പത്തനംതിട്ട: കുത്തരിയുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് വിലയിലെ വൻ വർദ്ധന. ചില്ലറ വില്പന ഒരു കിലോഗ്രാമിന് 60 രൂപ കടന്നു. ഈ മാസം കിലോഗ്രാമിന് അഞ്ച് മുതൽ പത്ത് രൂപയുടെ വരെ വർദ്ധന ഉണ്ടായി. പായ്ക്കറ്റ് അരിയുടെ വിലയിലും വലിയ വർദ്ധനയുണ്ട്.
പച്ചക്കറിക്കും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും വില വർദ്ധിച്ചതിനൊപ്പം കുത്തരിയുടെ വിലയും കുതിച്ചുയരുന്നത് സാധാരണക്കാരെയാണ് ബാധിക്കുന്നത്. വെള്ള അരിയുടെ വിലയിൽ നിലവിൽ വർദ്ധനയില്ലെങ്കിലും വരും ദിവസങ്ങളിൽ വില കൂടുമെന്ന് വ്യാപാരികൾ പറയുന്നു. റേഷൻ കടകളിലും കുത്തരിക്ക് നിയന്ത്രണമുണ്ട്.
മാസങ്ങളായി 50- 52 രൂപയിൽ നിലനിന്നിരുന്ന ഒരു കിലോഗ്രാം കുത്തരിക്ക് ഈ മാസം പത്ത് രൂപയുടെ വർദ്ധനയുണ്ടായി. ഇന്നലെ വിപണിയിൽ 60 - 62 രൂപയ്ക്കായിരുന്നു ചില്ലറ വില്പന. പ്രധാന കമ്പനികളുടെ പായ്ക്കറ്റ് അരിയ്ക്കും 40-50 രൂപയുടെ വർദ്ധന ഉണ്ടായിട്ടുണ്ട്. പുതിയായി എത്തിയ രണ്ട് കിലോഗ്രാമിന്റെ പായ്ക്കറ്റിന് 132 ൽ നിന്ന് 158 ആയും അഞ്ച് കിലോ പായ്ക്കറ്റിന് 390 രൂപയിൽ നിന്നും 443 ആയും പത്ത് കിലോ പായ്ക്കറ്റിന് 690 ൽ നിന്നും 766 ആയും വില വർദ്ധിച്ചു. ഇത് പായ്ക്കറ്റിലെ എം.ആർ.പി ആണെന്നും ഇതിൽ കുറച്ചാണ് പായ്ക്കറ്റ് വില്പന നടത്തുന്നതെന്നും വ്യാപാരികൾ പറഞ്ഞു.
ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് അരിയെത്തുന്നത്. അവിടെ നെല്ലിന്റെ വില കൂടിയതാണ് വർദ്ധവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഇതിന് ആനുപാതികമായി കേരളത്തിലെ വിലയിലും മാറ്റമുണ്ടായി. . പ്രതികൂല കാലാവസ്ഥ കാരണം പത്തനംതിട്ട ജില്ലയിലെ പ്രധാന നെല്ല് ഉത്പാദന കേന്ദ്രങ്ങളിലൊന്നും ഇത്തവണ ചിങ്ങക്കൃഷി ഇറക്കാനും കഴിഞ്ഞിട്ടില്ല.
@ അഞ്ച് വർഷത്തിനിടെ അരിവില 60 കടക്കുന്നത് ഇപ്പോഴാണ്. 2021 ൽ ഒരു കിലോഗ്രാം അരിയുടെ വില 44 രൂപയായിരുന്നു.
@ അന്ന് ആന്ധ്രയിൽ കനത്ത മഴയെ തുടർന്ന് നെൽ കൃഷി നശിച്ചപ്പോഴാണ് 34 രൂപയിൽ നിന്നും 44 ആയി വില ഉയർന്നത്.
@ പിന്നീടിങ്ങോട്ട് 44 മുതൽ 52 രൂപ വരെ വില മാറിമറിഞ്ഞു .
@ ഈ മാസമാണ് വീണ്ടും അരിവില ഒറ്റയടിക്ക് പത്ത് രൂപ ഉയർന്ന് അറുപതിൽ എത്തിയത്.
അയൽ സംസ്ഥാനങ്ങളിൽ കുത്തരി നെല്ലിന് ക്ഷാമം നേരിടുന്നതാണ് വില വർദ്ധനവിന് കാരണം. ലോഡ് വരുന്നതിലും കുറവുണ്ട്. ഈ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ വീണ്ടും വിലകൂടും.
മുഹമ്മദ് ഇസ്മായിൽ (പത്തനംതിട്ടയിലെ മൊത്തവ്യാപാരി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |