
കൊല്ലം: 'പുങ്കന്നൂർ" പശുക്കൾ. ജന്മദേശം ആന്ധ്രയിലെ ചിറ്റൂർ. വലിപ്പത്തിൽ കുഞ്ഞൻ. എണ്ണത്തിൽ കുറവ്. കേരളത്തിലും വളർത്തുന്നുണ്ടെങ്കിലും അപൂർവം. പക്ഷേ, മലയാളമാസം ഒന്നാം തീയതികളിൽ പല ഉന്നതരുടേയും വീട്ടിൽ പുങ്കന്നൂർ പൂവാലികളെത്തും. അവർക്ക് കണികാണാൻ. ഈ ചിങ്ങപ്പുലരിയിലും എത്തുന്നുണ്ട് അവ പലരുടേയും വീട്ടിൽ. അടുത്തകാലത്താണ് ഈ ട്രെൻഡ്. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുങ്കന്നൂർ പൂവാലിയെ ഓമനിക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വന്നതോടെയാണ് ഗോപ്രേമികളുടെ മനസിൽ ഇടംനേടിയത്.
5000 മുതൽ 10000 രൂപവരെ വാടക നൽകിയാണ് കണികാണാൻ എത്തിക്കുന്നത്. ഒരു ദിവസം മുഴുവൻ വീട്ടുവളപ്പിൽ നിറുത്തുന്നതിന് തൊഴിലാളിയുടെ വേതനമടക്കം 25,000 രൂപവരെ ഈടാക്കുന്നവരുമുണ്ട്. മൂന്നടി ഉയരവും തൂവെള്ള നിറവുമുള്ള പുങ്കന്നൂർ പശുക്കൾക്ക് ലക്ഷങ്ങളാണ് വിപണിവില. പശുക്കൾക്ക് 100 കിലോവരെയും കാളകൾക്ക് 200 കിലോവരെയും ഭാരം വയ്ക്കും. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് അപൂർവമായെങ്കിലും ഇവയെ വളർത്തുന്നത്. ആകെ 200ൽ താഴെ. കണികാണാൻ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്നുണ്ട്.
തിരുപ്പതിയിൽ പ്രിയം
മാസപ്പിറയിൽ തിരുപ്പതി ഭഗവാന് അഭിഷേകം ചെയ്യാൻ പുങ്കന്നൂർ പശുക്കളുടെ പാൽ ഭക്തർ എത്തിക്കാറുണ്ട്. ഇവയുടെ സംരക്ഷണത്തിനായി ആന്ധ്ര പാലമനേർ ലൈവ് സ്റ്റോക്ക് റിസർച്ച് സ്റ്റേഷനിൽ പ്രത്യേക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഒരു കറവക്കാലത്ത് ശരാശരി 546 ലിറ്റർ പാൽ ലഭിക്കും. പാലിൽ 5 ശതമാനം കൊഴുപ്പും ഉയർന്ന എ2 ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
അനിയന്ത്രിതമായ സങ്കര പ്രജനനം മൂലം പുങ്കന്നൂർ ഇനം വംശനാശ ഭീഷണി നേരിടുകയാണ്.
ഡോ.ഡി.ഷൈൻകുമാർ,
റിട്ട.ജില്ലാ മൃഗസംരക്ഷണ ഓഫീസർ, കൊല്ലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |