SignIn
Kerala Kaumudi Online
Saturday, 04 July 2026 7.34 PM IST

മലയാളികൾ ബീഫും മട്ടനും ആരെ വിശ്വസിച്ച് കഴിക്കും; ആരോഗ്യത്തെ ബാധിക്കുന്ന വിഷയത്തിൽ കണ്ണടച്ച് ഉദ്യോഗസ്ഥർ

beef

കാസർകോട്: കേരള-കർണ്ണാടക അതിർത്തിയിൽ മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയ മഞ്ചേശ്വരം റിണ്ടർ പെസ്റ്റ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് 'സുഖവാസം'. അതിർത്തി കടന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആടുകളും പോത്തുകളും പശുക്കളും കോഴികളും കാസർകോട് ജില്ല വഴി കേരളത്തിൽ എത്തുമ്പോഴും കഴിഞ്ഞ മൂന്ന് വർഷമായി ഒരു പരിശോധനയും ഈ പ്രധാന ചെക്ക് പോസ്റ്റിൽ നടന്നില്ല. കാസർകോട് വിജിലൻസ് സംഘം ഇന്നലെ ചെക്ക് പോസ്റ്റിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം കാസർകോട് വിജിലൻസ് യൂണിറ്റിലെ ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പരിശോധനക്ക് എത്തിയത്. അതിർത്തി കടന്ന് വരുന്ന കന്നുകാലികൾക്കും മറ്റു മൃഗങ്ങൾക്കും വാക്സിനേഷൻ നടത്തണമെന്ന് കർശനമായ നിർദ്ദേശം ഉദ്യോഗസ്ഥർ പാലിച്ചില്ല. ദേശീയപാത നിർമ്മാണത്തിന്റെ പേര് പറഞ്ഞാണ് ഉദ്യോഗസ്ഥർ കൃത്യവിലോപം കാട്ടുന്നത്.

മുമ്പ് ദേശീയപാതയ്ക്ക് അരികിലായിരുന്നു കന്നുകാലികളുടെ പരിശോധന കേന്ദ്രം. നിലവിൽ ഇത് സർവ്വീസ് റോഡരുകിലേക്ക് മാറി. എന്നാൽ 50 മീറ്റർ മാറിയാൽ ദേശീയപാതയിൽ തന്നെ പരിശോധന നടത്താൻ സാധിക്കും.പക്ഷെ ഇതിന് തയ്യാറാകാതെ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്ന വിഷയത്തിൽ പരിശോധന ഒഴിവാക്കുകയാണ് ഉദ്യോഗസ്ഥർ.

ഇന്നലെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരിശോധന ഉച്ചക്ക് ഒരു മണി വരെ നീണ്ടുനിന്നു. ക്രമക്കേടുകൾ പരിശോധിച്ച് ആവശ്യമായ നടപടി എടുക്കാൻ റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് ഇൻസ്‌പെക്ടർ അനിൽകുമാർ പറഞ്ഞു. പുത്തിഗെ കൃഷി ഓഫീസർ, വിജിലൻസ് ഉദ്യോഗസ്ഥരായ വിജീഷ്, ലിജിൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

കടക്കുന്നത് വാക്സിനേഷൻ ഇല്ലാത്ത പോത്തും കോഴിയും

ഒരു തരത്തിലുള്ള പരിശോധനയും വാക്സിനേഷനും ഇല്ലാത്ത പോത്തും കോഴിയുമാണ് ഇതുവഴി അതിർത്തി കടക്കുന്നത്. ഒരു ഗസറ്റഡ് റാങ്ക് ഓഫീസറും മൂന്ന് ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടറുമാണ് ഈ ചെക്ക് പോസ്റ്റിലുള്ളത്. രജിസ്‌ട്രേഷൻ ഇനത്തിൽ തന്നെ നല്ലൊരു തുക ഇവിടെ നിന്ന് സർക്കാരിന് ലഭിക്കേണ്ടതാണ്. 2020, 21 കൊവിഡ് കാലത്ത് ഇവിടെ നിന്ന് അര ലക്ഷം മുതൽ ഒരു ലക്ഷം വരെ വരുമാനം ലഭിച്ചിരുന്നു.

എന്നാൽ 2023, 2024, 2025 വർഷങ്ങളിൽ ഒരു കേസു പോലും ഇവിടെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. കന്നുകാലികളെയും കോഴികളെയും കടത്തിവരുന്ന വാഹനങ്ങൾ പരിശോധിക്കാതെ വിടുന്നത് വഴി പിഴ ഇനത്തിൽ സർക്കാരിലേക്ക് ലഭിക്കേണ്ടുന്ന വലിയ തുക നഷ്ടപ്പെടുന്നുവെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, BEEF, MEAT, FOOD, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA