
പാലക്കാട്: പെരുമാട്ടി പ്ലാച്ചിമടയിൽ ജലചൂഷണത്തിനെതിരെ സാധാരണക്കാരുടെ ഐതിഹാസിക ചെറുത്തുനിൽപ്പുകൊണ്ട് പൂട്ടേണ്ടിവന്ന കൊക്കകോള കമ്പനി ഇപ്പോൾ സിനിമാക്കാരുടെ പ്രിയ ലൊക്കേഷൻ. ഈ ഇനത്തിൽ മാത്രം 54 ലക്ഷം രൂപയോളം സർക്കാരിന് വരുമാനവും ലഭിച്ചു. കൂടുതൽ സൗകര്യങ്ങളൊരുക്കിയാൽ മികച്ച സിനിമാചിത്രീകരണ ഇടമാക്കാമെന്ന് കാണിച്ച് റവന്യൂവകുപ്പ് സർക്കാരിന് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്.
2004ലാണ് കമ്പനി വിടവാങ്ങിയത്. 34 ഏക്കർ സ്ഥലം നീണ്ട നിയമപോരാട്ടത്തിലൂടെ റവന്യൂ വകുപ്പ് വീണ്ടെടുത്തിരുന്നു.
ഒരുസെന്റിന് പ്രതിദിനം 75 രൂപ നിരക്കിലാണ് പാട്ടത്തിന് നൽകുന്നത്.
ഒരേക്കറോളം സ്ഥലത്തുള്ള പഴയ പ്ലാന്റ് കെട്ടിടത്തിലും സമീപപ്രദേശങ്ങളിലുമാണ് സിനിമാ സെറ്റുകൾ.
ആട് 3 ഉൾപ്പെടെ ഒരുവർഷത്തിനിടെ നാല് സിനിമകളാണ് ചിത്രീകരിച്ചത്.
ആദ്യ സിനിമ ആട്-3
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 3 ആയിരുന്നു ഇവിടെ ചിത്രീകരിച്ച ആദ്യസിനിമ. ജഗതി ശ്രീകുമാർ തിരിച്ചുവരവ് നടത്തുന്ന 'വല' എന്ന സിനിമയും പുതുമുഖ താരങ്ങളുടെ ഒരു ചിത്രവും പുറത്തിറങ്ങാനുണ്ട്. കേരള - തമിഴ്നാട് അതിർത്തിപ്രദേശമായതിനാൽ ടോളിവുഡിൽ നിന്നുപോലും ലൊക്കേഷൻ തേടി സിനിമാപ്രവർത്തകർ എത്താറുണ്ടെന്ന് മൂലത്തറ വില്ലേജോഫീസർ കെ.ദേവദാസൻ പറഞ്ഞു.
ഐതിഹാസിക സമരം
കേരള - തമിഴ് നാട് അതിർത്തിക്കടുത്തുള്ള കാർഷിക ഗ്രാമമായ പ്ലാച്ചിമടയിൽ ഫാക്ടറി സ്ഥാപിക്കാൻ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് 1999 ലാണ് പെരുമാട്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുന്നത്.
2000 ത്തിൽ പഞ്ചായത്ത് ലൈസൻസ് നൽകി. പ്ലാന്റ് പ്രവർത്തനമാരംഭിച്ചതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമവും മലിനീകരണവും രൂക്ഷമായി. ആറുമാസത്തിനുള്ളിൽ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് കുറയുകയാണെന്ന് അവർ മനസിലാക്കി. ചില കിണറുകളിൽ രാസമാലിന്യം കലർന്നതോടെ ആരോഗ്യപ്രശ്നങ്ങൾ വന്നുതുടങ്ങി. വളം എന്ന പേരിൽ കോള കമ്പനി വിതരണം ചെയ്ത രാസമാലിന്യം ഉപയോഗിച്ചവർച്ച് കൃഷി മുഴുവൻ നശിച്ചു. സഹിക്കെട്ട് ജനം 2002 ഏപ്രിൽ 22 ഭൗമദിനത്തിൽ കൊക്കക്കോള വിരുദ്ധസമരം ആരംഭിച്ചു. 2004 ൽ പ്ലാച്ചിമടയിൽ സംഘടിപ്പിച്ച ലോക ജലസമ്മേളനത്തിലൂടെ സമരം കൂടുതൽ ചർച്ചയായി. 2004 ൽ ഫാക്ടറി അടച്ചുപൂട്ടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |