിരുന്നു. തെരുവു ഭക്ഷണപ്രേമികളുടെ കൊതിപ്പിക്കും വിഭവമായി മൊമോസ് പെട്ടെന്ന് കളംപിടിച്ചു. അതുവരെ ഡൽഹിയിലെ പ്രീമിയം ചൈനീസ് റസ്റ്റോറന്റുകളിൽ മാത്രം കിട്ടിയിരുന്ന പലഹാരം. ഇന്ന് കിലോമീറ്ററുകൾക്ക് അകലെ നിന്നുപോലും മൊമോസ് കഴിക്കാൻ ആൾക്കാർ എത്തുന്നു.

കുടുംബത്തോടൊപ്പം 1990ലാണ് ലാജ്പത് നഗറിലെത്തുന്നത്. അന്ന് ഹിന്ദി അറിയില്ലായിരുന്നു. പതുക്കെ പഠിച്ചെടുത്തു. ടിബറ്റൻ സ്‌പെഷ്യൽ മൊമോസാണ് പ്രധാന ഹൈലൈറ്റ്. പനീർ, വെജ്, ഫ്രൈഡ്, കുർകുറെ, ചില്ലി, തന്തൂരി, ഗ്രേവി മൊമോസുകൾക്കു പുറമെ സ്‌പ്രിംഗ് റോൾ, ഫ്രഞ്ച് ഫ്രൈസ്, ചൈനീസ് ചാട്ട് എന്നിവയും കിട്ടും. കൂടെ ചുവന്ന മുളകു ചേർത്ത വെളുത്തുള്ളി ചട്ട്ണിയും.

കടയുടെ പേര്

തട്ടാനും ശ്രമം

ഇതിനിടെ, മുട്ടനൊരു പാരയും വന്നു. 'ഡോൾമ ആന്റി മൊമോസ്" സൂപ്പർഹിറ്റായതോടെ,​ ഇതേ പേരിൽ കടതുറക്കാൻ ഒരു യു.പിക്കാരൻ ശ്രമം തുടങ്ങി. ഡോൾമ ഡൽഹി ഹൈക്കോടതിയിൽ നിന്ന് 2024 മാർച്ച് 15ന് അനുകൂല വിധി നേടി. പൂജ്യത്തിൽ നിന്ന് തുടങ്ങിയ ഡോൾമയെ മൊമോസ് കൈവിട്ടില്ല. ഇന്ന് ലാജ്പത് നഗറിൽ വീടും കടയും സ്വന്തമായുണ്ട്. 65 വയസുള്ള ഡോൾമ മകനും കുടുംബത്തിനുമൊപ്പമാണ് താമസം. ഭർത്താവ് മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOLMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA