
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കട്ടിളപ്പാളി കേസിലെ അന്വേഷണം പ്രത്യേക സംഘം പൂർത്തിയാക്കി. സെപ്തംബർ ആദ്യവാരം കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. ഇതോടെ മറ്റ് ഉന്നതരിലേക്ക് അന്വേഷണം പോകില്ലെന്ന് ഉറപ്പായി. ദ്വാരപാലക ശില്പപ്പാളി കേസിൽ മറ്റൊരു കുറ്റപത്രമായിരിക്കും സമർപ്പിക്കുന്നത്.
സെപ്തംബർ മൂന്നിന് ഹൈക്കോടതി കേസ് പരിഗണിക്കുന്നുണ്ട്. കുറ്റപത്രം സമർപ്പിക്കുന്ന തീയതി അന്ന് കോടതിയെ അറിയിക്കും. കോളിളക്കം സൃഷ്ടിച്ച കേസിൽ, രാഷ്ട്രീയ രംഗത്തുനിന്നുള്ള മറ്റാർക്കും പങ്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഭരണ - പ്രതിപക്ഷ രംഗത്തുൾപ്പെടെ നിരവധി പേർക്ക് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. പല രാഷ്ട്രീയ നേതാക്കളുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഒന്നിലധികം ഉദ്യോഗസ്ഥർ പ്രോസിക്യൂഷൻ സാക്ഷികളാകുമെന്നാണ് സൂചന. പാളികൾ മാറ്റി പുതിയവ വച്ചിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച പാളികളിൽ സ്വർണം ഗണ്യമായി കുറഞ്ഞു. സ്ട്രിപ്പിംഗ് സാൾട്ട് ഉപയോഗിച്ച് കട്ടിളപ്പാളിയിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തെന്നാണ് കണ്ടെത്തൽ.
പാളി മറ്റാർക്കും കൈമാറിയിട്ടില്ലെന്നും ശാസ്ത്രീയമായ പരിശോധനയിലൂടെ വ്യക്തമായി. മെർക്കുറിയും അനുബന്ധ രാസലായനികളും ചേർത്തതിലുള്ള ഘടനവ്യതിയാനം പാളികൾക്കുണ്ടായി. ജംഷഡ്പൂരിലെ മെറ്റലർജിക്കൽ ലാബിൽ അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ടെത്തി ജീവനക്കാരുടെ മൊഴിയെടുത്തിയിരുന്നു.
സ്ട്രിപ്പിംഗ് സാൾട്ട് എന്നറിയപ്പെടുന്ന പ്രത്യേക രാസവസ്‌തുക്കൾ ഉപയോഗിച്ചാണ് പാളികളിൽ നിന്ന് സ്വർണത്തിന്റെ മേൽപൂശുകൾ നീക്കം ചെയ്തത്. മുംബൈയിൽ നിന്നാണ് ഇതിനുള്ള രാസവസ്‌തുക്കൾ വാങ്ങിയത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് 'സ്ട്രിപ്പിംഗ് സാൾട്ടി"ന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലവും ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലം സ്മാർട്ട് ക്രിയേഷൻസിന്റെ പങ്ക് തെളിയിക്കുന്നതിൽ നിർണയാകമാണ്. 430 ഓളം പേരുടെ സാക്ഷിമൊഴിയാണ് രേഖപ്പെടുത്തിയത്. മെറ്റലിർജിക്കൽ ലാബിലെ ജീവനക്കാർ കേസിൽ സാക്ഷികളാകും.
ദ്വാരപാലക ശിൽപ്പ പാളി കേസും
ഗൂഢാലോചന കേസും ഒന്നിച്ച്
രണ്ടാഴ്ചയ്ക്ക് ശേഷം ദ്വാരപാലക ശിൽപ്പ പാളി കേസിൽ മറ്റൊരു കുറ്റപത്രം സമർപ്പിക്കും. ദ്വാരപാലകശിൽപ്പപ്പാളി കേസും റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് പ്രതിയായ 2025 ലെ ഗൂഢാലോചന കേസും ചേർത്ത് ഒരു കുറ്റപത്രം നൽകാനാണ് തീരുമാനം. അന്വേഷണം പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |