SignIn
Kerala Kaumudi Online
Saturday, 19 September 2026 3.12 AM IST

 ഔഷധച്ചെടി വിറ്റ് നേടിയത് 97.5 ലക്ഷം അട്ടപ്പാടിയുടെ സമൃദ്ധിക്ക് 'വനാമൃതം' ഔഷധം

a

 വനാമൃതം പദ്ധതി അഞ്ചാം വർഷത്തിലേക്ക്

പാലക്കാട്: വനത്തിലെ ഔഷധച്ചെടികൾ വിറ്റ് നാലുവർഷം കൊണ്ട് 97.5 ലക്ഷം നേടി സാമ്പത്തിക സുരക്ഷയിലേക്ക് ഒരു പടി കൂടി അടുത്ത് അട്ടപ്പാടിയിലെ ആദിവാസികൾ. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിത നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ 2022ൽ ഇടതുസർക്കാർ ആരംഭിച്ച വനാമൃതം പദ്ധതിയാണ് ലക്ഷ്യത്തിലേക്ക് അടുക്കുന്നത്. 4.8 ലക്ഷമാണ് ജി.എസ്.ടി ഇനത്തിൽ ഇതുവരെ സർക്കാരിലേക്ക് അടച്ചത്. 1,04,756 കിലോഗ്രാം വനവിഭവവും ശേഖരിച്ചു. ആദ്യമായി മണ്ണാർക്കാട് വനം ഡിവിഷനിലാണ് വനംവകുപ്പ് പദ്ധതിയാരംഭിച്ചത്. മണ്ണാർക്കാട്, അട്ടപ്പാടി വനമേഖലയിൽ നിന്ന് ശേഖരിച്ച കുറുന്തോട്ടി, ഓരില, മൂവില, നന്നാരി, കാട്ടുതിപ്പലി, ചെറുതേക്ക്, കരിങ്കുറിഞ്ഞി, ചുണ്ട, ഇരുവേലി തുടങ്ങിയവ മണ്ണാർക്കാട് വനവികസന ഏജൻസി (എഫ്.ഡി.എ) വഴി കോട്ടയ്ക്കൽ ആര്യവൈദ്യ ശാലയിലേക്കാണ് ഔഷധച്ചെടികൾ കൊണ്ടുപോകുക. ഔഷധവിഭവങ്ങൾ ആദിവാസി വനംസംരക്ഷണ സമിതികൾ വാങ്ങുകയും തൂക്കത്തിന് അനുസരിച്ച് വില അപ്പോൾതന്നെ നൽകുകയും ചെയ്യും. മണ്ണാർക്കാട് വനവികസന ഏജൻസിയുടെ കീഴിൽ മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിലായാണ് 11ഓളം വനസംരക്ഷണ സമിതികളുള്ളത്. ആനമൂളി, കച്ചേരിപ്പറമ്പ്, ധാന്യം, കടുകുമണ്ണ, പൊട്ടിക്കൽ, മേലേ ചാവടിയൂർ, മൂലക്കൊമ്പ്, വയലൂർ, വെള്ളക്കുളം, സാമ്പാർകോട്, കള്ളമല തുടങ്ങിയവയാണത്. ഈ സ്ഥിരവരുമാന സ്രോതസ് അവരുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കി.

 10 രൂപ ക്ഷേമകാര്യങ്ങൾക്ക്

ഉണങ്ങിയ കുറുന്തോട്ടി കിലോയ്ക്ക് 118 - 125 രൂപയാണ് വില. ഓരില, മൂവില എന്നിവയ്ക്ക് 105 വരെ ലഭിക്കും, ചുണ്ട 78, തിപ്പല്ലി 130, കരിങ്കുറുഞ്ഞി 48 എന്നിങ്ങനെയാണ് വില. കിലോയ്ക്ക് 10 രൂപ എന്ന കണക്കിൽ ക്ഷേമപ്രവർത്തനങ്ങൾക്കായി വനവികസന ഏജൻസി ഈടാക്കും.

 സംഭരണം 2 ഇടങ്ങളിൽ

മണ്ണാർക്കാട് ഭാഗത്തേത് ആനമൂളി ഫോറസ്റ്റ് സ്റ്റേഷനിലെ കേന്ദ്രത്തിലും അട്ടപ്പാടിയിലേത് മുക്കാലിയിലെ ചെറുകിട വനവിഭവ സംസ്‌കരണ കേന്ദ്രത്തിലും സംഭരിച്ച് സംസ്കരിക്കും.

ദാരിദ്ര്യവും സാമ്പത്തിക അവസരങ്ങളുടെ അഭാവവും നേരിടുന്ന സമൂഹങ്ങൾക്ക് ഈ പദ്ധതി ഒരു വഴിത്തിരിവായി. പണം സമ്പാദിക്കാനുള്ള മികച്ച ഒരു മാർഗമാണ്. കൃഷിയെ മാത്രം ആശ്രയിക്കുക എന്ന രീതി മാറി.

--- അബ്ദുൾ ലത്തീഫ്

മണ്ണാർക്കാട് ഡി.എഫ്.ഒ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLANTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA