SignIn
Kerala Kaumudi Online
Thursday, 15 October 2026 1.50 PM IST

'അവർക്ക് വ്യക്തമായ പ്ലാനുണ്ട്, ബോസ്റ്റൽ ജയിലെന്ന് പോലും ആദ്യമായാണ് കേൾക്കുന്നത്'; സുഹൈലിനെ സർക്കാർ സഹായിക്കരുതെന്ന് ഭാഗ്യലക്ഷ്‌മി

bhagyalakshmi
ഭാഗ്യലക്ഷ്‌മി, സുഹൈൽ സജീവ്

കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകളാണ് കേരളത്തിൽ നടക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി. പണത്തിന്റെ ഹുങ്കും ധാർഷ്‌ട്യവുമാണ് പ്രതി സുഹൈൽ സജീവ് റോഡിൽ പ്രകടിപ്പിച്ചതെന്നും മാതാപിതാക്കളുടെ തെറ്റായ പിന്തുണയാണ് ഇതിന് കാരണമെന്നും അവർ കുറ്റപ്പെടുത്തി. തെളിവെടുപ്പ് വേളയിൽ പ്രതിയെ പൊലീസ് സഹായിക്കുന്ന രീതിയിൽ പെരുമാറിയെന്നും അവർ സംശയം പ്രകടിപ്പിച്ചു.

രാത്രി സ്‌ത്രീകൾ പുറത്തിറങ്ങുന്നതിനെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ശശികലയുടെ നിലപാടുകളെയും ഭാഗ്യലക്ഷ്‌മി രൂക്ഷമായി വിമർശിച്ചു. സ്‌ത്രീകൾക്കെതിരായ ഇത്തരം മാനസികാവസ്ഥകൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും അവർ ഫേസ്‌ബുക്ക് വീ‌ഡിയോയിലൂടെ ഓർമിപ്പിച്ചു.താൻ പോസ്റ്റ് ചെയ്‌ത വീഡിയോയ്‌ക്ക് താഴെ വന്ന് ചീത്ത വിളിക്കുന്നവന്മാരോട്, നിനക്ക് എന്തെങ്കിലും അഭിപ്രായം പറയാമെങ്കിൽ എനിക്കും പറയാം. ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും എന്ന കുറിപ്പോടെയാണ് ഭാഗ്യലക്ഷ്‌മി വീഡിയോ പങ്കുവച്ചത്.

നെടുമ്പാശേരിയിലെ അപകടം അശ്രദ്ധയെന്ന് വിളിക്കാൻ കഴിയില്ല. ശുദ്ധമായ ധാർഷ്‌ട്യമാണ് ആ കുട്ടി പ്രകടിപ്പിച്ചത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ പണത്തിന്റെ ഹുങ്ക് ആ കുട്ടി കാണിച്ചു. അതുകൊണ്ടാണ് എന്റെ അച്ഛൻ വരും എന്നവൻ പറഞ്ഞത്. അവൻ ജീവിതത്തിൽ ചെയ്‌തിട്ടുള്ള പല തെറ്റുകൾക്കും അവന്റെ അച്ഛനും അമ്മയും അവന് കൂട്ടുനിന്നിട്ടുണ്ടാകാം. രാജ്യത്തെ നിയമങ്ങൾ എന്താണെന്ന് അറിയാതെയാണ് അവൻ വള‌ർന്നത്. റോഡിൽ അവൻ കാണിച്ചത് ആ വളർത്തലിന്റെ ഫലമാണ്.

തെളിവെടുപ്പിനിടെ പൊലീസ് അവന് സൂചനകൾ നൽകുന്നതുപോലെയാണ് എനിക്ക് തോന്നിയത്. പണവും സ്വാധീനവുമുള്ളവർക്ക് ഇവിടെയുള്ള നിയമങ്ങൾ എപ്പോഴും അനുകൂലമാണെന്ന് തോന്നുന്നു. പല കേസുകളിലും നമ്മളത് നേരിട്ട് കാണുന്നതാണ്. പണമുള്ളവർക്ക് എന്ത് ചെയ്യാനും അത് മൂടി വയ്‌ക്കാനും സാധിക്കും.

കോടതി ആ കുട്ടിയെ ബോസ്റ്റൽ സ്‌കൂളിലേക്ക് അയച്ചു. ഇങ്ങനെയൊരു ജയിലുണ്ടെന്ന് ഞാൻ ആദ്യമായാണ് കേൾക്കുന്നത്. അവനെ അങ്ങനെയൊരു ജയിലിലേക്ക് അയക്കണമെങ്കിൽ വ്യക്തമായ പ്ലാനോടെയാണ് അവർ കോടതിയിൽ പോയത്. പ്രോസിക്യൂട്ടർ അതിനെ എതിർക്കണം. അവനെ അവിടേക്ക് അയക്കാൻ പാടില്ല. കാരണം അവനൊരു ബുദ്ധിശക്തിയില്ലാത്ത കുട്ടിയല്ല. അതിനാൽ, കടുത്ത ശിക്ഷ തന്നെ നൽകണം. ഒരു കാരണവശാലും സർക്കാരും ആഭ്യന്തര മന്ത്രിയും നിങ്ങളുടെ വകുപ്പും പൊലീസും അവനെ സഹായിക്കുന്ന രീതിയിൽ പ്രവർത്തിക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു - ഭാഗ്യലക്ഷ്‌മി പറഞ്ഞു.

English Summary

Dubbing artist Bhagyalakshmi has criticised Suhail Sajeev following the accident in Nedumbassery that killed three people. She alleged that arrogance and parental support contributed to his behaviour and questioned the police’s conduct during evidence collection. She also called for strict punishment and criticised remarks about women going out at night, urging society to challenge attitudes that blame women.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEDUMBASSERY MINI COOPER ACCIDENT, BHAGYALAKSHMI SUHAIL SAJEEV, KERALA ACCIDENT NEWS MALAYALAM, NEDUMBASSERY ACCIDENT CASE, MINI COOPER ACCIDENT KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA