SignIn
Kerala Kaumudi Online
Friday, 26 June 2026 1.27 AM IST

ഗോളെന്നു പറഞ്ഞാലെന്റണ്ണാ, അത് റോണാൾഡോ ഗോൾ; റോണാൾഡോയുടെ വീര കഥ കഥാപ്രസംഗമായി

aa

തിരുവനന്തപുരം: ''ഗോൾ മുഖത്ത് ഫ്രീക്കിക്കെടുക്കാൻ റൊണാൾഡോ നിൽക്കുന്നു. ഗ്യാലറി ആർപ്പുവിളിക്കുന്നു. എല്ലാ കണ്ണുകളും ക്രിസ്റ്റ്യാനോയിൽ. അവൻ കാണുന്നത് രണ്ടേ രണ്ടു കാര്യം. ഒന്ന് ഗോൾ പോസ്റ്റ്. രണ്ട് ഗോളി...""

ഫുട്ബാൾ ലൈവ് കമന്ററി അല്ലിത്. കഥാപ്രസംഗമാണ്. കഥ പറയുന്നത് കാഞ്ചിയോട് ജയൻ. പോർച്ചുഗൽ ഫുട്ബാൾ കിംഗ് റോണാൾഡോയുടെ കഥ. ''അവൻ കണ്ണടച്ചു. മൂന്നുപ്രാവശ്യം ശ്വാസമെടുത്തു. സർവശക്തിയും സംഭരിച്ച് മുന്നോട്ടുകുതിച്ചു. റോക്കറ്റ് വേഗത്തിൽ പന്ത് ഗോൾവലയിൽ തറച്ചു""

പശ്ചാത്തലമേളം ഉച്ചത്തിലായി. പിന്നാലെ പാട്ടും...

''ഗോളെന്നു പറഞ്ഞാലെന്റണ്ണാ,

ഒന്നൊന്നര ഗോളാണന്റമ്മോ!""

ആകാശവാണി ശ്രോതാക്കൾക്ക് സുപരിചിതനാണ് കാഞ്ചിയോട് ജയൻ. മൂന്നുവർഷം മുമ്പ് വിരമിച്ചു. തിരുവനന്തപുരം നിലയത്തിലെ 'പുലർവെട്ടം" ജയൻ അവതരിപ്പിക്കുമ്പോൾ അവസാനിപ്പിക്കുന്നത് ഒരു ഗുണപാഠം പറഞ്ഞു കൊണ്ടായിരിക്കും. ഒരിക്കൽ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് പറ‌ഞ്ഞു. 'ഫീസ് കൊടുക്കാൻ നിവൃത്തിയില്ലാതെ അഞ്ചാം ക്ലാസിൽ പഠനം നിറുത്തിയ റോണോ അഞ്ചു വർഷം കഴിഞ്ഞ് തിരിച്ചെത്തി അതേ സ്‌കൂൾ വിലയ്ക്കുവാങ്ങി. അന്ന് അവനെ ആക്ഷേപിച്ച് ഇറക്കിവിട്ട ടീച്ചർ അപ്പോഴും അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു."

കുട്ടിക്കാലത്ത് പട്ടിണി കിടന്നിട്ടുള്ള റോണോ വൻ ധനികനായപ്പോൾ പാവപ്പെട്ടവരെ സഹായിക്കുന്ന റൊണാൾഡോ ആയി.

ആര്യങ്കാവ് സ്വദേശിയായ ജയൻ 13-ാം വയസുമുതൽ വേദികളിൽ കഥാപ്രസംഗം അവതരിപ്പിക്കുമായിരുന്നു. ഇപ്പോൾ തന്റെ ഉടമസ്ഥതയിലുള്ള കാഞ്ചീരവം ഓൺലൈൻ റേഡിയോ വഴിയാണ് അവതരണം.

ക്രിസ്റ്റ്യാനോയുടെ കളിയുള്ള ദിവസങ്ങളിൽ രാത്രി 9നാണ് 'ദ വൺ ആൻഡ് വൺളി സി.ആർ 7! അഥവാ ക്രിസ്റ്റ്യാനോ റോണാൾഡോ" കഥാപ്രസംഗം പ്രക്ഷേപണം ചെയ്യുന്നത്. ഇപ്പോൾ പേയാട് 'കാഞ്ചീരവം" ആണ് ജയന്റെ വിലാസം. ഭാര്യ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ ഷെർലി. മക്കൾ: നിധീഷ് ജയൻ, കാ‌ഞ്ചന ജയൻ.

കഥാപ്രസംഗത്തിന്റെ ഉപസംഹാരം

''ഭൂഖണ്ഡങ്ങൾ ഏഴ്

അത്ഭുതങ്ങൾ ഏഴ്

സ്വരങ്ങൾ ഏഴ്

മഴവില്ലിന് നിറം ഏഴ്

സ്വർഗത്തിൽ നല്ലത് ഏഴാം സ്വർഗം

ഫുട്ബാളിൽ നല്ലത് ഏഴാം നമ്പർ

അതെ സി.ആർ 7""

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RONALDO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA