
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സോളാർ വൈദ്യുതിയേയും കൂടുതലായി ആശ്രയിക്കാൻ സർക്കാർ ശ്രമം. പുരപ്പുറ സോളാർ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രികാലങ്ങളിൽ ഇപ്പോൾ ഉപയോഗിക്കാനാവുന്നില്ല. സോളാർ വൈദ്യുതി സ്റ്റോറേജ് സംവിധാനമില്ലാത്തതാണ് കാരണം. അതിനാൽ നിലവിൽ നിർമ്മാണം നടക്കുന്ന ആറ് ബാറ്ററി എനർജി സ്റ്റോറേജ് (ബെസ്) സംവിധാനം കൂടാതെ സംസ്ഥാന വ്യാപകമായി കൂടുതൽ എണ്ണം സ്ഥാപിക്കാനാണ് നീക്കം.
മൈലാട്ടി (125 മെഗാവാട്ട്), മുള്ളേരിയ (15 മെഗാവാട്ട്), ശ്രീകണ്ഠപുരം (40 മെഗാവാട്ട്), അരീക്കോട് (30 മെഗാവാട്ട്),പോത്തൻകോട് (40 മെഗാവാട്ട്), ബ്രഹ്‌മപുരം (250 മെഗാവാട്ട്) എന്നിവിടങ്ങളിലാണ് ബെസ് നിർമ്മാണം നടക്കുന്നത്. 3000 കോടിയാണ് ആകെ മുതൽമുടക്ക്. കൂടാതെ കെ.എസ്.ഇ.ബിയുടെ വിവിധ ജില്ലകളിലെ ഭൂമി പ്രയോജനപ്പെടുത്തി കൂടുതൽ ബെസ് സ്ഥാപിക്കും.
എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. കോഴിക്കോട് ഡീസൽ നിലയത്തിന്റെ ഭൂമിയിലടക്കം കൂടുതൽ ബെസ് സ്ഥാപിക്കാനാകും. ജലാശയങ്ങളിലെ ഫ്ളോട്ടിംഗ് സോളാർ പ്ളാന്റുകളും വ്യാപിപ്പിക്കും. ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഉത്പാദനം കൂട്ടലും പുതിയവ സ്ഥാപിക്കലും എളുപ്പമല്ലെന്നു കണ്ടാണ് സോളാർ സാദ്ധ്യത വ്യാപകമാക്കാനുള്ള ശ്രമം. ആണവനിലയ ചർച്ചകൾ ഉയർന്നെങ്കിലും എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുന്നതല്ലെന്ന വിലയിരുത്തലുണ്ട്.
കേന്ദ്ര സഹായം തേടും
1. കേന്ദ്രത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) പ്രയോജനപ്പെടുത്തി കൂടുതൽ ബെസ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം കെ.എസ്.ഇ.ബി കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു.
2. കായംകുളം താപനിലയത്തോടനുബന്ധിച്ച് എൻ.ടി.പി.സി സ്ഥാപിക്കുന്ന ബെസും വൈകാതെ യാഥാർത്ഥ്യമാകും. കെ.എസ്.ഇ.ബിയുമായി ചർച്ചകൾ അവസാനഘട്ടത്തിലാണ്.
ആകെ സോളാർ വൈദ്യുതി ഉത്പാദനം- 2404.20 മെഗാവാട്ട്
പി.എം സൂര്യഘർ പദ്ധതി വഴി ഉത്പാദനം- 2037 മെഗാവാട്ട്
ഗ്രൗണ്ട് മൗണ്ടഡ് സോളാർ- 342.27 മെഗാവാട്ട്
ഓഫ് ഗ്രിഡ് സോളാർ- 24.93 മെഗാവാട്ട്
The Kerala government is increasing its reliance on solar power to address the state's electricity shortage. However, electricity generated through rooftop solar systems cannot currently be stored and used during nighttime, posing a key challenge.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |