
മഹാജെൻകോയുമായി ദീർഘകാലകരാർ പരിഗണനയിൽ
തിരുവനന്തപുരം: കൂടുതൽ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി ചർച്ച നടത്തി കെ.എസ്.ഇ.ബി. കഴിഞ്ഞ ദിവസങ്ങളിൽ ലഭ്യമായ വൈദ്യുതിക്ക് പുറമേ, 21മുതൽ സ്വകാര്യ ഉത്പാദന കമ്പനിയിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങും. യൂണിറ്റിന് 11രൂപയാണ് വില. നിലവിലെ അടിയന്തര സാഹചര്യത്തിൽ സർക്കാർ അനുമതി ഉടൻ ലഭിക്കുകയും കെ.എസ്ഇ.ബി ഇതുസംബന്ധിച്ച കരാർ ഒപ്പിടുകയും ചെയ്യും. 10രൂപവരെ വിലനൽകി വൈദ്യുതി വാങ്ങാനാണ് ഇപ്പോൾ കെ.എസ്.ഇ.ബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതിയുള്ളത്. പവർകട്ട് ഒഴിവാക്കാൻ കഴിയുന്നത്ര വൈദ്യുതി ഉറപ്പാക്കാൻ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്താനാണ് സർക്കാർ കെ.എസ്.ഇ.ബിക്ക് നൽകിയിട്ടുള്ള നിർദ്ദേശം. മഹാരാഷ്ട്രയിലെ നാസിക്കിൽ എൻ.ടി.പി.സിയും മഹാരാഷ്ട്രാ സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനിയും (മഹാജെൻകോ)സംയുക്തമായി പ്രവർത്തിപ്പിക്കുന്ന താപനിലത്തിൽ കെ.എസ്.ഇ.ബി സംഘം ഇന്നലെ സന്ദർശനം നടത്തി. യൂണിറ്റിന് 5.50 രൂപയിൽ താഴെ വിലയ്ക്ക് ജനുവരി മുതൽ വൈദ്യുതി നൽകാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ നിരക്കിൽ ദീർഘകാല കരാറിനുള്ള സാദ്ധ്യതയും കെ.എസ്.ഇ.ബി പരിശോധിക്കും. കഴിഞ്ഞ ദിവസം 300മെഗാവാട്ടിന്റെ 25 വർഷത്തേക്കുള്ള ദീർഘകാല കരാർ സോളാർ എനർജി കോർപ്പറേഷനുമായി കെ.എസ്.ഇ.ബി ഒപ്പിട്ടിരുന്നു. എന്നാൽ ഇതുപ്രകാരമുള്ള വൈദ്യുതി 2028മുതലാണ് ലഭിക്കുക. മഹാജെൻകോയുമായി കരാർ ഒപ്പിടാനായാൽ വേനൽകാലത്ത് വലിയനേട്ടമാവുമെന്നാണ് വിലയിരുത്തൽ.
പീക്ക് സമയ ഉപഭോഗം 5300 മെഗാവാട്ടിന് മുകളിൽ
കടുത്ത വേനലിന് സമാനമായ വൈദ്യുതി ഉപഭോഗത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. വ്യാഴാഴ്ചയിലെ പീക്ക് സമയ ഉപഭോഗം 5,305 മെഗാവാട്ടായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപഭോഗമാണിത്. കഴിഞ്ഞ വർഷം ഇതേസമയം 4,454 മെഗാവാട്ടായിരുന്നു. പ്രതിദിന ഉപഭോഗം 100 ദശലക്ഷം യൂണിറ്റിനരികെയെത്തി. വ്യാഴാഴ്ചയിലെ പ്രതിദിന ഉപഭോഗം 99.92 ദശലക്ഷം യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൽ 10ദശലക്ഷം യൂണിറ്റ് കൂടുതലാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |