തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയെ ചൊല്ലി എൽ.ഡി.എഫിലെ പ്രധാന ഘടകക്ഷികളായ സി.പി.എമ്മും സി,പി.ഐയും തമ്മിൽ തർക്കം രൂക്ഷമായിരിക്കെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐയ്ക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തീർച്ചയായും കിട്ടുമെന്ന് ബിനോയ് വിശ്വം പഫറഞ്ഞു. കൗമുദി ടിവിയിവെ സ്ട്രെയ്റ്റ് ലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതൃപദവി സംബന്ധിച്ച് സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് ആദ്യമായി ആവശ്യം ഉന്നയിച്ചതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വിഷയം പരസ്പരം ചർച്ച ചെയ്യാമെന്നും എൽ.ഡി.എഫിൽ ഉന്നയിക്കേണ്ട എന്നുമായിരുന്നു അവർ അന്ന് പറഞ്ഞത്.

പ്രതിപക്ഷ ഉപനേതൃ പദവിയിൽ പിടിവാശിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. പദവിയുടെ വലിപ്പം സി.പി.ഐയെ ആകർഷിച്ചിട്ടില്ല. മുഖ്യമന്ത്രി പദവി പുല്ലുപോലെ വലിച്ചെറിഞ്ഞ പാർട്ടിയാണ് സി.പി.ഐ. ചരിത്രം ഒരിക്കലും ഒരു പോയിന്റിൽ തറച്ചുനിൽക്കില്ല.രാഷ്ട്രീയ ഒരുമയ്ക്കുവേണ്ടി തീരുമാനം എടുക്കേണ്ടിവന്നാൽ എടുക്കണം. അവിടെ കീഴ്വഴക്കം പറയാൻ പാടില്ല. കീഴ്വഴക്കവും നിലപാടും മാറേണ്ടിവന്നാൽ മാറുകതന്നെ വേണം. പ്രശ്നത്തിൽ സി.പി.എമ്മും സി.പി.ഐയും ഒരിക്കലും അടിച്ചു പിരിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്കുണ്ടായ പരാജയത്തെ കുറിച്ചും ബിനോയ് വിശ്വം മനസുതുറന്നു. തോൽവിയിൽ ദുഃഖവും അമ്പരപ്പും ഉണ്ട്. ഇപ്പോൾഅമ്പരപ്പ് മാറി ദുഃഖം മാത്രമായി. തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം പഠിക്കണം. തിരുത്താതെ, പാഠം പഠിക്കാതെ മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ കാത്തിരിക്കുന്നത് തകർച്ചയായിരിക്കും. അങ്ങനെ സി.പി.എം തകരാൻ പാടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |