SignIn
Kerala Kaumudi Online
Saturday, 04 July 2026 2.34 AM IST

കാഴ്‌ച പോയാലെന്താ എന്റെ ബിന്ദു ഒപ്പമില്ലേ... വെല്ലുവിളികളെ വെളിച്ചമാക്കി മാറ്റിയ ദമ്പതികൾ

pradeep

കണ്ണൂർ: ' എല്ലാം അവസാനിച്ചെന്ന് കരുതി. കൈപിടിച്ച് വെളിച്ചത്തിലേക്ക് നയിച്ചത് അവളാണ്. ക്യാൻസറിനോട് പൊരുതുമ്പോഴും അവൾ എന്റെ കാഴ്ചയും ശബ്ദവുമായി"- കണ്ണൂർ സർവകലാശാലയിലെ പി.ആർ.ഒയുടെ കസേരയിലിരുന്ന് ബി.ജെ പ്രദീപ് ഭാര്യ ബിന്ദുവിനെക്കുറിച്ച് പറയുമ്പോൾ,​ കടന്നുവന്ന ഒരു വലിയ യാത്രയുടെ കയ്പും മധുരവും അതിൽ നിറഞ്ഞു.

കാഴ്ച പരിമിതരിൽ നിന്ന് സർവകലാശാല പി.ആർ.ഒ ആകുന്ന രാജ്യത്തെ ആദ്യവ്യക്തിയാണ് പ്രദീപ്. മാദ്ധ്യമ പ്രവർത്തകനായി കരിയറിൽ തിളങ്ങിനിൽക്കുമ്പോഴാണ് പ്രദീപിന് കണ്ണിനെ ബാധിക്കുന്ന റെറ്റിനൈറ്റിസ് പിഗ്‌മെന്റോസ എന്ന രോഗമുണ്ടെന്ന് കണ്ടെത്തുന്നത്.

പതുക്കെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ആ സമയത്താണ് ബിന്ദുവിന് ക്യാൻസറാണെന്നും അറിയുന്നത്. ആകെ തകർന്ന പ്രദീപിനോട് ബിന്ദു പറഞ്ഞു,​ മുന്നോട്ട് പോകണം,​ ഒപ്പം ഞാനില്ലേ... ആ ധൈര്യത്തിലാണ് പ്രദീപ് പഠിക്കാൻ തീരുമാനിക്കുന്നത്. വേദന മറന്ന് ബിന്ദു പുസ്തകങ്ങൾ വായിച്ചുകൊടുത്തു. റെക്കാഡ് ചെയ്തുനൽകി. ആ ശബ്ദം കേട്ടുകേട്ട് പ്രദീപ് പി.എസ്.സി ഉൾപ്പെടെ മത്സരപ്പരീക്ഷകൾ ജയിച്ചു,​ ജീവിതത്തിലും. ആദ്യം പൊതുമരാമത്ത് വകുപ്പിൽ ഓഫീസ് അറ്റൻഡറായി നിയമനം. ആരോഗ്യ വകുപ്പിൽ ക്ലർക്ക്, ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ്,​ ഒടുവിൽ ഈ വർഷം സർവകലാശാലാ പി.ആർ.ഒ സ്ഥാനത്തുമെത്തി. സംസ്ഥാനത്ത് ആദ്യമായാണ് സർവകലാശാല പി.ആർ.ഒമാരെ പി.എസ്.സി വഴി നിയമിച്ചത്.

തിരുവനന്തപുരത്തെ കുറ്റിച്ചലിലാണ് പ്രദീപിന്റെ ജനനം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ ജഗദമ്മ ഡിഫ്‌ത്തീരിയ ബാധിച്ച് മരണപ്പെട്ടു. അമ്മൂമ്മ അന്നാൾ ആണ് പ്രദീപിനെയും അനുജനെയും വളർത്തിയത്. ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ ബിരുദ പഠനം. 1995-97ൽ കാര്യവട്ടം ക്യാമ്പസിൽ മാദ്ധ്യമപ്രവർത്തനം പഠിച്ചു. അന്ന് കാഴ്ചയ്ക്ക് പ്രശ്നം തോന്നിയിരുന്നെങ്കിലും കാര്യമാക്കിയില്ല. അക്കാലത്ത് കേരള കൗമുദിയിലടക്കം നിരവധി ലേഖനങ്ങൾ എഴുതി.

അപൂർവ രോഗം

അപൂർവ രോഗമാണ് റെറ്റിനൈറ്റിസ് പിഗ്‌മെന്റോസ. പാരമ്പര്യമായുമുണ്ടാകാമെന്ന് വിദഗ്ദ്ധർ പറയുന്നു. റെറ്റിനയിലെ പ്രകാശം തിരിച്ചറിയുന്ന കോശങ്ങൾ ക്ഷയിക്കുന്ന അവസ്ഥയാണിത്. വശങ്ങളിലെ കാഴ്ച കുറഞ്ഞുവരുന്നതും നിറങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകുന്നതുമൊക്കെ ലക്ഷണങ്ങളാണ്. കാഴ്ച പൂർണമായും നഷ്ടപ്പെടാം. രോഗം പൂർണമായും ഭേദമാക്കാനാകില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA