രോഗങ്ങളില്ലാതെ ആരോഗ്യത്തോടെ ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ, കേരളത്തിൽ ഇപ്പോൾ ജീവിതശൈലീ രോഗങ്ങളുടെ നിരക്ക് വളരെ ഉയർന്ന നിലയിലാണ്. ആരോഗ്യ വകുപ്പിന്റെ സർവേകൾ പ്രകാരം സംസ്ഥാനത്ത് മുതിർന്നവരിൽ ഏകദശേം 41 മുതൽ 45 ശതമാനംപേരും ഏതെങ്കിലും തരത്തിലുള്ള രോഗ സാദ്ധ്യതകളുള്ളവരോ അല്ലെങ്കിൽ ജീവിതശൈലി രോഗങ്ങൾ ബാധിച്ചവരോ ആണ്. ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ മലയാളികളെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
അമിതമായ അളവിൽ കാർബോഹൈഡ്രേറ്റ്, എണ്ണ പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ കഴിക്കുന്നതും വ്യായാമക്കുറവുമാണ് ഈ രോഗങ്ങൾ വരാനുള്ള പ്രധാന കാരണം. ജോലിത്തിരക്ക് കാരണം കൃത്യമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാനാകാത്തതും ആരോഗ്യപ്രദമായ ഭക്ഷണത്തെക്കുറിച്ച് ശരിയായ അറിവില്ലാത്തതുമാണ് ഇതിന് മറ്റൊരു കാരണം.
മലയാളികളുടെ ഈ അവസ്ഥ മനസിലാക്കി വ്യത്യസ്തമായ ഒരു സംരംഭത്തിലേക്ക് ഇറങ്ങിത്തിരിച്ചയാളാണ് തിരുവനന്തപുരം നേമം സ്വദേശി വിവേക് ബാബുരാജ്. കാനഡയിൽ റോബോട്ടിക് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന വിവേക് നാട്ടിലെത്തിയതും ബിസിനസ് രംഗത്തേക്കും കടന്നത് വളരെ യാദൃശ്ചികമായാണ്. അധികമാരും ഇറങ്ങിച്ചെല്ലാത്ത പുത്തൻ ബിസിനസ് ആശയവും അത് യാഥാർത്ഥ്യമാക്കിയ വിവേകിനെയും പരിചയപ്പെടാം.
മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ വിവേക് റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷനിൽ കാനഡയിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. ശേഷം വർഷങ്ങളോളം അവിടെ ജോലിയിൽ ചെയ്യുകയായിരുന്നു. എന്നാൽ, പിതാവിന്റെ രോഗവും ചികിത്സയും കാരണം ഇടയ്ക്കിടെ നാട്ടിൽ വരേണ്ട അവസ്ഥയായിരുന്നു. നാട്ടിൽ അച്ഛൻ ബാബുരാജും അമ്മ സ്വപ്നയും ഒറ്റയ്ക്കായതിനാൽ കാനഡയിലെ ജോലി ഉപേക്ഷിച്ച് വിവേകും ഭാര്യ ഗ്രീഷ്മയും നാട്ടിലെത്തി.
ശരിയായ ഭക്ഷണക്രമം പാലിക്കാത്തതാണ് പിതാവിന്റെ അടിക്കടിയുള്ള രോഗത്തിന് കാരണമെന്ന് മനഃസിലാക്കിയ വിവേക് ഇതേക്കുറിച്ച് കൂടുതൽ ചിന്തിച്ചു. അങ്ങനെയാണ് ആരോഗ്യപ്രദമായ ഭക്ഷണം ആളുകളിലേക്ക് എത്തിക്കുന്ന ഒരു ബിസിനസിനെക്കുറിച്ചുള്ള ആശയം മനസിലെത്തിയത്. ചോറും കറികളും ഉപേക്ഷിച്ച് ഡയറ്റ് നോക്കാനാകാത്ത മലയാളികൾക്ക് അവരുടെ തനത് ഭക്ഷണം തന്നെ നൽകി ആരോഗ്യം നിലനിർത്തുക എന്നതായിരുന്നു വിവേകിന്റെ ലക്ഷ്യം. ഇതിനായി 'ഫിറ്റോറ' എന്ന ബ്രാൻഡ് അദ്ദേഹം ആരംഭിച്ചു. കഴക്കൂട്ടത്ത് ടെക്നോപാർക്കിന് സമീപത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഓർഡർ അനുസരിച്ച് ഇഷ്ടഭക്ഷണം കൃത്യസമയത്ത് ഇവർ നിങ്ങളുടെ വീടുകളിൽ എത്തിച്ചുനൽകും.
പ്രോട്ടീൻ, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ കലവറയാണ് കേരളത്തിലെ ഭക്ഷണങ്ങൾ. എന്നാൽ, ഇവ ശരിയായ അളവിൽ കഴിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാക്കുക. അതിനാൽ ഫിറ്റോറയിലെത്തുന്ന ഓരോരുത്തർക്കും ന്യൂട്രിഷനിസ്റ്റുകളുടെ സേവനം ലഭിക്കും. ശരീരഭാരം കുറയ്ക്കുക, പ്രമേഹം നിയന്ത്രിക്കുക, ആരോഗ്യത്തോടെ ഭക്ഷണം കഴിക്കുക തുടങ്ങി നിങ്ങളുടെ ലക്ഷ്യം ഏതായാലും അതിന് അനുയോജ്യമായ രീതിയിൽ ഡയറ്റ് തയ്യാറാക്കി വീടുകളിൽ ഭക്ഷണം എത്തിച്ചുതരുന്നതാണ്.
കഴക്കൂട്ടത്തിന് രണ്ട് കിലോമീറ്ററിൽ ഡെലിവറി ഫ്രീയാണ്. ഫിറ്റോറയുടെ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് സബ്സ്ക്രിപ്ഷൻ ആരംഭിക്കാവുന്നതാണ്. വിവേകിന്റെ അടുത്ത സുഹൃത്തുക്കളായ ജെറിൽ ബെന്നി, വിമൽ രാജ്, വിഷ്ണു ബി ചന്ദ്രൻ എന്നിവരും ഫിറ്റോറയുടെ പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
തവിട് കളയാത്ത അരിയും ഊട്ടിയിൽ നിന്നുള്ള ജൈവ പച്ചക്കറികളും പഴങ്ങളുമാണ് ഫിറ്റോറയിലെ പാചകത്തിനായി ഉപയോഗിക്കുന്നത്. പ്രോട്ടീനിനായി ചിക്കൻ ബ്രസ്റ്റ്, ഉയർന്ന ക്വാളിറ്റിയുള്ള മീനുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. ആരോഗ്യഗുണങ്ങൾ നഷ്ടപ്പെടാതെ വെളിച്ചെണ്ണയിൽ കൃത്യമായ താപനിലയിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഇതിനായി വിദഗ്ദ്ധരായ ഷെഫുമാരും വിവേകിനൊപ്പമുണ്ട്. ആരോഗ്യഗുണങ്ങളും രുചിയും ഒരുപോലെയുള്ള ഭക്ഷണങ്ങളാണ് ഫിറ്റോറയിൽ ലഭിക്കുന്നത്.
നിലവിൽ ഉച്ചയ്ക്കും രാത്രിയുമുള്ള ഭക്ഷണമാണ് ഫിറ്റോറ ഒരുക്കുന്നത്. അടുത്ത മാസം മുതൽ പ്രഭാത ഭക്ഷണവും ലഭ്യമാണ്. ഇതുകൂടാതെ തികച്ചും നാച്വറലായി തയ്യാറാക്കുന്ന വിവിധ തരം പ്രോട്ടീൻ ഷെയ്ക്കുകളും ഡീടോക്സ് ഡ്രിങ്കുകളുമുണ്ട്. വർഷങ്ങളായി ശീലിച്ച് വരുന്ന ഭക്ഷണശീലം മാറ്റാതെ തന്നെ ശരീരഭാരം കുറയ്ക്കാനാകുന്നതിനാൽ മടുപ്പ് തോന്നാതെ തന്നെ എല്ലാവർക്കും ഫിറ്റോറയിലെ ഭക്ഷണം കഴിക്കാനാകും.
'ആരോഗ്യകരമായ ഭക്ഷണം എന്നുകരുതി മറ്റ് രാജ്യങ്ങളിലെ ഭക്ഷണക്രമം അനുകരിക്കാതിരിക്കുക. ചെറുപ്പം മുതൽ നമ്മൾ കഴിച്ചുവന്ന ഭക്ഷണങ്ങൾ നിയന്ത്രിക്കേണ്ടിവരുന്നതും സാലഡുകൾ മാത്രം കഴിച്ച് വിശപ്പടക്കുന്നതും ഭൂരിഭാഗംപേർക്കും ബുദ്ധിമുട്ടാണ്. അതിനുള്ള പരിഹാരമാണ് ഫിറ്റോറ. അസുഖം വന്നിട്ടാണ് പലരും ഇപ്പോൾ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നതും നല്ല ഭക്ഷണം കഴിക്കുന്നതും. ആ ചിന്ത മാറണം. അതാണ് ഫിറ്റോറയിലൂടെ ലക്ഷ്യമിടുന്നത്' - വിവേക് പറഞ്ഞു.
ചോറിനൊപ്പം ഫൈബറിനായി ഏതെങ്കിലും പച്ചക്കറി ഉപയോഗിച്ചുള്ള തോരൻ, പ്രോട്ടീൻ ഉറപ്പാക്കാൻ ചിക്കൻ അല്ലെങ്കിൽ മീൻ, ഫ്രൂട്ട് സാലഡ്, പ്രോബയോട്ടിക്കിനായി തൈര് ഉപയോഗിച്ചുള്ള ഒരു കറിയും ഉണ്ടാകും. അത്താഴത്തിനായി അപ്പം, ചപ്പാത്തി, പുട്ട് എന്നിവയാകും ലഭിക്കുക. ഇതിനൊപ്പം പ്രോട്ടീൻ, ഫൈബർ എന്നിവ ഉറപ്പാക്കും.
ഇതിനുപുറമേ കോൺ സ്റ്റാർച്ച് ഉപയോഗിച്ചാണ് ഭക്ഷണത്തിന്റെ പാക്കേജിംഗ്. പ്ലാസ്റ്റിക്ക് അല്ലാത്തതിനാൽ ഇതിൽ യാതൊരവിധ കെമിക്കലുകളും ഇല്ല. കൂടാതെ നിങ്ങൾ ലഞ്ച് ബോക്സുകൾ നൽകിയാൽ അതിൽ ഭക്ഷണം നൽകുന്നതാണ്. വെറും നാല് മാസത്തിനുള്ളിൽ തന്നെ ഡോക്ടർമാർ, ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെ നൂറുകണക്കിനുപേർ ഫിറ്റോറയുടെ സബ്സ്ക്രിപ്ഷൻ എടുത്തിട്ടുണ്ട്.
Vivek Baburaj, a former robotics engineer in Canada, returned to Kerala and launched Fitora, a healthy food delivery business near Technopark in Kazhakkoottam. Inspired by his father’s health issues, he aims to help people eat nutritious traditional Kerala meals without abandoning familiar foods. Fitora offers personalised diet plans, balanced meals, protein shakes and detox drinks using carefully selected ingredients.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |