SignIn
Kerala Kaumudi Online
Thursday, 11 June 2026 5.47 AM IST

മത്തിക്കും അയലയ്ക്കും 300 രൂപ ,​ കരിമീനിന് കിലോയ്ക്ക് 650 വരെയായി,​ ഇറച്ചിയാണെങ്കിൽ കിട്ടാനുമില്ല

fjisj

കോട്ടയം : 52 ദിവസത്തെ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നതോടെ കടൽ മീനിന് ക്ഷാമമായി. വിലയും ഉയർന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് അറവുമാടുകളെ കൊണ്ടുവരുന്നതിനെതിരെ നാളെ മുതൽ ഒരാഴ്ച ജില്ലയിൽ ഇറച്ചി വില്പന ശാലകൾ അടച്ചിടുകയാണ്. പുഴകളിൽ അനധികൃത മീൻപിടിത്തവും നിരോധിച്ചു. മഴ ശക്തമായതോടെ കായൽമീൻ ലഭ്യതയും കുറഞ്ഞു. കടലിൽ മീൻ പിടിക്കുന്നതിന് ചെറുവള്ളങ്ങൾ മാത്രമേ ഉപയോഗിക്കാനാവൂ. മത്തി, അയില, കിളി, കൊഴുവ തുടങ്ങിയ ചെറിയ ഇനം മത്സ്യങ്ങളേ ലഭിക്കൂ. നിലവിൽ ഇവയ്ക്ക് 150 - 300 രൂപ വരെ വിലയുണ്ട്. കാലവർഷം ആരംഭിച്ചതോടെ ഊത്തപിടിത്തം സജീവമായിരുന്നു. പുല്ലൻ, വാള, കാരി, കൂരി, മുശി, പരൽ, വയമ്പ് തുടങ്ങിയവയുടെ ലഭ്യത കൂടിയതോടെ വിലയും കുറഞ്ഞു. ഊത്തപിടിത്തം ചെറുമത്സ്യങ്ങളുടെ പ്രജനനത്തിന് തടസമാകുമെന്നതിനാൽ നിരോധിച്ചു. കായൽ മത്സ്യങ്ങളുടെ വിലയും ഉയർന്നു. ഇടത്തരം കരിമീന് കിലോയ്ക്ക് 500- 650 വരെയായി. മുരശ് , വാള, കൂരി, കായൽ കാളാഞ്ചി, കായൽ വറ്റ തുടങ്ങിയവയുടെ വിലയും വർദ്ധിച്ചു.

കാലിവരവ് കുറഞ്ഞു

മാംസ സംസ്കരണ ഫാക്ടറികൾ അയൽ സംസ്ഥാനങ്ങളിൽ ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള കാലി വരവ് കുറഞ്ഞു.ആരോഗ്യവകുപ്പിന്റെ കർശന നിബന്ധനകളും, സാമൂഹ്യവിരുദ്ധ ആക്രമണവും വർദ്ധിച്ചതോടെ മാട്ടിറച്ചി വില കിലോയ്ക്ക് 500 രൂപയിൽ എത്തിയിരുന്നു. പ്രതിസന്ധി പരിഹരിക്കാത്തതിനെതിരെ നാളെ മുതൽ ഒരാഴ്ച കോട്ടയത്ത് മീറ്റ് സ്റ്റാളുകൾ അടച്ചിടാനാണ് മീറ്റ് ഇൻഡസ്ട്രീസ് വെൽഫയർ അസോസിയേഷൻ തീരുമാനം.

''അയൽ സംസ്ഥാനങ്ങളിൽ നിന്ന് റെയിൽമാർഗം പോത്തിൻ കുട്ടികളെ എത്തിക്കാൻ സർക്കാർ നടപടി സ്വീകരിച്ചാൽ ചെക്ക് പോസ്റ്റുകളിലെ സാമൂഹ്യ വിരുദ്ധ ശല്യം അവസാനിപ്പിക്കാം. സാധാരണക്കാർക്ക് പോത്തിൻകുട്ടികളെ ലഭ്യമാക്കിയാൽ വളർത്തി നല്ല വരുമാനമുണ്ടാക്കാനും കഴിയും.

-എബി ഐപ്പ് (കർഷക കോൺഗ്രസ്‌ )

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA