
പ്രശ്നം തുച്ഛമായ ശമ്പളം
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ഷിപ്പ് ടെക്നോളജി വകുപ്പ് അദ്ധ്യാപകരില്ലാതെ പ്രതിസന്ധിയിൽ. നേവൽ ആർക്കിടെക്ചർ ബി.ടെക് കോഴ്സുള്ള രാജ്യത്തെ ആറ് സ്ഥാപനങ്ങളിൽ പ്രമുഖവും നാവികസേനയുടെ സഹകരണം ലഭിക്കുന്നതുമായ കേന്ദ്രമാണിത്.
നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് ബി.ടെക് കഴിഞ്ഞിറങ്ങുമ്പോൾ തന്നെ വിദ്യാർത്ഥിക്ക് ലക്ഷങ്ങൾ ശമ്പളമുള്ള ജോലി കിട്ടും. എന്നാൽ, അവരെ പഠിപ്പിക്കുന്ന, എം.ടെക്കും പി.എച്ച്ഡിയുമുള്ള അദ്ധ്യാപകന് അര
ലക്ഷത്തിൽ താഴെ രൂപയാണ് യു.ജി.സി നിരക്കിൽ തുടക്ക ശമ്പളം. ഇതുമൂലം അദ്ധ്യാപകരെ കിട്ടാനില്ല. കുസാറ്റിലും പുറത്തുമുള്ള, വിരമിച്ച അദ്ധ്യാപകരുടെ സഹായത്താൽ എങ്ങനെയും കോഴ്സ് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് സർവകലാശാല. വകുപ്പിലെ മുഖ്യവിഷയമായ നേവൽ ആർക്കിടെക്ചർ പഠിപ്പിക്കാൻ രണ്ടു പേരേയുള്ളൂ. അതിലൊരാൾ ദീർഘകാല അവധിയിലാണ്. അവശേഷിക്കുന്നയാൾക്ക് വിദേശ സർവകലാശാലയിൽ അഞ്ചിരട്ടി ശമ്പളത്തിൽ ജോലി
ലഭിച്ചതിനാൽ ദീർഘകാല ലീവിന് അപേക്ഷിച്ചിട്ടുണ്ട്. 2020ലാണ് അവസാനമായി നേവൽ ആർക്കിടെക്ചർ അദ്ധ്യാപക നിയമനം നടന്നത്. അന്ന് നിയമിച്ച അഞ്ചു പേരിൽപ്പെട്ടവരാണ് ഇരുവരും.
1975ൽ 17 അദ്ധ്യാപകരും 15 വിദ്യാർത്ഥികളുമായി തുടങ്ങിയതാണ് കോഴ്സ്. 50 സീറ്റുണ്ട്. ഇതിൽ 25 സീറ്റ് നാവിക സേനയുടേതാണെങ്കിലും വർഷം ഏഴു പേരാണെത്തുക. ഇവരുടെ മേൽനോട്ടത്തിനായി സേന നിയോഗിച്ചിരിക്കുന്ന മൂന്ന് ഓഫീസർമാരും കുസാറ്റിലെ പൂർവ വിദ്യാർത്ഥികളാണ്. ഇവരും അദ്ധ്യാപക വേഷം കെട്ടുന്നതിനാൽ
ക്ളാസുകൾ നടക്കുന്നു.ഇന്ത്യയിലെയും വിദേശത്തെയും കപ്പൽ ശാലകളിലും , ഇന്ത്യൻ നാവിക സേനയിലും കുസാറ്റിലെ നിരവധി പൂർവ്വ വിദ്യാർത്ഥികളുണ്ട്. നേവൽ ആർക്കിടെക്ചറിൽ എം.ടെക്കും ഡോക്ടറേറ്റുമുള്ളവർ അസി. പ്രൊഫസറാകുമ്പോൾ 42,000 രൂപയാണ് തുടക്ക ശമ്പളം. ആനുകൂല്യങ്ങളും അലവൻസുകളും ദീർഘനാളായി
കുടിശികയാണ്. സർക്കാർ ഫണ്ട് വൈകിയാലും മുമ്പ് യൂണിവേഴ്സിറ്റി നൽകുമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാൽ അതും മുടങ്ങി..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |