SignIn
Kerala Kaumudi Online
Tuesday, 30 June 2026 1.42 AM IST

സർട്ടിഫിക്കറ്റിനായി നനഞ്ഞത് മൂന്ന് മണിക്കൂർ: ജാഷ്‌ണവി മറക്കില്ല കേരള പൊലീസിനെ

READ ENGLISH VERSION
padam

കൊച്ചി: എൽ.എൽ.ബി എൻട്രൻസ് പരീക്ഷ എഴുതാനാണ് ആന്ധ്രയിൽ നിന്ന് ജാഷ്ണവി കാട്ട കേരളത്തിലെത്തിയത്. ഒപ്പം അമ്മ ലളിതാ റാണിയും. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോൾ സർട്ടിഫിക്കറ്രടങ്ങിയ ബാഗ് സ്വകാര്യ ബസിൽ നഷ്ടമായി. വിവരമറിഞ്ഞ രണ്ടു പൊലീസുകാരും ഒരു ഹോംഗാർഡും മൂന്ന് മണിക്കൂർ മഴ നനഞ്ഞ് 100 ലധികം ബസുകൾ കയറിയിറങ്ങി. ബാഗ് കണ്ടെത്തി ആ പതിനേഴുകാരിക്ക് നൽകി.

ഞായറാഴ്ചയായിരുന്നു സംഭവം. രാവിലെ 10.30ന് കാക്കനാട് രാജഗിരി കോളേജിലായിരുന്നു പരീക്ഷ. ഉച്ചയ്‌ക്ക് 12 മണിക്ക് പരീക്ഷ കഴിഞ്ഞു. രാത്രി എട്ടിനാണ് മടക്കയാത്ര. അതിനാൽ ഹൈക്കോടതിയും മറൈൻ ഡ്രൈവുമെല്ലാം കാണാനിറങ്ങി. അതിനിടെ, സ്വകാര്യ ബസിൽ ഹൈക്കോടതി ജംഗ്ഷനിലെത്തി. ധൃതിയിലിറങ്ങിയപ്പോൾ സർട്ടിഫിക്കറ്റും പണവുമടങ്ങിയ ബാഗ് ലഗേജ് ക്യാരിയറിൽ വച്ച് മറന്നു.

ഓർമ്മവന്നപ്പോൾ മറ്റൊരു ബസിൽ വൈറ്റിലയിലെത്തി. ഹബ്ബിലെ ട്രാഫിക് എയ്ഡ് പോസ്റ്റിലെത്തിയെങ്കിലും ഭാഷ പ്രതിസന്ധിയായി. ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ ജോയ് ജോൺ, എ.എസ്.ഐ പി.ആർ. ജിജേഷ്, ഹോം ഗാർഡ് സബോദ് എന്നിവരാണ് ഇവിടെയുണ്ടായിരുന്നത്. അവർ എ.ഐയുടെ സഹായംതേടി.

കാര്യമറിയാൻ ജെമിനി സഹായം

ജാഷ്ണവിക്കും അമ്മയ്ക്കും ചെറുതായി ഇംഗ്ലീഷ് വശമുണ്ട്. പക്ഷേ, തെലുങ്ക് കലർന്ന ആ ഭാഷ ഗ്രഹിക്കാൻ പ്രയാസമായിരുന്നു. ഉടനെ പൊലീസ് സംഭാഷണം മൊബൈലിൽ റെക്കാർഡ് ചെയ്ത് എ.ഐ സോഫ്റ്റ്‌വെയറായ ഗൂഗിൾ ജെമിനിക്കു നൽകി. അതിലൂടെ ട്രാൻസിലേറ്റ് ചെയ്തായിരുന്നു ആശയവിനിമയം.

 തുമ്പായത് വീഡിയോ

ബസ് ടിക്കറ്റും ജാഷ്ണവി ഫോണിൽ പകർത്തിയ നാല് സെക്കൻഡ് വീഡിയോയുമായിരുന്നു ഏക സൂചന. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസ് അവധിയായതിനാൽ ടിക്കറ്റ് വഴി ബസ് കണ്ടെത്താനായില്ല. ഇതോടെ മഴയെ അവഗണിച്ചും ഓരോ ബസും പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. സമയം വൈകിയതോടെ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് ഒരുങ്ങുമ്പോഴായിരുന്നു ട്വിസ്റ്റ്. ഒരു ജീവനക്കാരൻ വീഡിയോയിലെ ബസ് തിരിച്ചറിഞ്ഞു. 'വൈറ്റിലയിൽ നിന്ന് തമ്മനം വഴിയുള്ള ഫ്രണ്ട്സ് ബസ്". ബാഗ് അതിലുണ്ടായിരുന്നു. കേരള പൊലീസിന് മനസുതൊട്ട് നന്ദി പറഞ്ഞാണ് ജാഷ്ണവി മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA