SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

തൃശൂർ ഗഡികളുടെ കരിക്ക് മാജിക്: 'വേര്" കുടിക്കാം ദാഹമകറ്റാം

ver

തിരുവനന്തപുരം: കരിക്കിൻ വെള്ളം പഴം സത്തുചേർത്ത് ശീതളപാനീയമാക്കി നാലു സുഹൃത്തുക്കൾ നടത്തിയ പരീക്ഷണം വിജയ സംരംഭമായി. മണ്ണിൽ നിന്നുള്ള തുടക്കമായതിനാൽ 'വേര്" എന്ന പേരും നൽകി. തൃശൂർ പൂരത്തിന്റെ ആരവങ്ങൾക്കിടയിൽ ദാഹമകറ്റാൻ പലർക്കും ആശ്രയയമായത് വേര്.

പഞ്ചസാരയും രാസവസ്തുക്കളും നിറഞ്ഞ കോളകൾക്കും മറ്റു ശീതളപാനീയങ്ങൾക്കും പകരമായി പ്രകൃതിയുടെ രുചിമാത്രമുള്ള പാനീയം. അതായിരുന്നു അവരുടെ സ്വപ്നം. കരിക്കിൻ വെള്ളത്തിൽ പഴവർഗങ്ങൾ ചേർത്തുള്ള പരീക്ഷണം നാലുപേരും അവരവരുടെ വീടുകളിൽ ആദ്യം നടത്തി. മുസമ്പിയും മാമ്പഴവും അവക്കാഡോയുമെല്ലാം തനതു രുചിയായി. രുചിച്ചവരെല്ലാം നല്ല അഭിപ്രായം പറഞ്ഞതോടെ ഇതുതന്നെയാണ് തങ്ങളുടെ വഴിയെന്ന് തീരുമാനിച്ചു. ഇപ്പോൾ തൃശൂരിലാണ് വില്പനയെങ്കിലും വിപുലീകരിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്.

 സ്വപ്ന സാഫല്യത്തിന് നാലുപേർ ഒന്നിച്ചു

പൂമല സ്വദേശികളായ നാലു സുഹൃത്തുക്കൾ പല തൊഴിൽ മേഖലകളിലേക്ക് വഴിതിരിഞ്ഞെങ്കിലും സ്വന്തം സംരംഭത്തിനായി ഒത്തുകൂടുകയായിരുന്നു. ബി.ടെക് കഴിഞ്ഞ് ബയോമെഡിക്കൽ മേഖലയിൽ ജോലി ചെയ്തിരുന്ന പി.പ്രണവ്, ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന ബി.കോം ബിരുദധാരിയായ അരുൺ.എം.ആർ, പത്താം ക്ലാസുവരെ പഠിച്ച ഋഷികേശ്.പി.ഡി, ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന സാൻഡ്ര ബാബു എന്നിവരുടേതാണ് ഈ കൂട്ടായ്മ.

മിനലൂരിലാണ് ഉത്പാദന കേന്ദ്രം. നഴ്സറിയോട് ചേർന്ന് ഗാർഡൻ കഫേയുടെ നിർമ്മാണത്തിലാണ് ടീം. പ്രിസർവേറ്റീവ്സ് ചേർക്കാത്തതിനാൽ രാവിലെ തയ്യാറാക്കി പൂജ്യം മുതൽ നാലുഡിഗ്രി വരെ തണുപ്പിൽ സൂക്ഷിക്കുന്ന പാനീയം പന്ത്രണ്ട് മണിക്കൂർ വരെ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. നൂറു രൂപയാണ് വില.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA