തിരുവനന്തപുരം: കുറച്ചുനാൾമുമ്പുവരെ മയക്കുമരുന്ന് കടത്തുപോലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതിൽ കൂടുതലും പുരുഷന്മാരായിരുന്നു. എന്നാലിപ്പോൾ കഥമാറി. പുരുഷന്മാരെ വെല്ലുന്ന രീതിയിലായാണ് സ്ത്രീകൾഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും ആസൂത്രണം ചെയ്യുന്നതും. അടുത്തിടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് അദ്ധ്യാപികമാരാണ് അറസ്റ്റിലായത്. ഇത്തരത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ യുവതികൾ എങ്ങനെ മയക്കുമരുന്ന് കടത്തുപോലുള്ള കടുത്ത കുറ്റങ്ങളിൽ അകപ്പെടുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്തൊക്കെ കാരണങ്ങൾ കൊണ്ടാവാം യുവതികൾ ഇതിലേക്ക് കടന്നുവരുന്നത്? ഈ വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രശസ്ത മനഃശാസ്ത്ര വിഗദ്ധനായ ഡോക്ടർ അരുൺ ബി നായർ കേരളകൗമുദി ഓൺലൈനോട് സംസാരിക്കുന്നു.
ലഹരി ഉപയോഗത്തിലെ സ്ത്രീ-പുരുഷ വ്യത്യാസം കുറഞ്ഞുവരികയാണ്. സ്ത്രീ ശാക്തീകരണം എന്നൊരു കാഴ്ചപ്പാട് വികസിച്ചുവരുന്നതിന്റെ ഭാഗമായി ലഹരികൾ ഉപയോഗിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികളും ഐടി പ്രൊഫഷണലുകളടക്കം ഉന്നത വിദ്യാഭ്യാസമമുള്ളവർ പോലും മയക്കുമരുന്ന് ഉപയോഗത്തിലേക്കും തുടർന്ന് മയക്കുമരുന്ന് കടത്തിലേക്കും എത്തുന്നു.
ലഹരി ഉപയോഗിക്കുന്നത് പൗരുഷത്തിന്റെ ലക്ഷണമായി ചില യുവതികളും സ്ത്രീകളും കാണുന്നു. എല്ലാത്തിനെയും എതിർക്കുക എന്നതാണ് സ്വാതന്ത്ര്യം എന്ന് അവർ തെറ്റായി വിശ്വസിക്കുന്നു. ഇവരാണ് മയക്കുമരുന്ന് കടത്തിലേക്കും ഉപയോഗത്തിലേക്കും കൂടുതലായി എത്തപ്പെടുന്നത്. കൂടാതെ വരുമാന മാർഗമായും ചിലർ മയക്കുമരുന്ന് കടത്തിനെ കണക്കാക്കുന്നുണ്ട്. ഇടനിലക്കാരായി നിന്നാൽത്തന്നെ മികച്ച വരുമാനം ലഭിക്കുന്നുണ്ട്. അക്കാരണം കൊണ്ടാണ് ഇതിൽനിന്ന് പിന്തിരിയാൻ മിക്കവരും വിമുഖത കാണിക്കുന്നത്.
രണ്ടുമൂന്നുതരത്തിലുള്ള സ്ത്രീകളാണ് മയക്കുമരുന്ന് കടത്തിലേക്ക് കടക്കുന്നതിൽ കൂടുതൽ. കുട്ടിക്കാലത്തുതന്നെ അമിത വികൃതി, എടുത്തുചാട്ടം, ശ്രദ്ധക്കുറവ് എന്നിവയുളളവർ ലഹരിക്ക് അടിമപ്പെടാനും മയക്കുമരുന്ന് കടത്തുകാരാവാനും സാദ്ധ്യത കൂടുതലാണ്. തലച്ചോറിലെ ഡോപ്പോമിന്റെ അളവിലെ വ്യത്യാസമാണ് ഇതിന് കാരണമാകുന്നത്. സാമൂഹിക ഉത്കണ്ഠ, അന്തർമുഖത്വം, പഠന വൈകല്യങ്ങൾ എന്നിവ ഉള്ളവരും ലഹരികടത്തിന്റെ ഭാഗമായി മാറാനുള്ള സാദ്ധ്യത കൂടുതലാണ്. പുരുഷന്മാരുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.
എംഡിഎംഎ പോലുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ തിരിച്ചറിയാൽ അവരുടെ സ്വഭാവം നിരീക്ഷിക്കുന്നതിലൂടെ കഴിയും. പെട്ടെന്ന് ദേഷ്യംവരിക, അമിതമായ ഊർജസ്വലത, രാത്രിയിൽ ഉറക്കം തീരെയില്ലാത്ത അവസ്ഥ, ഉറക്കമില്ലെങ്കിലും ഒട്ടും ക്ഷീണം തോന്നത്ത അവസ്ഥ തുടങ്ങിയവയൊക്കെ കാണാം. ചിലരിൽ തലച്ചോറിലെ ഡോപ്പോമിന്റെ അളവ് അമിതമായി വർദ്ധിക്കുമ്പോൾ ചെവിയിൽ ചില അശരീരികൾ കേൾക്കുക്കുന്നു എന്നും ആരൊക്കെയോ ഉപദ്രവിക്കാൻ വരുന്നു എന്ന തോന്നലും ഉണ്ടാവുന്നു. നിരന്തരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തികളിൽ അക്രമ സ്വഭാവം ഉണ്ടാവും. അത്തരക്കാരുടെ ശാരീരികരാേഗ്യത്തിനും പ്രശ്നമുണ്ടാവും.
മനഃപൂർവമായി യുവതികളെയും പെൺകുട്ടികളെയും മയക്കുമരുന്ന് കടത്തിലും ഉപയോഗത്തിലും പെടുത്താറുണ്ടെന്നാണ് പേരുവെളിപ്പെടുത്താൻ തയ്യാറാകാത്ത ഒരു എക്സൈസ് ഉദ്യോഗസ്ഥൻ പറയുന്നത്. ശരീരത്തിനുള്ളിൽ ഒളിപ്പിക്കാൻ എളുപ്പമാണ് എന്നതിനാൽ മയക്കുമരുന്ന് കടത്തിന് സ്ത്രീകൾ കൂടുതൽ സേഫ് ആയാണ് കണക്കാക്കുന്നത്. പ്രണയത്തിലൂടെയും മറ്റുമാണ് ഇവർ യുവതികളെ മയക്കുമരുന്ന് കടത്തിലേക്ക് എത്തിക്കുന്നത്. ഒരിക്കൽ പെട്ടുപോയാൽ പിന്നെ രക്ഷപ്പെടാൻ പാടാണ്. കടത്തുകാരായ യുവതികളെ മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും നിർബന്ധിച്ച് അത് ചെയ്യിക്കുകയും ചെയ്യുന്നു. അതിനാൽത്തന്നെ ഒരിക്കൽ സംഘത്തിന്റെ വലയിലായാൽ പിന്നെ രക്ഷപ്പെടുക അസാദ്ധ്യമാണ്.
Until recently, men were more commonly involved in crimes such as drug trafficking. However, the situation is changing, with more women now becoming involved in and planning such criminal activities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |