
കൊച്ചി: സംസ്ഥാനത്തെ ബാർബർമാരും ബ്യൂട്ടീഷ്യന്മാരും 'മുടിക്കെണി"യിൽ കുരുങ്ങി വശംകെടുന്നു. ബാർബർ ഷോപ്പ്, ബ്യൂട്ടിപാർലർ ലൈസൻസിനും അത് പുതുക്കാനും മുടി എന്തുചെയ്യുന്നുവെന്ന് വ്യക്തമാക്കണം. മാലിന്യ സംസ്കരണത്തിന് 1200 മുതൽ 2400 വരെ രൂപ വരെ യൂസേഴ്സ് ഫീ മുൻകൂറായി തദ്ദേശസ്ഥാപനങ്ങളിൽ നൽകുകയും വേണം. എന്നാൽ, ഹരിതകർമ്മസേന മുടി എടുക്കില്ല. അന്യസംസ്ഥാനക്കാരായ ആക്രിക്കാരെയാണ് മിക്ക സ്ഥാപനങ്ങളും ആശ്രയിക്കുന്നത്. അവർക്ക് പണംനൽകി മുടി കൊടുത്തുവിടും. അവർ ഇത് വിജനപ്രദേശങ്ങളിലും ജലസ്രോതസുകളിലും ഉപേക്ഷിക്കുകയൊ അശാസ്ത്രീയമായി സംസ്കരിക്കുകയൊ ആണ് ചെയ്യുന്നത്.
ബാർബർ ഷോപ്പ് ഉടമകളുടെ അസോസിയേഷൻ സർക്കാരിന് നിരവധി നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. സംസ്ഥാനത്ത് നാലു ലക്ഷത്തിലേറെ ആളുകളുടെ ഉപജീവനമാർഗമാണ് ബാർബർ, ബ്യൂട്ടീഷ്യൻ തൊഴിൽ.
മുടി മാലിന്യമല്ല
മുടി സംസ്കരിക്കാൻ കേരളത്തിൽ വകുപ്പില്ലെന്നാണ് മലിനീകരണ നിയന്ത്രണബോർഡിന്റെയും ഹരിതകേരള മിഷന്റെയും നിലപാട്. മുടി മാലിന്യമായി അംഗീകരിക്കാത്തതാണ് കാരണം. മുടി എടുക്കുന്നതിന് അടുത്തിടെ താത്പര്യപത്രം ക്ഷണിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ലെന്നാണ് ഹരിതകേരള മിഷന്റെ വിശദീകരണം. എന്നാൽ, രണ്ട് ഏജൻസികളുടെ അപേക്ഷകൾ വർഷങ്ങളായി മിഷന്റെ മുന്നിലുണ്ടെന്നാണ് വിവരം.
മുടി കയറ്റുമതിയിൽ മുന്നിൽ
വിഗ്ഗിനും മറ്റും ഉപയോഗിക്കാനായി ഏറ്റവുമധികം മുടി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ബാർബർ ഷോപ്പുകളിലെ മുടി ഈ ഉപയോഗത്തിന് യോജിക്കാത്തതിനാൽ കയറ്റുമതിക്കാർക്ക് വേണ്ട. 2024-25 ൽ നീളമുള്ള മുടി കയറ്റുമതിയിൽ ഇന്ത്യൻ കമ്പനികൾ നേടിയത് 17.2 ദശലക്ഷം ഡോളറാണ്. പ്രധാന വിപണികൾ: മ്യാൻമർ, ബംഗ്ലാദേശ്, യു.എ.ഇ.
ഞങ്ങളുടെ നിലനില്പിനുവേണ്ടി സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചെറുവിരൽപോലും അനക്കുന്നില്ല'.
- സി.ടി. മുരളീധരൻ,
പ്രസിഡന്റ്, ആൾ ഇന്ത്യ ബാർബർ ബ്യൂട്ടീഷ്യൻ തൊഴിലാളി അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |