
തിരുവനന്തപുരം: കവടിയാറിന് സമീപം ഉന്തുവണ്ടിക്ക് ചുറ്റും ആൾക്കാർ. എൽ.ഇ.ഡി വെട്ടത്തിൽ തച്ച് എന്ന അക്ഷരം തിളങ്ങി നിന്നു. ഉന്തുവണ്ടിയിൽ വിവിധ സൈസിലെ ടീ ഷർട്ടുകൾ. ഇഷ്ടമുള്ളത് തിരഞ്ഞെടുത്താൽ ഇഷ്ടപ്പെട്ട ഏതു ഡിസൈനും പ്രിന്റ് ചെയ്തുതരും. തിരുവനന്തപുരം മരുതംകുഴി സ്വദേശികളുമായ ജി.എസ്.ജിത്തുവിന്റെയും (28), വിഷ്ണു ഗിരിജഗോപാലിന്റെയും (28) സംരംഭം. ബി.ടെക്കുകാരാണ് ഇരുവരും.
വിനോദസഞ്ചാരികളെ കൂടി ലക്ഷ്യം വച്ച് തെരുവ് കച്ചവടത്തിന് പുതുമുഖം നൽകുകയാണിവർ. മോഹൻദാസ് എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ ബിരുദം കഴിഞ്ഞിറങ്ങിയപ്പോൾ തോന്നിയ ആശയം. 'തച്ച് ഓൺ വീൽസ് " എന്ന സ്റ്റാർട്ടപ്പ് 15,000 രൂപ മുതൽ മുടക്കിൽ 2023ൽ തുടങ്ങി. ഇപ്പോൾ, മാസം ആയിരങ്ങൾ വരുമാനം.
ഡിസൈൻ ഡിസ്‌പ്ളേ ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണം ഉന്തുവണ്ടിയിൽ വച്ചിട്ടുണ്ട്. പ്രിന്റിംഗ് ജോലികൾ ചെയ്യുന്നത് വഴുതക്കാടുള്ള ഓഫീസിലാണ്. നേരിട്ടോ, കൊറിയർ വഴിയോ അയച്ചുനൽകും. 600 മുതൽ 1,200 രൂപ വരെ വരും ഒരു ടീ ഷർട്ടിന്. തുണിയുടെ ഗുണമേന്മയനുസരിച്ച് വില.
ആദ്യം തമിഴ്നാട്ടിൽ നിന്ന് ടീഷർട്ട് ഒരുമിച്ച് വാങ്ങുകയായിരുന്നു. ഇപ്പോൾ, ഈറോഡിൽ ഫാക്ടറി പാട്ടത്തിനെടുത്ത് ഷർട്ട് തയ്യാറാക്കുന്നു. ദുബായ്, യു.കെ, ജർമ്മനി, പോളണ്ട്, കാനഡ, റഷ്യ, സ്വീഡൻ എന്നീ രാജ്യങ്ങളിലേക്കും ടീഷർട്ട് കയറ്റി അയയ്ക്കുന്നു.
രണ്ട് ലക്ഷം ചെലവഴിച്ച് ഉന്തുവണ്ടിയിൽ സോളാർ പാനൽ സ്ഥാപിച്ചു. മൂന്നു വണ്ടികളിൽ രണ്ടെണ്ണം ഫെബ്രുവരിയിൽ കവടിയാറിലും കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപവും സ്ഥാപിച്ചു. എന്നാൽ, തെരുവ് കച്ചവടത്തിന് എതിരെയുള്ള നഗരസഭാ നടപടി ഇവർക്കും പ്രശ്നമായി. വെൺപാലവട്ടം കിംസിന് സമീപത്തേക്ക് മാത്രമായി പ്രവർത്തനം കേന്ദ്രീകരിക്കാനാണ് ശ്രമം.
എൻ.ഐ.ടി മുതൽ
ചലച്ചിത്ര മേള വരെ
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (എൻ.ഐ.ടി) സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ സാംസ്കാരിക പരിപാടിയായ 'രാഗ'ത്തിനായി അയ്യായിരത്തിലധികം ടീ ഷർട്ട് നിർമ്മിച്ചു. സ്റ്റാർട്ട് അപ്പ് മിഷന്റെ ഹഡിൽസ് കേരളയുടെ 2023ലെ പരിപാടിക്കായും നിർമ്മിച്ചു നൽകി. 2024ലെ ഐ.എഫ്.എഫ്.കെയ്ക്കായി ആയിരം ഓവർക്കോട്ട് തയ്യാറാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |