SignIn
Kerala Kaumudi Online
Thursday, 25 June 2026 1.29 AM IST

60 രൂപയ്ക്ക് കിട്ടുന്ന മീന്‍, വില്‍ക്കുന്നത് മൂന്നിരട്ടി വിലയ്ക്ക്; നടക്കുന്നത് കൊള്ളയടി

fish

ആലപ്പുഴ: ട്രോളിംഗിന്റെ മറവില്‍ മത്സ്യവ്യാപാരികള്‍ മീനിന് വില ഉയര്‍ത്തുന്നതായി ആക്ഷേപമുയരുന്നു. തീരത്തുനിന്ന് തുച്ഛമായ വിലയ്ക്ക് ലേലം ചെയ്യുന്ന മീന്‍ രണ്ടും മൂന്നും ഇരട്ടി വിലയ്ക്കാണ്‌നഗരത്തിലും നാട്ടിന്‍പുറങ്ങളിലും വില്‍പ്പന നടത്തുന്നത്. മത്സ്യങ്ങളുടെ പ്രജനന സമയമായതിനാല്‍ മണ്‍സൂണ്‍ കാലത്ത് 45 ദിവസം യന്ത്രവല്‍കൃത ബോട്ടുകളുപയോഗിച്ച് മത്സ്യ ബന്ധനം നിരോധിച്ചിരിക്കുന്നതിനാല്‍ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ചെറുവള്ളങ്ങളില്‍ പോയി പിടിക്കുന്ന മത്സ്യങ്ങളാണ് ആശ്രയം. ജില്ലയിലെ തോട്ടപ്പള്ളി, ചെത്തി,സമീപത്തെ അഴീക്കല്‍ ഹാര്‍ബറുകളില്‍ നിന്നുള്ള മത്സ്യങ്ങളാണ് ഇപ്പോള്‍ വിപണിയിലുള്ളത്.


കാലവര്‍ഷവും കടല്‍ക്ഷോഭവും മാറിനില്‍ക്കുകയും കാലാവസ്ഥാവ്യതിയാനവും മത്സ്യലഭ്യതയില്‍ മുന്‍കാലങ്ങളിലേക്കാള്‍ വന്‍കുറവിന് കാരണമായിരിക്കെ, പരമ്പരാഗത തൊഴിലാളികള്‍ കട്ടമരങ്ങളിലും പൊന്തുവള്ളങ്ങളിലും ഫൈബര്‍ ബോട്ടുകളിലുമെത്തിക്കുന്ന മത്സ്യങ്ങള്‍ തുച്ഛമായ വിലയ്ക്ക് ലേലം ചെയ്‌തെടുത്തശേഷം രണ്ടും മൂന്നും ഇരട്ടി വിലയ്ക്ക് വില്‍പ്പന നടത്തുമ്പോള്‍ ഒരേസമയം മത്സ്യതൊഴിലാളികളും മത്സ്യം വാങ്ങുന്നവരും ചൂഷണം ചെയ്യപ്പെടുകയാണ്, തോട്ടപ്പള്ളിയുള്‍പ്പെടെ ഹാര്‍ബറുകളില്‍ നത്തോലി, മത്തി, ചെമ്മീന്‍ തുടങ്ങിയ മത്സ്യങ്ങളാണ് ഇപ്പോള്‍ സുലഭമായി ലഭിക്കുന്നത്. ഇതില്‍ വന്‍തോതില്‍ ലഭിക്കുന്ന നെത്തോലിയ്ക്ക് ഹാര്‍ബറിലെ വില കിലോഗ്രാമിന് 60 രൂപയാണ് .


എന്നാല്‍ ചില്ലറ വില്‍പ്പനശാലകളിലും മത്സ്യക്കച്ചവടക്കാരുടെവാഹനങ്ങളിലും കിലോയ്ക്ക് 180 രൂപവരെ വിലയ്ക്കാണ് വില്‍പ്പന നടത്തുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുലഭമായി ലഭിക്കുന്ന മത്തിയ്ക്ക് ഹാര്‍ബറിലെ ലേലവില കിലോയ്ക്ക് 80-100 രൂപവരെയാണെങ്കില്‍ ചില്ലറ വില്‍പ്പന 200 രൂപ നിരക്കിലാണ്. പൂവാലന്‍ ചെമ്മീന്‍ കി.ഗ്രാമിന് 220 രൂപ നിരക്കില്‍ ലഭിക്കുമെന്നിരിക്കെ കച്ചവടക്കാര്‍ 400-450 നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. ഫിഷിംഗ് ബോട്ടുകളുടെ ഇന്ധന ചിലവിലും കൂലിയിലും വന്‍വര്‍ദ്ധനയുണ്ടാകുകയും സാധാരണ സീസണില്‍ ലഭിക്കുന്നത്ര മത്സ്യം ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനിടെയാണ് അമിത വില ഈടാക്കി ഇടനിലക്കാരുടെയും കച്ചവടക്കാരുടെയും കൊള്ള.


ട്രോളിംഗിന്റെ മറവില്‍ കൊള്ളയടി

1.തീരത്തെ കൊള്ളയില്‍ പൊറുതി മുട്ടിയ മത്സ്യ തൊഴിലാളികള്‍ മത്സ്യം വല സഹിതം ഉള്‍നാടുകളിലെത്തിച്ച് റോഡരികിലും മറ്റും വലകുടഞ്ഞ് വില്‍പ്പന നടത്തുന്നത് ഇപ്പോള്‍ പതിവായി


2. ജൂണ്‍- ജൂലായ് മാസങ്ങളില്‍ ശക്തമായ കാലവര്‍ഷത്തിനും കടലാക്രമണത്തിനുമിടയില്‍ സുലഭമായി ലഭിച്ചിരുന്ന താട, പരവ, വേളൂരി, നാരന്‍, പൂവാലന്‍,കിളി തുടങ്ങിയ മത്സ്യങ്ങളൊന്നും ഈ സീസണില്‍ ലഭിച്ചിട്ടില്ല


3.കാലവര്‍ഷ സീസണില്‍ കഴിഞ്ഞ ഏതാനും ദിവസമായുണ്ടാകുന്ന ശക്തമായ ചൂടും ഈ സമയത്ത് തീരത്തെത്തേണ്ട പല മത്സ്യങ്ങളുടെയും ക്ഷാമത്തിനും കാരണമായിട്ടുണ്ട്


4.കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും ചൂഷണവും കൊള്ളയും തടയുന്നതിനായി മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അന്തിപ്പച്ചയുള്‍പ്പെടെ വില്‍പ്പനശാലകളില്‍ പലതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല


ഹാര്‍ബറില്‍ നിന്നും തുച്ഛമായ വിലയ്ക്ക് ലേലം ചെയ്തുകൊണ്ടുപോകുന്ന മീന്‍രണ്ടും മൂന്നും ഇരട്ടി വിലയ്ക്ക് വില്‍പ്പന നടത്തി കച്ചവടക്കാരും ഇടനിലക്കാരും ജനങ്ങളെയും മത്സ്യത്തൊഴിലാളികളെയും കൊള്ളയടിക്കുകയാണ്. ഇതിന് പരിഹാരം കണ്ടേ മതിയാകൂ -സാഗര്‍, മത്സ്യത്തൊഴിലാളി , വലിയഴീക്കല്‍

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA