SignIn
Kerala Kaumudi Online
Thursday, 23 July 2026 2.03 AM IST

പ്രാർത്ഥനയിൽ തെളിയും , ഫാദർ ക്യാൻവാസി​ലാക്കും

padam

കൊച്ചി: മുഖത്തല സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. മാത്യു ടി. ജോർജി​ന് ചിത്രരചന വെറുമൊരു വിനോദമല്ല, ആത്മീയതയും കലയും ചേരുന്ന ജീവിതചര്യയാണ്. പ്രാർത്ഥനാ നിമിഷങ്ങളിൽ മനസിൽ തെളിയുന്ന ദിവ്യരൂപങ്ങളാണ് പ്രധാനമായും ഒഴിവുസമയങ്ങളിൽ കാൻവാസിലേക്ക് പകർത്തുന്നത്. ഒരു പതിറ്റാണ്ടിനിടെ ജിനു തലവൂർ എന്ന തൂലികാ നാമത്തിൽ ഫാദർ വരച്ച മുന്നൂറിലധികം ചി​ത്രങ്ങൾ വി​വി​ധ പള്ളികളിൽ ഇടം പിടിച്ചു. കൊല്ലം തലവൂർ സ്വദേശിയാണ്. പഠനകാലത്ത് പെൻസിൽ ഡ്രോയിംഗിൽ ധാരാളം സമ്മാനങ്ങൾ നേടി. കലാജീവിതത്തിൽ വഴിത്തിരിവായത് 2009ൽ കോട്ടയം പഴയ സെമിനാരി പഠനകാലത്ത് ഓയിൽ പെയിന്റിംഗിലേക്ക് കടന്നതാണ്. ''ചിത്രരചനയിൽ ശാസ്ത്രീയമായ പരിശീലനമൊന്നും നേടിയിട്ടില്ല. വരച്ച് വരച്ച് വശത്താക്കി"- ഫാ. മാത്യു ടി. ജോർജ് പറഞ്ഞു. ക്രിസ്തുദേവൻ, പുണ്യവാളന്മാർ, പരിശുദ്ധ ബാവമാർ എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് കൂടുതലും. ചലച്ചിത്ര താരങ്ങളും ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുമെല്ലാം ഫാദറിന്റെ കാൻവാസിൽ വിരിഞ്ഞിട്ടുണ്ട്. നടുത്തേരി എബനേസർ ഭവനിൽ തങ്കച്ചൻ-എൽസി ദമ്പതികളുടെ മകനാണ്. ഐ.ടി പ്രൊഫഷണലായ ഭാര്യ ജിൻസിയും മകൾ ജെർഷയും സഹോദരി ജീനയും ചിത്രരചനയിൽ ഫാദറിന് തുണയാണ്.

 പള്ളികൾ കൈക്കുമ്പിളിൽ


കൊല്ലം ഭദ്രാസനത്തിന് കീഴിലുള്ള പള്ളികളിലാണ് ഫാദർ സേവനം അനുഷ്ഠിച്ചിട്ടുള്ളത്. ഈ പള്ളികളുടെയെല്ലാം മിനിയേച്ചറുകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. കൃത്യമായ അളവിൽ രൂപഘടനയിൽ പോരായ്മ വരാതെയാണ് ശില്പകല. മുഖത്തല സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയുടെ മിനിയേച്ചർ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പിലാണ് ഫാദർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARTIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA