
കൊച്ചി:ജലാശയങ്ങളിൽ പാനലുകൾ വിരിച്ച് 3,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഫ്ലോട്ടിംഗ് സോളാർ പദ്ധതി നടപ്പായില്ല. 2022ൽ നടപടികൾ തുടങ്ങിയെങ്കിലും ഇതിനായി ജലാശയങ്ങൾ കണ്ടെത്തിയില്ല. കെ.എസ്.ഇ.ബി-ജലവിഭവവകുപ്പ് റിസർവോയറുകൾ, കായലുകൾ, ക്വാറികൾ, ഉപയോഗശൂന്യമായ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വൈദ്യുതോത്പാദന സാദ്ധ്യതയാണ് പരിഗണിച്ചിരുന്നത്.
2022 ഡിസംബർ 9ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഉന്നതതലസമിതി അനെർട്ടിനെ നോഡൽ ഏജൻസിയാക്കി. വകുപ്പുകളുടെ അഭിപ്രായത്തോടെ തയ്യാറാക്കിയ മാർഗരേഖ 2025 മാർച്ച് 1ന് സർക്കാർ അംഗീകരിച്ചെങ്കിലും മുന്നോട്ടുപോയില്ല.
കൃഷിയോഗ്യമല്ലാത്ത പ്രദേശങ്ങൾ, വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ, ക്വാറി–ഖനനം വഴിയുളള ജലാശയങ്ങൾ തുടങ്ങിയവയാണ് പരിഗണിക്കേണ്ടത്. ഇതിനായി ജില്ലാതലത്തിൽ ലാൻഡ് ബാങ്ക് രൂപീകരിക്കണം. ജലാശയത്തിന്റെ ഉപയോഗം, മത്സ്യബന്ധനം, ജലഗതാഗതം തുടങ്ങിയവയും പരിശോധിക്കണം.
കൃഷി, ജലവിഭവം, മത്സ്യബന്ധനം, റവന്യൂ, വനം, പരിസ്ഥിതി, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകളുടെ പരിശോധനയും അനുമതിയും ആവശ്യമായിരുന്നു.
ചെലവേറെ
കരയിലെ സോളാർ നിലയങ്ങളേക്കാൾ 10–15 ശതമാനത്തിലേറെ മൂലധനച്ചെലവ് വരും. ഫ്ലോട്ടറുകൾ, ആങ്കറിംഗ് സംവിധാനങ്ങൾ എന്നിവ ഒരുക്കണം. ജലനിരപ്പ്, ശക്തമായ കാറ്റ്, പരിപാലനം, വൈദ്യുതി പുറത്തേക്കെത്തിക്കൽ എന്നിവയും സങ്കീർണമാകും. വെള്ളത്തിന്റെ തണുപ്പിക്കൽ സ്വഭാവം മൂലം ഉത്പാദനത്തിൽ 5–10 ശതമാനം വരെ നേട്ടം ഉണ്ടാകാമെന്നായിരുന്നു വിലയിരുത്തൽ.
പദ്ധതി സംബന്ധിച്ച നിർദ്ദേശങ്ങൾ വരികയാണെങ്കിൽ മേൽനോട്ടവും തുടർനടപടികളും അനെർട്ട് വഴി ഏകോപിപ്പിക്കാനായിരുന്നു മാർഗരേഖ. എന്നാൽ പ്രൊപ്പോസൽ ലഭിച്ചിട്ടില്ല
- അനെർട്ട് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |