
തിരുവനന്തപുരം: എപ്പോൾ വേണമെങ്കിലും പെരുവഴിയിലാവുന്ന പഴകിയ പൊലീസ് വാഹനങ്ങളുടെ ഓട്ടപ്പാച്ചിലിന് അറുതിയാവുന്നു. 45കോടി രൂപ ചെലവിട്ട് 350വാഹനങ്ങൾ വാങ്ങാൻ ഉടൻ ടെൻഡർ വിളിക്കും. ഉന്നത ഉദ്യോഗസ്ഥർക്കായി 10 ഇന്നോവയും മറ്റുള്ളവർക്കായി 340ജീപ്പുമാണ് വാങ്ങുന്നത്. പ്ലാൻഫണ്ടുപയോഗിച്ചാണ് പർച്ചേസ്. സ്റ്റേഷനുകൾക്കും കൺട്രോൾ റൂമുകൾക്കുമായിരിക്കും മുൻഗണന. സ്റ്റേഷനുകളിലും പട്രോളിംഗിനുമുള്ള പൊലീസ് വാഹനങ്ങളുടെ സ്ഥിതി പരിതാപകരമാണെന്ന് 'കേരളകൗമുദി' നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
15വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും ഘട്ടംഘട്ടമായി നിറുത്തലാവും. സർക്കാർ വാഹനങ്ങളുടെ കാലാവധി 15ൽനിന്ന് 20 വർഷമാക്കി ഉയർത്തിയ സംസ്ഥാനസർക്കാരിന്റെ തീരുമാനം കേന്ദ്രം തള്ളിയിരുന്നു. ഇതോടെയാണ് പ്ലാൻഫണ്ടുപയോഗിച്ച് വാഹനങ്ങൾ വാങ്ങാൻ പൊലീസ് മേധാവി റവാഡചന്ദ്രശേഖർ ആഭ്യന്തരവകുപ്പിന് ശുപാർശ നൽകിയത്. ഇത് സർക്കാർ അംഗീകരിച്ചു. എസ്.എച്ച്.ഒമാർക്ക് താരതമ്യേന പുതിയ വാഹനംകിട്ടും. ജീപ്പുകൾ, കാറുകൾ, വാനുകൾ, ബസുകൾ, കൺട്രോൾറൂം, പട്രോളിംഗ് വണ്ടികൾ, ഇരുചക്രവാഹനങ്ങൾ എന്നിവയടക്കം ആറായിരത്തോളം വാഹനങ്ങളാണ് നിലവിൽ പൊലീസിനുള്ളത്.
തൂഫാന് 55വാഹനം
ഓപ്പറേഷൻ തൂഫാൻ ലഹരിവേട്ടയ്ക്ക് 55സബ്ഡിവിഷനുകളിൽ പ്രത്യേകസംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഇവർക്കായി 55വാഹനങ്ങൾ പൊലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ടുപയോഗിച്ച് വാങ്ങും. ഇതിന്റെ പർച്ചേസ് നടപടികൾ പൂർത്തിയായി.
''കാലാവധി കഴിഞ്ഞ വാഹനങ്ങൾ മാറ്റി പുതിയവ നൽകും. സ്റ്റേഷനുകൾക്ക് മുൻഗണന നൽകും. എല്ലാജില്ലകളിലേക്കും പുതിയ വാഹനങ്ങൾ നൽകും
-റവാഡ ചന്ദ്രശേഖർ
പൊലീസ് മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |