
പാലക്കാട്: റെയിൽവേയുടെ പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച് മൈസൂരുവിൽ ലയിപ്പിക്കുന്നത് കേരളത്തിന് കോട്ടമാകുമ്പോൾ കർണാടകത്തിന് വലിയ നേട്ടമാകും. പനമ്പൂർ, ഉള്ളാൾ, മംഗളൂരു ജംഗ്ഷൻ, മംഗളൂരു സെൻട്രൽ സ്റ്റേഷനുകൾ ഒക്ടോബർ ഒന്നുമുതലാണ് പാലക്കാട് ഡിവിഷനിൽ നിന്ന് മാറുന്നത്. ഇതോടെ മൈസൂരു റെയിൽവേ ഡിവിഷന്റെ വാർഷിക വരുമാനത്തിൽ 500 - 600 കോടി രൂപയുടെ വർദ്ധനയാണ് ഉണ്ടാവുക. ഏറ്റവുംകൂടുതൽ ചരക്കുനീക്കം നടക്കുന്ന പനമ്പൂർ നഷ്ടമാകുന്നത് പാലക്കാട് ഡിവിഷന്റെ വാർഷിക വരുമാനത്തിൽ 1100 കോടിയുടെ കുറവാണുണ്ടാക്കുക. മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ സ്റ്റേഷനുകൾ മാറിപ്പോകുന്നത് ടിക്കറ്റ് വരുമാനത്തെയാണ് കൂടുതൽ ബാധിക്കുക.
ഡിവിഷൻ മാറുന്നതിനൊപ്പം സോൺ മാറ്റം കൂടി വരുന്നതിനാൽ ജീവനക്കാരുടെ സീനിയോറിറ്റി, സ്ഥാനക്കയറ്റം, ഗ്രേഡ് എന്നിവയെ ദോഷകരമായി ബാധിക്കും. സ്ഥലംമാറ്റ പരിധിയും പ്രശ്നമാകും. നിലവിൽ കേരളത്തിനകത്ത് എവിടേക്ക് വേണമെങ്കിലും ട്രാൻസ്ഫർ വാങ്ങിപ്പോകാൻ കഴിഞ്ഞിരുന്ന ജീവനക്കാർ പുതിയ സോണിലേക്ക് മാറുന്നതോടെ കർണാടകയിലെ ഏതെങ്കിലും പ്രദേശങ്ങളിൽ മാത്രം തുടരേണ്ടിവരും. പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകൾ കിട്ടാനുള്ള സാധ്യത കുറയും. പുതിയ ട്രെയിനുകൾ അനുവദിക്കുന്നത് വരുമാനം നോക്കിയാണ്. വരുമാനം കുറയുന്നതോടെ ബഡ്ജറ്റിൽ വിഹിതവും കുറയും. കിലോമീറ്റർ, ട്രാക്ക്, പ്രധാന സ്റ്റേഷനുകൾ, വരുമാനം എന്നിവ മാനദണ്ഡമാക്കിയാണ് ബഡ്ജറ്റ് വിഹിതം അനുവദിക്കുന്നത്.
ചരക്കുനീക്കവരുമാനം പാടേ ഇടിയും
പാലക്കാട് ഡിവിഷന്റെ 90 % വരുമാനവും ചരക്കുനീക്കത്തിൽ നിന്നാണ്. കഴിഞ്ഞ വർഷം പാലക്കാട് ഡിവിഷൻ കൈകാര്യം ചെയ്തത് 733 ലക്ഷം ടൺ ചരക്കാണ്. ഇതിലെ 90 ശതമാനത്തിലേറെയും മംഗളൂരു, പനമ്പൂർ, ഉള്ളാൾ മേഖലയിൽ നിന്നാണ്. മംഗളൂരു തുറമുഖത്ത് നിന്ന് കൽക്കരി, വളം, പെട്രോളിയം അടക്കമുള്ള ചരക്ക് നീക്കുന്ന സ്‌റ്റേഷനാണ് പനമ്പൂർ.
നടപ്പ് സാമ്പത്തികവർഷത്തിന്റെ ആദ്യത്തെ നാലുമാസത്തിൽ യാത്രക്കൂലിയിനത്തിലെ പാലക്കാടിന്റെ വരുമാനം 400 കോടി കടന്നിരുന്നു. ഇതിലെ ഒരുഭാഗം മംഗളൂരു, പനമ്പൂർ, ഉള്ളാൾ മേഖലയിലേക്ക് പോവും. ഇതോടെ പാലക്കാടിന്റെ ആകെ വരുമാനത്തിന്റെ 50 ശതമാനത്തിലേറെ കുറയും. റൂട്ട് കിലോമീറ്ററും വരുമാനവും കുറയുന്നതോടെ ലഭിക്കേണ്ട ഫണ്ടുകൾ കുറയും. ഇതെല്ലാം ഡിവിഷൻ നിറുത്തലാക്കുന്നതിലേക്കു നയിക്കാമെന്നും ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി പറയുന്നു.
പാലക്കാട് ഡിവിഷൻ വിഭജനം: പ്രധാനമന്ത്രിക്ക് കത്തയച്ചു
പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്ന് മംഗളൂരു സ്റ്റേഷൻ ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാദ്ധ്യതകളെയും ബാധിക്കാവുന്ന തീരുമാനം സംബന്ധിച്ച് സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |