SignIn
Kerala Kaumudi Online
Friday, 07 August 2026 2.00 AM IST

കാവേരി ജലത്തിൽ നമുക്കുമുണ്ട് അവകാശം കിട്ടും, 30 ടി.എം.സി വെള്ളം ജലസ്ഥിതി മെച്ചമായതിനാൽ ആശ്രയിക്കുന്നില്ല

READ ENGLISH VERSION
k

കൊച്ചി: കാവേരി നദീജലം സംബന്ധിച്ച് കർണാടകയും തമിഴ്നാടും തർക്കം തുടരുന്നതിനിടെ വിഷയത്തിൽ സംയമനം പാലിച്ച് കേരളം. സുപ്രീംകോടതിയുടെയും കാവേരി ട്രൈബ്യൂണലിന്റെയും വിധിപ്രകാരം പ്രതിവർഷം നദിയിലെ 30 ടി.എം.സി ജലം കേരളത്തിനു അവകാശപ്പെട്ടതാണ്. സംസ്ഥാനത്തെ ജലസ്ഥിതി താരതമ്യേന മെച്ചമായതിനാൽ വിഷയത്തിൽ തർക്കത്തിനു മുതിരാറില്ല. കർണാടക സ്വമേധയാ വെള്ളം നൽകാറുമില്ല.

19-ാം നൂറ്റാണ്ടിൽ മൈസൂരു രാജവംശത്തിന്റെ കാലത്ത് ആരംഭിച്ച ജലത്തർക്കം, 2007ൽ കാവേരി ട്രൈബ്യൂണലിന്റെ അന്തിമ ഉത്തരവോടെയാണ് അവസാനിച്ചത്. വീതം വയ്ക്കേണ്ട ജലം 740 ടി.എം.സി എന്ന് ട്രൈബ്യൂണൽ കണക്കാക്കി. തമിഴ്നാടിനു 419 ടി.എം.സി, കർണാടകയ്ക്ക് 270, കേരളത്തിനു 30, പുതുച്ചേരിക്ക് 7, പരിസ്ഥിതി ആവശ്യത്തിനു 14 എന്നിങ്ങനെ വിഭജിച്ചു.

ട്രൈബ്യൂണൽ ഉത്തരവ് 2018ൽ സുപ്രീംകോടതി പരിഷ്കരിച്ചു. തമിഴ്നാടിന്റെ വിഹിതം 14.75 ടി.എം.സി വെട്ടിക്കുറച്ച് കർണാടകയ്ക്ക് നൽകി. കർണാടക മറ്റുള്ളവർക്ക് വിട്ടുനൽകേണ്ടത് 177.25 ടി.എം.സിയായി പുനർനിർണയിച്ചു. എന്നാൽ കേരളത്തിന്റെ വിഹിതത്തിൽ മാറ്റം വരുത്തിയില്ല. 99.8 ടി.എം.സിയാണ് കേരളം ചോദിച്ചിരുന്നത്. ഭാവിയിൽ ജലദൗർലഭ്യം രൂക്ഷമായാൽ സംസ്ഥാനത്തിനു കാവേരി ജലത്തെ ആശ്രയിക്കേണ്ടിവന്നേക്കും.

കാവേരീതടം

പശ്ചിമഘട്ടത്തിൽ ഉത്ഭവിച്ച് ബംഗാൾ ഉൾക്കടലിൽ ചേരുന്നു. പ്രധാനമായും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെയാണ് ഒഴുകുന്നത്. നീളം 800 കിലോമീറ്റർ. കേരളത്തിൽ നിന്ന് കിഴക്കോട്ടൊഴുകുന്ന കബനിയും ഭവാനിയും പാമ്പാറും കാവേരിയുടെ പോഷകനദികളാണ്. ഇതിനു ആനുപാതികമായാണ് ജലവിഹിതം അനുവദിച്ചത്. കൃഷ്ണരാജസാഗർ, കബനി റിസർവോയറുകൾ വഴിയാണ് ജലവിതരണം.

ടി.എം.സി

ഒരു ടി.എം.സി (തൗസന്റ് മില്യൻ ക്യുബിക് ഫീറ്റ്) എന്നാൽ നൂറുകോടി ഘനയടി വെള്ളം. ഒരു ടി.എം.സി ജലം ഉപയോഗിച്ച് 10,000 ഏക്കർ കൃഷിക്ക് ഒരു സീസണിൽ ജലസേചനം ചെയ്യാം. 10 ലക്ഷം ജനങ്ങളുള്ള നഗരത്തിനു 7 മാസം ഉപയോഗിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAVERY WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA