SignIn
Kerala Kaumudi Online
Sunday, 07 June 2026 4.13 AM IST

ഈ പള്ളീലച്ചൻ കൃഷിയുടെ ഫാദർ

padam-1
ഫാ. ഐസക്ക് മട്ടമ്മേൽ കൃഷിയിടത്തിൽ

കൊച്ചി: പച്ചക്കറി കൃഷിയിറക്കി വിളവെടുത്ത് മാർക്കറ്റിലെത്തിച്ച് വിൽക്കുന്നതാണ് ഫാദർ ഐസക് മട്ടമ്മേൽ കോർ എപ്പിസ്‌കോപ്പയുടെ ആനന്ദം. രണ്ട് പതിറ്റാണ്ടായുള്ള പതിവാണിത്. 75-ാം വയസിലും ചെമ്മനാട്ടെ മാർക്കറ്റിൽ ഫാദർ ഐസക് എത്തും. രാവിലെ എത്തിക്കുന്ന ജൈവ പച്ചക്കറി ചൂടപ്പംപോലെ വിറ്റുപോകും. കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രൽ വികാരിയാണ്.

രാവിലെ കുർബാന കഴിഞ്ഞാൽ കൈക്കോട്ടുമായി പള്ളിപ്പറമ്പിലോ സ്വന്തമായുള്ള മൂന്നേക്കർ കൃഷിയിടത്തിലേക്കോ ഫാദറെത്തും. തടമെടുക്കലും നടീലും കൃഷിപരിപാലനവുമായി ഉച്ചയൂണു സമയം വരെ തോട്ടത്തിലുണ്ടാകും. ഭക്ഷണത്തിനും ഇത്തിരിനേരത്തെ വിശ്രമത്തിനും ശേഷം 2.30ഓടെ വീണ്ടും തോട്ടത്തിലെത്തും. മൂന്ന് തൊഴിലാളികളും സഹായത്തിനുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് വിളവെടുപ്പ്.

തക്കാളി, വെണ്ട, പയർ, കോവൽ, ചീര, ചേന, ചേമ്പ്, പടവലം, പാവൽ, നേന്ത്രക്കായ തുടങ്ങി ചക്കവരെ ഫാദർ ഐസക്കിന്റെ തോട്ടത്തിലുണ്ട്. ജൈവവളമാണ് ഉപയോഗിക്കുന്നത്. കുളത്തിൽ പിരാന, രോഹു മത്സ്യക്കൃഷിയുമുണ്ട്. പരമ്പരാഗത കർഷക കുടുംബാംഗമായ ഫാദർ ഐസക് 25-ാം വയസിലാണ് പൗരോഹിത്യം സ്വീകരിച്ചത്. കോട്ടയം ഭദ്രാസനത്തിന് കീഴിലെ പള്ളികളിലായിരുന്നു തുടക്കം. സ്വന്തം നാടായ കണ്ടനാട്ടേക്ക് മടങ്ങിയെത്തിയപ്പോഴാണ് കൃഷിയിൽ സജീവമായത്.
കൃഷിയിടത്തിലും ദൈവസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്ന അദ്ദേഹം, കൃഷിയിൽ നിന്നുള്ള ആദായത്തിന്റെ നല്ലൊരു വിഹിതം അശരണർക്കായി മാറ്റിവയ്‌ക്കും. ഭാര്യ മേരിയും ഗവ.ആശുപത്രി ഡോക്ടറായ മകൾ സഫ്‌നയും ഐ.ടി പ്രൊഫഷണലായ മകൻ സുബിനും കൃഷിയിൽ തത്പരരാണ്.

മട്ടമ്മേൽ പുരോഹിതന്മാർ
കണ്ടനാട്ടെ പ്രശസ്തമായ മട്ടമ്മേൽ കുടുംബത്തിൽ നിന്നുള്ള 22-ാമത്തെ പുരോഹിതനാണ് ഫാദർ ഐസക്. പിതാവ് ഇസഹാക്ക് കത്തനാരും, മുത്തച്ഛനും പുരോഹിതന്മാരായിരുന്നു. യുവതലമുറയിലെ രണ്ടുപേർ കൂടി പൗരോഹിത്യം സ്വീകരിച്ചിട്ടുണ്ട്.

'ഭൂമിയെ സ്‌നേഹിക്കുക, അത് നമുക്ക് അമൃത് തരും"

- ഫാദർ ഐസക് മട്ടമ്മേൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ISSAC FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA