SignIn
Kerala Kaumudi Online
Monday, 10 August 2026 8.30 PM IST

ഈ ഡോക്ടറമ്മയുടെ കഥയിലുണ്ട് കണ്ണീർ; കുഞ്ഞുങ്ങളുടെ പുഞ്ചിരി

kusumam
ഡോ.പി.കുസുമകുമാരി

തിരുവനന്തപുരം: ജനിച്ച് ദിവസങ്ങൾക്കുള്ളിൽ കുഞ്ഞിന് കാൻസറാണെന്ന് അറിയുമ്പോഴുള്ള മാതാപിതാക്കളുടെ വേദനയ്ക്ക് മറുമരുന്നാണ് എന്നും ഡ‌ോ. കുസുമകുമാരി. കാൻസറിനെതിരെ പൊരുതുന്ന ഈ ഡോക്ടറമ്മയുടെ കഥയിൽ കണ്ണീരും പുഞ്ചിരിയുമുണ്ട്.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) പീഡിയാട്രിക്ക് ഓങ്കോളി വിഭാഗം പ്രൊഫസറും മേധാവിയുമായിരുന്നു കുസുമകുമാരി. 33വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ മുന്നിലെത്തിയ ഒരായിരം കുഞ്ഞുങ്ങളെ ചേർത്തണച്ച് മാതാപിതാക്കൾക്ക് പ്രത്യാശ പകർന്ന ഡോക്ടറമ്മയാണിത്. അതിനിടെ സ്വന്തം ശരീരത്തിലും കാൻസർ വില്ലനായെത്തിയെങ്കിലും അതിനെയും അതിജീവിച്ചു. എഴുപതാംവയസിലും കാൻസറിനെതിരായ പോരാട്ടവും ജീവകാരുണ്യപ്രവർത്തനവും തുടരുന്നു.

ആർ.സി.സി പിറവിയെടുത്തതിനു പിന്നാലെ 1984ലാണ് കുസുമകുമാരി അദ്ധ്യാപികയായി എത്തിയത്. അന്ന് മെഡിക്കൽ കോളേജ് ആശുപത്രിയുടെ റേഡിയോതെറാപ്പി വിഭാഗത്തിലായിരുന്നു ആർ.സി.സി. അന്നുമുതൽ കുട്ടികളുടെ കാൻസർ ചികിത്സ കുസുമകുമാരിയുടെ ചുമതലയായി. തങ്ങളുടെ കുഞ്ഞ് ജീവിച്ചിരിക്കുമോയെന്നതും ഭാരിച്ച ചികിത്സാച്ചെലവ് എങ്ങനെ താങ്ങുമെന്നതുമായിരുന്നു രക്ഷിതാക്കളുടെ ആശങ്ക. ഇതിനു രണ്ടിനും ഒറ്റമൂലിയായിരുന്നു 2003ൽ കുസുമകുമാരി രൂപംകൊടുത്ത പ്രത്യാശ ചാരിറ്റബിൾ സൊസൈറ്റി.

 കാഷ് കൗണ്ടറിലെ കാരുണ്യം

കാൻസർ രോഗത്തെ അതിജീവിച്ച കുട്ടികളുടെ മാതാപിതാക്കളുടെ കൂട്ടായ്മണ് പ്രത്യാശ ചാരിറ്റബിൾ സൊസൈറ്റി. 18വയസ് കഴിഞ്ഞാൽ കുട്ടികളും സൊസൈറ്റിയുടെ ഭാഗമാകും. കുട്ടികളുടെ കാൻസർ വാർഡിലെത്തുന്നവർക്ക് ആത്മധൈര്യം പകരുകയെന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത് ഈ സൊസൈറ്റി. പാവപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകാൻ പ്രത്യാശയുടെ പേരിൽ കേരളത്തിലുടനീളം കച്ചവട സ്ഥാപനങ്ങളുടെ കാഷ് കൗണ്ടറിൽ പെട്ടിയും സ്ഥാപിച്ചു. 2019 മുതൽ തിരുവനന്തപുരം കുമാരപുരത്ത് സെന്റ് ജോർജ് ലെയിനിൽ 10 മുറിയുള്ള കെട്ടിടം വാടകയ്ക്ക് എടുത്തു. കാൻസർ ചികിത്സയ്ക്ക് എത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും താമസവും ഭക്ഷണവും സൗജന്യമായി നൽകുന്നു.

കാൻസർ ജീവിതത്തിലും

2013ലാണ് ഡോ. കുസുമകുമാരിക്ക് സ്തനാർബുദം സ്ഥിരീകരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞു, റേഡിയേഷനും കീമോയ്ക്കും വിധേയായി. ആറുമാസം അവധി ലഭിക്കുമായിരുന്നിട്ടും വീട്ടിലിരിക്കാൻ കൂട്ടാക്കിയില്ല. കീമോകഴിഞ്ഞ രണ്ടു നാളൊഴി‌ച്ച് മറ്റുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികളെ പഠിപ്പിച്ചു, ഭരണപരമായ ചുമതലകളും നിറവേറ്റി. സർവീസ് കാലയളവിൽ ഉടനീളം വകുപ്പ് മേധാവിയായി സേവനമനുഷ്ഠിക്കാനായതും കുസുമകുമാരിയുടെ നേട്ടമാണ്.

''കാൻസർ ബാധിച്ച കുഞ്ഞുങ്ങളുമായി മാതാപിതാക്കൾ മുന്നിൽ വന്ന് വീഴുകയായിരുന്നു. എല്ലാ അർത്ഥത്തിലും അവർക്ക് ആശ്രയമാകണമെന്ന ആഗ്രഹം മാത്രമാണ് ഇന്നും മനസിലുള്ളത്.'

-ഡോ. കുസുമകുമാരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA